കാരൂര്‍ സോമന്‍

മനുഷ്യ മനസ്സിന്റെ ഇരുണ്ട അറകളിലെന്നും വെളിച്ചം വിതറുന്നത് അക്ഷരങ്ങളും ആത്മാവുമാണ്. അത് പ്രഭാതമാരുതനെപ്പോലെ ലോകമെങ്ങും കുളിര്‍കാറ്റായി മഞ്ഞ് പൊഴിക്കുന്നു. ഓരോ സംസ്‌ക്കരാവും ആ കാലത്തിന്റെ നന്മയും തിന്മയും അടയാളപ്പെടുത്താറുണ്ട്. അതില്‍ നൂറ്റാണ്ടുകളായി ആ സംസ്‌ക്കാര വിജ്ഞാനത്തിന്റെ സുവര്‍ണ്ണ ദശയില്‍ ജീവിക്കുന്നവരാണ് ബ്രിട്ടീഷുകാര്‍. ആ മഹത്തായ സംസ്‌ക്കാരം അടയാളപ്പെടുത്തിയിരിക്കുന്നത് അക്ഷരങ്ങളുടെ ലോകത്തെ ഏറ്റവും വലിയ പര്‍വ്വതമായ ബ്രിട്ടീഷ് ലൈബ്രററിയിലാണ്. ഏകദേശം 200 മില്യനടുത്ത് കലാ-സാഹിത്യ-ശാസ്ത്ര രംഗത്തേ പുരാതന ശേഖരങ്ങളാണ് ഇതിനുള്ളിലുള്ളത്. നമ്മുടെ എഴുത്തോലകളുടെ ഡിജിറ്റല്‍ വീഡിയോകള്‍വരെയുണ്ട്. പൗരണിക ഭാവത്തോടെ നില്ക്കുന്ന അക്ഷരങ്ങളുടെ കൊട്ടാരത്തിനു മുന്നില്‍ രാവിലെ തന്നെ ഞാനെത്തി. വാതിലിനടുത്ത് വൈവിദ്ധ്യമാര്‍ന്ന പൂക്കള്‍ പുഞ്ചിരി തൂകി നില്ക്കുന്നു. ക്ഷേത്രദര്‍ശനത്തിന് നില്ക്കുന്ന ഭക്തരെ പോലെ ഭയഭക്തിയോടെയാണ് ഈ സര്‍വ്വവിജ്ഞാന പാഠശാലയുടെ മുന്നില്‍ അകത്തേക്ക് കടക്കാന്‍ ലോകമെങ്ങുമുള്ള സഞ്ചാരികള്‍ വരിവരിയായി നില്ക്കുന്നത്. ചില താടിയും മുടിയുമുള്ളവരെ കണ്ടാല്‍ വൃതമെടുത്ത് വന്നതുപോലുണ്ട്. ഇവരുടെ പൂജാവിഗ്രഹങ്ങള്‍ അക്ഷരമാണ്. ആ സരസ്വതി ദേവിയെയാണവര്‍ ആരാധിക്കുന്നത്. ആ ആരാധന ഇന്‍ഡ്യയിലെ സിനിമകളില്‍ വേഷങ്ങള്‍ കെട്ടിയാടുന്ന നടി നടന്‍ന്മാര്‍ക്ക് കൊടുക്കുന്ന വെറും ആരാധനയല്ല. ഇത് അറിവിലും അന്വേഷണ ഗവേഷണങ്ങളിലുള്ള ഒരു ത്വരയാണ് ആരാധനയാണ്. നൂറ്റാണ്ടുകള്‍ക്ക് മുന്‍പുള്ള ലോകത്തേ എല്ലാ അമൂല്യകൃതികളും ഇവിടെ ലഭ്യമാണ്. ഇപ്പോള്‍ ഒന്നാം സ്ഥാനത്തു വരുന്നത് വാഷിംഗ്ടണ്ണിനിലെ ലൈബ്രററി ഓഫ് കോണ്‍ഗ്രസ്സാണ്. അവിടുത്തെ വിജ്ഞാന ഭണ്ഡാരത്തിലുള്ളത് 164 മില്യനാണ്. അതിനടുത്തായി വരുന്നത് കാനഡയിലെ നാഷണല്‍ ലൈബ്രററി, അസ്റ്റോറിയായിലെ അഡ്‌മോന്റ്, ന്യൂയോര്‍ക്കിലെ പബ്ലിക്ക് ലൈബ്രററികളാണ്. ഇവിടെയെല്ലാം എന്നെ അത്ഭുതപ്പെടുത്തിയത് ജനങ്ങള്‍ വിജ്ഞാനത്തേ കണ്ടെത്താന്‍ നിശബ്ദരായി നീണ്ടനിരയില്‍ നില്ക്കുന്നതാണ്. എന്റെ മനസ്സ് കേരളത്തിലേക്ക് പോയി. അവിടുത്തെ പ്രധാന നീണ്ട നിര കാണുന്നത് മദ്യഷോപ്പുകളുടെ മുന്നിലാണ്. ദാഹവും മോഹവുമായി അവര്‍ ആരാധനയോടെ നില്ക്കുന്നു. നമ്മള്‍ വെറും ക്ഷണിക സുഖങ്ങളിലും ക്ഷണികവാദങ്ങളിലും വിളവ് തിന്നുന്നവരായി മാറുന്നത് എന്താണ്?

