കോവിഡ് വ്യാപനം തടയുന്നതിന് അഞ്ച് സംസ്ഥാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി കര്‍ണാടക. മഹാരാഷ്ട്ര, ഗുജറാത്ത്, തമിഴ്‌നാട്, മധ്യപ്രദേശ്, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള റോഡ്, റെയില്‍ ഗതാഗതം അടക്കം എല്ലാ യാത്രാ മാര്‍ഗങ്ങളും അടച്ചു.
ഈ സംസ്ഥാനങ്ങളില്‍ നിന്നുള്ള ട്രെയിനുകള്‍, മറ്റ് വാഹനങ്ങള്‍ എന്നിവ സംസ്ഥാനത്ത് പ്രവേശിക്കാനോ ഇറങ്ങാനോ അനുവദിക്കില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. ഈ അഞ്ച് സംസ്ഥാനങ്ങളില്‍ നിന്നുള്ളവരെ റോഡ് മാര്‍ഗം കര്‍ണാടകയിലേക്ക് പ്രവേശിക്കാനും അനുവദിക്കില്ല. അതേസമയം, ഈ സംസ്ഥാനങ്ങളില്‍ നിന്നുള്ള വിമാനസര്‍വീസും കുറച്ചു.
ഇന്ത്യയില്‍ ഏറ്റവുമധികം കൊറോണ വൈറസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് മഹാരാഷ്ട്ര, ഗുജറാത്ത്, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലാണ്. ഈ സാഹചര്യത്തില്‍ സംസ്ഥാനത്തെ കോവിഡ് കേസുകളില്‍ ഭൂരിഭാഗവും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നോ രാജ്യങ്ങളില്‍ നിന്നോ വന്നതിലൂടെയാണെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് കര്‍ണാടക സര്‍ക്കാരിന്റെ തീരുമാനം.
കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം കര്‍ണാടകയില്‍ ഇതുവരെ 2,418 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 781 രോഗികള്‍ സുഖം പ്രാപിക്കുകയും 47 പേര്‍ മരിക്കുകയും ചെയ്തു. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് രോഗികളുടെ എണ്ണം കുറവാണെങ്കിലും പുറത്തുനിന്ന് വരുന്നവര്‍ക്കാണ് രോഗം കൂടുതലായി സ്ഥിരീകരിക്കുന്നത്. 24 മണിക്കൂറിനുള്ളില്‍ രോഗം സ്ഥിരീകരിച്ച 135 കേസുകളില്‍ 118 എണ്ണവും മറ്റ് ഇടങ്ങളില്‍ നിന്ന് എത്തിയവരാണ്.
നേരത്തെ മെയ് 18ന് മഹാരാഷ്ട്ര, ഗുജറാത്ത്, തമിഴ്‌നാട്, കേരളം എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്ക് പ്രവേശനം കര്‍ണാടക നിരോധിച്ചിരുന്നു. സംസ്ഥാനങ്ങളുടെ പരസ്പര സമ്മതത്തോടെ മാത്രമേ യാത്ര അനുവദിക്കുകയുള്ളൂവെന്ന് കേന്ദ്രം പറഞ്ഞതിനെ തുടര്‍ന്നായിരുന്നു ഉത്തരവ്. എന്നാല്‍ താമസിയാതെ സംസ്ഥാനങ്ങളുടെ എതിര്‍പ്പിനെ മറികടന്ന് ആഭ്യന്തര വിമാന സര്‍വീസുകള്‍ അനുവദിച്ചു.
Leave a Reply