മാവേലിക്കര : കാരൂര്‍ സോമന്റെ (ലണ്ടന്‍) ക്രൈം നോവല്‍ കാര്യസ്ഥന്‍ മാവേലിക്കര റസ്റ്റ് ഹൗസില്‍ വെച്ച് മലയാള-സംസ്‌കൃത പണ്ഡിതനും എഴുത്തുകാരനുമായ വി.പി. ജയചന്ദ്രന്റെ അദ്ധ്യക്ഷതയില്‍ പ്രമുഖ നാടകകൃത്ത് ഫ്രാന്‍സിസ് ടി.മാവേലിക്കര, സംസ്‌കാരിക നായകനും സാഹിത്യ പോഷിണിയുടെ ചീഫ് എഡിറ്ററുമായ ചുനക്കര ജനാര്‍ദ്ദനന്‍ നായര്‍ക്ക് നല്‍കി പ്രകാശനം ചെയ്തു. എഴുത്തുകാരനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ ജോര്‍ജ് തഴക്കര പുസ്തകം പരിചയപ്പെടുത്തി. സമൂഹത്തില്‍ അറിയപ്പെടുന്ന രാഷ്ട്രീയക്കാരുടെ കണ്ണിലുണ്ണിയും കോടിശ്വരനുമായ ശങ്കരന്‍ നായരുടെ ലൈംഗിക അവയവം വളരെ നിന്ദ്യവും ക്രൂരവുമായ വിധത്തില്‍ അരിഞ്ഞെടുത്തത് ജനമനസ്സുകളില്‍ സജീവ ചര്‍ച്ചയ്ക്കും പ്രതിഷേധ സമരത്തിനും ഇടയാക്കി. അത് സര്‍ക്കാരിനും തലവേദനയുണ്ടാക്കി പോലീസ്-ക്രൈം ബ്രാഞ്ച് എത്ര തപ്പിത്തടഞ്ഞിട്ടും കുറ്റവാളിയെ കണ്ടെത്താന്‍ കഴിഞ്ഞില്ല. സാധാരണ കുറ്റവാളികള്‍ക്കെതിരെ ദൈവത്തിന്റെ കൈയ്യൊപ്പുപോലെ എന്തെങ്കിലും തെളിവ് ലഭിക്കുന്നതാണ്.
കുറ്റവാളി ഒരു തുമ്പും കൊടുക്കാതെയാണ് രക്ഷപ്പെട്ടിരിക്കുന്നത്. ഇതു സമൂഹത്തില്‍ തിളച്ചുപൊന്തുമ്പോഴാണ് ലണ്ടനില്‍ പഠിച്ച് ഇന്ത്യയില്‍ ഐ.പി.എസ്. എഴുതി ഡല്‍ഹിയില്‍ കുറ്റാന്വേഷണ വകുപ്പില്‍ ജോലി ചെയ്തിരുന്ന മലയാളിയും അതീവ സുന്ദരിയും ധാരാളം തുമ്പില്ലാത്ത കേസ്സുകള്‍ തെളിയിച്ചിട്ടുള്ള ധൈര്യശാലിയായ കിരണ്‍ ഐ.പി.എസിനെ ഈ കേസ് ഏല്‍പിക്കുന്നത്. പലപ്പോഴും ഭരണകക്ഷികള്‍ പോലീസിനെ ദുരുപയോഗം ചെയ്ത് കുറ്റവാളികളെ സംരക്ഷിക്കുന്ന ഈ കാലത്ത് കുറ്റാന്വേഷകയും അധികാരികളുമായി ഏറ്റുമുട്ടുന്ന സംഘര്‍ഷഭരിതമായ ഈ ക്രൈം നോവല്‍ ഭരണത്തിലുള്ളവര്‍ക്കും നിയമവാഴ്ചയ്ക്കും ഒരു മുന്നറിയിപ്പാണ് നല്കുന്നത്. മാത്രവുമല്ല സമൂഹത്തില്‍ നിലനില്‍ക്കുന്ന അന്ധമായ ജാതിമത പീഡനങ്ങള്‍ക്കും അതിലൂടെ രാഷ്ട്രീയ കച്ചവടം ചെയ്യുന്നവര്‍ക്കും ഈ നോവല്‍ ഒരു വെല്ലുവിളിയാണ്. ഉന്നതകുലജാതയായ കിരണ്‍ എന്ന സുന്ദരി ഒരു താഴ്ന്ന ജാതിക്കാരനെ വിവാഹം ചെയ്യുന്നു. അവരുടെ വിശ്വാസം ഈശ്വരന്‍ മനസ്സിലാണ് അത് മതങ്ങളില്‍ അല്ലെന്നും മനുഷ്യനെ മതമായി വേര്‍തിരിച്ചു കാണുന്നവരുടെ കച്ചവടം തിരിച്ചറിയണമെന്നും പഠിപ്പിക്കുന്നു. ഇതില്‍ പ്രണയനിര്‍വൃതിയുടെ സുന്ദരമായ ധാരാളം മുഹൂര്‍ത്തങ്ങള്‍ കാണാം.
പുതുമയാര്‍ന്ന ഈ ക്രൈം നോവല്‍ ആര്‍ക്കും ആഹ്ലാദത്തിമിര്‍പ്പോടെ വായിക്കാവുന്നതാണ്. ക്രൈം നോവലുകള്‍ കുറയുന്ന ഈ കാലത്തു സാഹിത്യപ്രസ്ഥാനങ്ങള്‍ കുറ്റാന്വേഷണ നോവലുകളെ ഗൗരവപൂര്‍വ്വം കാണണമെന്നും ഫ്രാന്‍സിസ് ടി.മാവേലിക്കര അഭിപ്രായപ്പെട്ടു. കാരൂര്‍ സോമന്‍ കഥയും സംഭാഷണവുമെഴുതി ഫെബി ഫ്രാന്‍സിസ് സംവിധാനം ചെയ്യുന്ന പ്രിന്റ് വേള്‍ഡ് ന്യൂഡല്‍ഹി നിര്‍മ്മിക്കുന്ന ഷോര്‍ട്ട് ഫിലിമിന് ജോര്‍ജ് തഴക്കര എല്ലാവിധ ആശംസകളും നേര്‍ന്നു. മനോരമ ഓണ്‍ലൈനില്‍ വന്ന ഈ ക്രൈം നോവല്‍ പ്രസിദ്ധീകരിച്ചത് പാവനാലൂ പബ്ലിക്കേഷന്‍സ് ആണ്. കാരൂര്‍ സോമന്‍ നന്ദി പ്രകാശിപ്പിച്ചു.
Leave a Reply