സെക്യൂരിറ്റി ചെക്കപ്പ് കഴിഞ്ഞ് അകത്തേക്കു കയറി. ആ വലിയ ഹാളില്‍ ഇടത്തു ഭാഗത്തായി ഒരു റസ്റ്റോറന്റുണ്ട്. ഞാനും അവിടേക്കു ചെന്നു. വിടര്‍ന്ന മിഴികളുമായി ഒരു സുന്ദരി പുഞ്ചിരി തൂകി എന്റെയടുത്ത് വന്ന് എനിക്കാവശ്യമുള്ളത് ചോദിച്ചു. ഓര്‍ഡര്‍ കിട്ടുന്നതുവരെ അവളുടെ കണ്ണുകളും ചുണ്ടുകളും പുഞ്ചിരിച്ചുകൊണ്ടേയിരുന്നു. എത്രവേഗത്തിലാണ് അവളുടെ മുഖത്തെ പ്രസന്നത നഷ്ടപ്പെട്ടതെന്ന് ഒരു നിമിഷം ഓര്‍ത്തിരുന്നു. കോഫി കുടിച്ചിട്ട് ഇന്‍ഫര്‍മേഷന്‍ കൗണ്ടറില്‍ ചെന്നു. അന്‍പതോളം പേര്‍ പത്ത് മണിക്കുള്ള ഗ്രൂപ്പിലുണ്ട്. ഞങ്ങളുടെ ഗൈഡ് എല്ലാവരുമായും മുകളിലെ നിലയിലേക്ക് നടന്നു. പലഭാഗങ്ങളിലായി ചെറിയ മേശകള്‍ക്കു മുകളിലുള്ള കമ്പ്യൂട്ടറുകളില്‍ നോക്കിയും, പേപ്പറില്‍ എഴുതിയും പഠനങ്ങളില്‍ മുതിര്‍ന്ന കുട്ടികള്‍ ഏര്‍പ്പെട്ടിരിക്കുന്നു. നൂറുകണക്കിന് വിദ്യാര്‍ത്ഥികളും വിദ്യാര്‍ത്ഥികളല്ലാത്തവരുമാണ് ഓരോരോ ഭാഗങ്ങളിലിരിക്കുന്നത്. അതില്‍ ചുരുക്കം ഏഷ്യക്കാരുമുണ്ട്. ഒരു റിഡര്‍ പാസ്സുണ്ടെങ്കില്‍ 150 മില്യന് മുകളിലുള്ള വിജ്ഞാന വസ്തുക്കള്‍ ഡിജിറ്റലായി കാണാം. ഞങ്ങളെ നയിക്കുന്ന സായിപ്പ് വെറുമൊരു ഗൈഡ് മാത്രമല്ല ഒരു പണ്ഡിതനെന്ന് എനിക്ക് തോന്നി. അറിവിന്റെ അജ്ഞാത തലങ്ങളിലേക്കാണ് അദ്ദേഹം മറ്റുള്ളവരെ നയിക്കുന്നത്. ഇതൊരു അറിവിന്റെ സഞ്ചാരമായി തോന്നി. അറിവില്ലാത്തവന്റെ അജ്ഞത ഇദ്ദേഹത്തിന്റെ മുന്നില്‍ സമ്മതിക്കാതെ നിവര്‍ത്തിയില്ല. എല്ലാ രാജ്‌യത്തു