വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് വിലക്കിയത് ശരിവെച്ച കർണാടക ഹൈക്കോടതി ഉത്തരവിനെതിരെ കേസിലെ ഹർജിക്കാരായ പെൺകുട്ടികൾ. അടിസ്ഥാനപരമായ അവകാശമാണ് തങ്ങൾക്ക് നിഷേധിച്ചതെന്നും സ്വന്തം രാജ്യത്താൽ ചതിക്കപ്പെട്ടതു പോലെയാണ് തോന്നുന്നതെന്നും വിദ്യാർത്ഥിനികൾ പറഞ്ഞു. ഹിജാബ് വിലക്കിനെതിരെ ഹർജി സമർപ്പിച്ച ഉഡുപ്പിയിലെ അഞ്ച് വിദ്യാർത്ഥിനികളാണ് മാധ്യമങ്ങൾക്ക് മുന്നിൽ വിധിയിലെ അതൃപ്തി തുറന്നടിച്ചത്. ഹിജാബ് ധരിക്കാതെ കോളേജിൽ പോവില്ലെന്ന് വ്യക്തമാക്കിയ വിദ്യാർത്ഥിനികൾ ഇസ്ലാം മതപ്രകാരം ഹിജാബ് അനിവാര്യമാണെന്നും ചൂണ്ടിക്കാട്ടി.
‘ഞങ്ങൾക്ക് ഹിജാബ് വേണം. ഹിജാബില്ലാതെ ഞങ്ങൾ കോളേജിൽ പോവില്ല. ഖുറാനിൽ പെൺകുട്ടി അവളുടെ മുടിയും മാറും മറയ്ക്കണം എന്ന് പറയുന്നുണ്ട്. ഖുറാനിൽ പറഞ്ഞില്ലായിരുന്നെങ്കിൽ ഞങ്ങളിത് ധരിക്കില്ലായിരുന്നു,’ വാർത്താ സമ്മേളനത്തിൽ പരാതിക്കാരിലൊരാളായ പെൺകുട്ടി പറഞ്ഞു.അതേസമയം കോടതി വിധിയുടെ പേരിൽ കോളേജ് ഉപേക്ഷിക്കില്ലെന്നും നിയമപോരാട്ടം തുടരുമെന്നും വിദ്യാർത്ഥിനികൾ പറഞ്ഞു.
താഴേത്തട്ടിൽ തീരേണ്ട ഒരു പ്രശ്നം ഇന്ന് രാഷ്ട്രീയമായും വർഗീയമായും ഉപയോഗിക്കപ്പെടുന്നെന്നും വിദ്യാർത്ഥികൾ ആരോപിച്ചു. യൂണിഫോം ധരിക്കാന്‍ വിദ്യാര്‍ത്ഥികള്‍ ബാധ്യസ്ഥരാണെന്ന് ചൂണ്ടിക്കാട്ടിയാണ് കര്‍ണാടക ഹൈക്കോടതി ഹിജാബ് ഹര്‍ജികള്‍ തള്ളിയത്. യൂണിഫോം നിര്‍ദ്ദേശിക്കുന്നത് മൗലികാവകാശങ്ങള്‍ക്ക് മേലുള്ള ന്യായമായ നിയന്ത്രണമാണെന്ന് കോടതി നിരീക്ഷിച്ചു.
ഇസ്ലാം മതവിശ്വാസ പ്രകാരം ഹിജാബ് ധരിക്കുന്നത് അനിവാര്യമായ ആചാരമല്ലെന്നും കോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് ഋതു രാജ് അവസ്തി, ജസ്റ്റിസ് കൃഷ്ണ എസ് ദീക്ഷിത്, ജസ്റ്റിസ് ജെഎം ഖാസി എന്നിവരടങ്ങുന്ന വിശാല ബെഞ്ചാണ് വിധി പറഞ്ഞത്.ഹൈക്കോടതി വിധിയെ കര്‍ണാടക സര്‍ക്കാര്‍ സ്വാഗതം ചെയ്തു. വിധി എല്ലാവരും സ്വീകരിക്കണമെന്നും സമാധാനവും സാഹോദര്യവും പുലരട്ടെയെന്നും കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ പറഞ്ഞു. ഇത് കുട്ടികളുടെ ഭാവിയുടെ വിഷയമാണ് മറ്റൊന്നും അതിനേക്കാള്‍ പ്രധാനപ്പെട്ടതല്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. യൂണിഫോം എന്നത് എല്ലാ വിദ്യാര്‍ത്ഥികളിലും സമത്വ ബോധം ഉണ്ടാവാന്‍ വേണ്ടിയുള്ളതാണെന്ന് കര്‍ണാടക വിദ്യാഭ്യാസ മന്ത്രി ബി സി നാഗേഷ് പറഞ്ഞു.
Leave a Reply