നഴ്‌സിന് അശ്ലീലസന്ദേശം അയച്ച സർക്കാർ സ്‌കൂളിലെ പ്രധാനാധ്യാപകനെ നാട്ടുകാര്‍ ക്ലാസ് മുറിയിലിട്ട് മർദിച്ചു. കര്‍ണാടക ബെലഗാവിയിലെ സര്‍ക്കാര്‍ പ്രൈമറി സ്‌കൂള്‍ പ്രധാനാധ്യാപകനായ സുരേഷ് ചാവലാഗിയെയാണ് നാട്ടുകാര്‍ സംഘം ചേര്‍ന്ന് മര്‍ദിച്ചത്. സ്‌കൂളിലെത്തി ക്ലാസ്മുറിയില്‍ പൂട്ടിയിട്ടായിരുന്നു മര്‍ദനം. പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെ നഴ്‌സായ യുവതിക്ക് സുരേഷ് അശ്ലീല സന്ദേശങ്ങള്‍ അയച്ചെന്ന് ആരോപിച്ചാണ് നാട്ടുകാര്‍ ഇയാളെ മര്‍ദിച്ചത്.

സംഭവം ഇങ്ങനെ- രണ്ടാഴ്ച മുമ്പ് സ്‌കൂളില്‍ കോവിഡ് വാക്‌സിന്‍ കുത്തിവെയ്പ്പ് നടത്തിയിരുന്നു. ഈ സമയത്താണ് പ്രധാനാധ്യാപകന്‍ നഴ്‌സില്‍നിന്ന് മൊബൈല്‍ നമ്പര്‍ ചോദിച്ചുവാങ്ങിയത്. ചില അധ്യാപകര്‍ക്ക് കുത്തിവെയ്പ്പ് ക്യാമ്പില്‍ പങ്കെടുക്കാനായില്ലെന്നും ഇവര്‍ എത്തിയാല്‍ വിവരം കൈമാറാനെന്നും പറഞ്ഞാണ് നമ്പര്‍ വാങ്ങിയത്. ഇതിനുപിന്നാലെ പ്രധാനാധ്യാപകന്‍ നിരന്തരമായി അശ്ലീല സന്ദേശങ്ങള്‍ അയച്ചെന്നാണ് നഴ്‌സിന്റെ പരാതി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അധ്യാപകന്‍ നഴ്‌സിന് അശ്ലീല സന്ദേശങ്ങള്‍ അയക്കുന്നതറിഞ്ഞതോടെ നാട്ടുകാര്‍ വിഷയത്തില്‍ ഇടപെടുകയായിരുന്നു. തുടര്‍ന്ന് കഴിഞ്ഞദിവസം ഒരു സംഘമാളുകള്‍ സ്‌കൂളിലേക്ക് ഇരച്ചെത്തുകയും അധ്യാപകനെ ക്ലാസ്മുറിയില്‍ പൂട്ടിയിട്ട് മര്‍ദിക്കുകയും ചെയ്തു. സംഭവമറിഞ്ഞതോടെ പൊലീസും സ്ഥലത്തെത്തി.

കുറ്റാരോപിതനായ അധ്യാപകനെ നിലവില്‍ സര്‍വീസിൽ നിന്ന് സസ്‌പെന്‍ഡ് ചെയ്തതായി വിദ്യാഭ്യാസ വകുപ്പ് അധികൃതർ അറിയിച്ചു. വിവരമറിഞ്ഞ് രണ്ട് സ്ത്രീകള്‍ കൂടി ഇയാള്‍ക്കെതിരേ പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്. അധ്യാപകനെതിരേ അന്വേഷണം നടത്തുമെന്ന് ബന്ധപ്പെട്ട അധികൃതരും വ്യക്തമാക്കി.