നിന്നുള്ള പുരാതന കൃതികള്‍ ഇവിടെയുണ്ട്. ഞാന്‍ ചോദിച്ചു. ഇന്‍ഡ്യയില്‍ നിന്നുള്ള പുരാതന കൃതികള്‍ എന്താണ് ഇവിടെയുള്ളത്. ഉടനടി അതിനും ഉത്തരം കിട്ടി. ഇന്‍ഡ്യയുടെ പുരാതനന മഹാഭാരതവും, രാമായണവും നിങ്ങള്‍ക്ക് ഇവിടെ ഡിജിറ്റലായി വായിക്കാം. ലോകഭാഷകളിലെ കൈയ്യെഴുത്ത് പ്രതികള്‍, ജേര്‍ണലുകള്‍, പത്രമാസികകള്‍, ചിത്രരചനകള്‍, ലോകസ്റ്റാമ്പുകള്‍, കുട്ടികളുടെ രചനകള്‍, സംഗീതം തുടങ്ങി ധാരാളം കാഴ്ചകളാണ് ഇതിനുള്ളിലുള്ളത്. ആറുനിലകളിലായി കണ്ണാടികൂടുകളിലും ഭൂഗര്‍ഭ അറകളിലുമാണ് ഇതെല്ലാം സൂക്ഷിച്ചിരിക്കുന്നത്. മഹാശിലായുഗത്തിലെ മരത്തോലുകള്‍വരെ ഇവിടെ സൂക്ഷിച്ചിരിക്കുന്നു. ഓരോന്നും ആരെയും അത്ഭുതപ്പെടുത്തുന്ന കാഴ്ചകളാണ്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഓരോ നിലകളിലെത്താന്‍ ലിഫ്റ്റുണ്ട്. ചില്ലുപേടകങ്ങളില്‍ സൂക്ഷിച്ചിരിക്കുന്ന പുസ്തക കൂമ്പാരത്തിനുള്ളിലേക്ക് സഞ്ചാരികള്‍ക്ക് പ്രവേശനമില്ല. അവിടെയുള്ള പുസ്തകങ്ങളെപ്പറ്റി ഗൈഡ് വിശദീകരിച്ചു തരും. എവിടെയും ഒരു പഠനമുറിപോലെയാണ്. എങ്ങും ഏകാഗ്രത. ഒരു മുട്ടുസൂചിവീണാലറിയുന്ന നിശബ്ദത. ഇവിടുത്തെ കലാലയങ്ങളില്‍ പഠിച്ചുവന്ന അച്ചടക്കമാണത്. കാലലയങ്ങളില്‍ രാഷ്ട്രീയത്തിന് പ്രവേശനമില്ല. പഠനകാലത്ത് പഠിച്ചാല്‍ മതി. എഴുത്തുകാരന്‍ ബെര്‍തോള്‍ഡ് ബ്രെഹ്ത് പറഞ്ഞതവര്‍ അനുസരിക്കുന്നു. ”വിശക്കുന്ന മനുഷ്യാ, പുസ്തകം കൈയ്യിലെടുക്കു. അതൊരായുധമാണ്”. ആദ്യം വിശപ്പടക്കാന്‍ പഠിക്കുന്നതാണ് നല്ലത്.

