രണ്ട് സ്ത്രീകളുടെ തലയില്ലാത്ത മൃതദേഹങ്ങള്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതികളായ കമിതാക്കളെ ശ്രീരംഗപട്ടണം പൊലീസ് അറസ്റ്റ് ചെയ്തു. രാമനഗരയിലെ കുഡൂര്‍ സ്വദേശി ടി സിദ്ധലിംഗപ്പ, കാമുകി ചന്ദ്രകല എന്നിവരാണ് അറസ്റ്റിലായത്.ജൂണ്‍ ഏഴിന് മാണ്ഡ്യയിലെ അരകെരെ, കെ ബെട്ടനഹള്ളി എന്നിവിടങ്ങളിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഇതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇരുവരും അറസ്റ്റിലായത്. ലൈംഗിക തൊഴിലാളികളായ ചാമരാജനഗര്‍ സ്വദേശിനി സിദ്ധമ്മ, ചിത്രദുര്‍ഗ സ്വദേശിനി പാര്‍വതി എന്നിവരാണ് കൊല്ലപ്പെട്ടത്. ഇരുവരും ചന്ദ്രകലയുമായി അടുപ്പമുള്ളവരായിരുന്നു.

ബെംഗളൂരുവിലെ പീനിയയിലെ നിര്‍മ്മാണ കമ്പനിയില്‍ തൊഴിലാളിയാണ് സിദ്ധലിംഗപ്പ. മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ പിന്തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ തുമകുരുവിലെ ദാബാസ്‌പേട്ടില്‍ നിന്നാണ് ഇവരെ പിടികൂടിയത്.ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് വരെ ലൈംഗിക തൊഴിലാളിയായിരുന്നു ചന്ദ്രകല. ലൈംഗികവൃത്തിയിലേക്ക് തന്നെ തള്ളിവിട്ട സ്ത്രീകളെയെല്ലാം കൊലപ്പെടുത്തണമെന്ന ആഗ്രഹം ചന്ദ്രകലക്കുണ്ടായിരുന്നു. അതിന് വേണ്ടിയാണ് പ്രതികള്‍ പ്രവര്‍ത്തിച്ചതെന്ന് പൊലീസ് പറഞ്ഞു.

ജൂണ്‍ അഞ്ചിന് സിദ്ധമ്മയെയും പാര്‍വതിയെയും ചന്ദ്രകല മൈസൂരുവിലെ മേട്ടഗള്ളിയിലുള്ള വാടകവീട്ടിലേക്ക് വിളിച്ചിവരുത്തി. പിറ്റേ ദിവസം രാത്രി ചന്ദ്രകലയും സിദ്ധലിംഗപ്പയും ചേര്‍ന്ന് ഇരുവരെയും ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം തലയറുക്കുകയായിരുന്നു. പിന്നീട് തലയില്ലാത്ത മൃതദേഹങ്ങള്‍ ബൈക്കില്‍ കൊണ്ടുപോയി ഉപേക്ഷിച്ചു.

ബെംഗളൂരുവിലെ അഡുഗോഡിയിലെത്തി വാടകവീടെടുത്ത് സമാനരീതിയില്‍ കുമുദയെന്ന സ്ത്രീയെയും കൊലപ്പെടുത്തി. സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ന്ന് തുമുകുരുവിലെത്തി വീട് വാടകക്കെടുത്ത് കഴിയുകയായിരുന്നു. സമാനരീതിയില്‍ കൊലപ്പെടുത്താനുള്ള മറ്റ് അഞ്ച് സ്ത്രീകളുടെ പട്ടിക കൂടി തയ്യാറാക്കിയിരുന്നുവെന്ന് ദക്ഷിണമേഖല ഐജി പ്രവീണ്‍ മധുകര്‍ പവാര്‍ പറഞ്ഞു.