മുംബൈ: പത്മാവത് രജ്പുതിനെ വാഴ്ത്തുന്ന ചിത്രം തന്നെയെന്ന് കര്‍ണിസേന. ചിത്രത്തില്‍ നേരത്തെ ആരോപിക്കപ്പെട്ട തരത്തില്‍ രജ്പുത് വിഭാഗത്തെ അപമാനിക്കുന്ന തരത്തില്‍ ഒന്നും തന്നെയില്ലെന്ന് കര്‍ണിസേനയുടെ മുംബൈ തലവന്‍ യോഗേന്ദ്ര സിങ് ഖട്ടാര്‍. ഒരു വര്‍ഷം നീണ്ട പ്രതിഷേധങ്ങള്‍ക്കൊടുവിലാണ് ചിത്രത്തെ അംഗീകരിച്ചു കൊണ്ട് കര്‍ണിസേന രംഗത്തു വരുന്നത്. നേരത്തെ ചിത്രത്തിനെതിരെ നടന്ന പ്രതിഷേധത്തില്‍ സ്‌കൂള്‍ ബസ് ഉള്‍പ്പെടെ കര്‍ണിസേന അണികള്‍ അക്രമിച്ചിരുന്നു.
‘കര്‍ണിസേനയുടെ ദേശീയ പ്രസിഡന്റ് സുഖ്ദേവ് സിങ്ങും മറ്റ് അംഗങ്ങളും സിനിമ കണ്ടു. ചിത്രം രജ്പുതിനെ വാഴ്ത്തുന്നതാണെന്ന് മനസിലായി. മാത്രമല്ല ഓരോ രജ്പുത്രരും ഈ സിനിമ അഭിമാനത്തോടെ കണ്ടിരിക്കും. അലാവുദ്ദീന്‍ ഖില്‍ജിയും പത്മാവതിയുമായുള്ള പ്രണയരംഗങ്ങള്‍ ചിത്രത്തിലില്ല. അതുകൊണ്ട് തന്നെ ചിത്രത്തിനെതിരായ എല്ലാ പ്രതിഷേധവും അവസാനിപ്പിക്കുകയാണ്. മാത്രമല്ല മധ്യപ്രദേശ്, രാജസ്ഥാന്‍, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളില്‍ ചിത്രം റീലീസ് ചെയ്യാനുള്ള സഹായങ്ങള്‍ തങ്ങള്‍ ചെയ്യാം’- കര്‍ണിസേനയുടെ മുംബൈ തലവന്‍ യോഗേന്ദ്ര സിങ് ഖട്ടാര്‍ പറഞ്ഞതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
അലാവുദ്ദീന്‍ ഖില്‍ജിയും പത്മാവതിയുമായുള്ള പ്രണയരംഗങ്ങള്‍ ചിത്രത്തിലുണ്ടെന്നും അത് മനപൂര്‍വ്വം സംവിധായകന്‍ ചരിത്രത്തെ വളച്ചൊടിക്കാന്‍ ഉള്‍പ്പെടുത്തിയതാണെന്നുമായിരുന്നു കര്‍ണിസേന ആരോപിച്ചത്. മധ്യപ്രദേശ്, രാജസ്ഥാന്‍, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളില്‍ വന്‍ പ്രതിഷേധമാണ് ചിത്രത്തിനെതിരെ നടന്നത്. കേരളത്തില്‍ ചിത്രം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനെ കാണുമെന്നും കര്‍ണിസേന കേരളഘടകം പറഞ്ഞിരുന്നു.
Leave a Reply