അറിവിന്റെ അക്ഷയനിധിയായ ബ്രിട്ടീഷ് ലൈബ്രററിയുടെ ആരംഭം 1753 ലാണ്. മനുഷ്യര്‍ അറിവിലൂടെ വളരാന്‍ ആദ്യം അടിത്തറയിട്ടത് 1066-1087 വരെ ഇംഗ്ലണ്ട് ഭരിച്ച വില്യം ഒന്നാമന്‍ രാജാവാണ്. വിവിധ വിഷയങ്ങളെ പ്രതിപാദിക്കുന്ന ആദ്യ പുസ്തകം ‘ഡോമസ്‌ഡേ’ പുറത്തുവന്നു. ലോകത്ത് ഇറങ്ങുന്ന ആദ്യപുസ്തകത്തിന്റെ ആദ്യകോപ്പി ഇവിടുത്തെ ലൈബ്രററിയില്‍ എത്തണമെന്ന് രാജകല്പനയും പുറപ്പെടുവിച്ചു. പിന്നീടുള്ള നാളുകളില്‍ പുസ്തകങ്ങളുടെ ഒഴുക്കായിരുന്നു. അവസാനമായി ഞങ്ങള്‍ എത്തിയത് അതിവിശാലമായ ഒരു ഹാളിലാണ്. അവിടുത്തെ കണ്ണാടികൂട്ടിനുള്ളില്‍ അതിപുരാതനങ്ങളായ വിവിധ ഭാഷകളിലെ കൃതികള്‍ വിശ്രമം കൊള്ളുന്നു. അതില്‍ വളരെ പ്രസിദ്ധമായ 1215 ല്‍ എഴുതിയ ബ്രിട്ടീഷ് ഭരണഘടനയായ ‘മാഗ്നാകാര്‍ട്ട’ യുമുണ്ട്. ഓരോന്നും കണ്ട് നടക്കുമ്പോള്‍ ഈ ലോകത്തിന്റെ കലാ-സാഹിത്യ സൗന്ദര്യത്തിന്റെ സമഗ്ര സംഭാവനകളാണ് കാണാന്‍ കഴിയുക. നമ്മെ വിസ്മയിപ്പിക്കുന്ന മധുരസ്മൃതികള്‍. എല്ലാറ്റിന്റെ മുകളില്‍ ഇംഗ്ലീഷില്‍ രേഖപ്പെടുത്തിയിരിക്കുന്നു. എന്റെ കണ്ണുകള്‍ പെട്ടന്ന് നിശ്ചലമായി. സ്വന്തം രാജ്യത്തുനിന്നുള്ള പ്രതിഭകളുടെ സൃഷ്ടികള്‍ കണ്ടപ്പോള്‍ മനസ്സിന് അനുഭൂതിമധുരമായ ഒരാനന്ദം തോന്നി. 1630 – 33 ല്‍ ആഗ്രയിലെ ചിത്രകാരനായിരുന്ന ലാല്‍ ചന്ത് വരച്ച പിങ്ക് ലില്ലി എന്ന ചിത്രം ഭിത്തിയില്‍ കാണപ്പെട്ടു.

1590-1600 കാലങ്ങളില്‍ വരച്ച പഞ്ചാബ്, രാജസ്ഥാന്‍, യുപിയിലെ ചിത്രങ്ങളുമുണ്ട്. ഒരു കണ്ണാടിക്കുള്ളില്‍ 1930 മെയ് 18 ന് ജയിലില്‍ കിടന്നുകൊണ്ട് മഹാത്മാഗാന്ധി സ്വന്തം കൈപ്പടയില്‍ ഇന്‍ഡ്യന്‍ വൈസ്രോയിയായിരുന്ന ഇര്‍വിന്‍ പ്രഭുവിനെഴുതിയ കത്തു വായിച്ചു. 25 കിലോ ഭാരമുള്ള ഫ്രഞ്ച്-ലാറ്റിന്‍ ഭാഷയില്‍ കൈകകൊണ്ടെഴുതിയ ചിത്രങ്ങളോടുകൂടിയ പുരാതന ബൈബിളും നമ്മുടെ മഹര്‍ഷിമാരെഴുതിയ ഭഗ്‌വതഗീതയും രാമായണവും ഡിജിറ്റലായി കമ്പ്യൂട്ടറിലും കണ്ടിട്ടാണ് ഞാനവിടെ നിന്നും മടങ്ങിയത്. കേരളത്തില്‍ മദ്യം വിറ്റ് ഏറ്റവും കൂടുതല്‍ ലാഭമുണ്ടാക്കുമ്പോള്‍ ഇവിടെ വിറ്റഴിക്കുന്നത് വിലപ്പെട്ട പുസ്തകങ്ങളാണ്. വില്യംഷേക്‌സ്പിയര്‍, എഴുത്തുകാരി അനന്ത ക്രിസ്റ്റിയുടെ പുസ്തകങ്ങള്‍ വിറ്റഴിക്കപ്പെട്ടത് നാല് ബില്യനാണ്*. അങ്ങനെ എത്രയോ എഴുത്തുകാരുടെ എത്രയോ ബില്യന്‍, മില്യന്‍ പുസ്തകങ്ങള്‍ വിറ്റഴിക്കുന്നു. നമ്മുടെ കണ്ണ് ലാഭത്തിലാണ്. സാംസ്‌കാരിക വകുപ്പിന്റെ കീഴിലാണ് ഈ ലൈബ്രററി. 2017ലെ കണക്കിന്‍ പ്രകാരം 1.43 മില്യന്‍ സഞ്ചാരികളാണ് ഇവിടെ വന്നുപോയത്.

Email: [email protected]