കാരൂര്‍ സോമന്‍

മുഹമ്മദ് നബിയും തേളും എന്നൊരു കഥയുണ്ട്. നബി അത്യധികം വേദനയോട് ഒരു തേള്‍ അരുവിയുടെ കുത്തൊഴുക്കില്‍ മരണത്തിലേക്ക് പോകുന്നത് കണ്ട് വെള്ളത്തിലിറങ്ങി അതിനെ രക്ഷിക്കുന്നു. തേള്‍ നബിയെ പലവട്ടം കുത്തി. അതില്‍ അദ്ദേഹം ഞെളിപിരികൊണ്ടു. ഹ്ര്യദയം പിളരുന്ന വേദന. അടുത്തു നിന്ന മനുഷ്യന്‍ ചോദിച്ചു. എന്തിനാണ് ആ ദുഷ്ടജീവിയെ രക്ഷിക്കാന്‍ ശ്രമിച്ചത്. ദീനാനുകമ്പയോട് നബി കൊടുത്ത മറുപടി മരണത്തില്‍ നിന്നും ഏതൊരു ജീവിയേയും രക്ഷിക്കേണ്ട കര്‍ത്തവ്യം നമ്മുടേതാണ്. തേള്‍ അതിന്റെ ജന്മവാസന കാണിച്ചുവെന്നു മാത്രം. ഷേക്സ്പിയറും ഭീരുക്കളെപ്പറ്റി പറയുന്നത്. ധീരന്‍ ഒരിക്കല്‍ മാത്രം മരിക്കുമ്പോള്‍ ഭീരുക്കള്‍ മരണത്തിന് മുമ്പേ പലതവണ മരിക്കുന്നു.

കഴിഞ്ഞ ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കന്‍ ദേവാലയങ്ങളില്‍ സ്‌ഫോടനം നടത്തി 250 ല്‍ അധികം പാവങ്ങളെ കൊന്നൊടുക്കി ധാരാളം പേരെ ആശുപത്രിയിലാക്കിയ മഹാപാപികളെ നബി ജീവിച്ചിരിന്നുവെങ്കില്‍ ഇസ്ലാമിക ദര്‍ശനം എന്തെന്നറിയാത്ത ദുഷ്ടജീവികള്‍ എന്ന് വിളിക്കുമായിരൂന്നു. നബിയെന്നും അനീതികള്‍ക്കതിരെ പോരാടിയ ധീരനാണ്. അതിന്റ തെളിവാണ് റോമന്‍ സൈന്യത്തിനെതിരെ സിറിയവരെ അദ്ദേഹം സൈന്യത്തെ നയിച്ചത്. ശ്രീലങ്കന്‍ സൈനിക മേധാവി വെളിപ്പെടുത്തിയത് കേരളത്തിലും ഈ ഭീകരവാദികളെത്തിയെന്നാണ്. അത് കേരളത്തില്‍ ചെറിയ തോതിലെങ്കിലും ആശങ്ക പടര്‍ത്തിയിട്ടുണ്ട്. ഗള്‍ഫില്‍ നിന്ന് വരുന്ന ഹവാല പണവും ഭീകരത്താവളമായ പാകിസ്ഥാനും നമ്മുടെ ചില മതമൗലിക വാദികളും ഈ കൂട്ടരെ ഗാഢമായി ആലിംഗനം ചെയ്യാറുണ്ട്. ഇസ്ലാം വിഭാവനം ചെയ്യുന്ന മറ്റുള്ളവരുടെ ജീവന്‍ രക്ഷിക്കുന്നതിന് പകരം ജീവനെടുക്കുന്ന ഇവരുടെ ഉല്‍ക്കടമായ അഭിലാഷം പണം സമ്പാദിക്കുക മാത്രമാണ്. ഇതിന് ഇസ്ലാമികസംസ്‌കാരമോ,ഇസ്ലാമിക ദര്‍ശനമായോ യാതൊരു ബന്ധവുമില്ല.

സമൂഹത്തില്‍ ഭീതിയും ഭയവും വളര്‍ത്താനാണ് മനുഷ്യരുടെ കഴുത്തറുത്തും സ്‌ഫോടനങ്ങള്‍ നടത്തിയും ചാവേറുകളായും ഇവര്‍ കടന്നു വരുന്നത്. നിരപരാധികളെ, ഭാഷ -സാഹിത്യ രംഗത്തുള്ള ബുദ്ധിജീവികളെ കൊന്നൊടുക്കുമ്പോള്‍ മറ്റുള്ളവരുടെ ശ്രദ്ധ നേടാന്‍ സാധിക്കുമെന്ന ചിന്ത ഇവരെ ഭരിക്കുന്നു. മുനുഷ്യരില്‍ ആന്തരികമായി ഭീതി വളര്‍ത്താനും ഭയപ്പെടുത്തി ദുര്‍ബലരാക്കാനും ഈ രക്തച്ചൊരിച്ചിലിന് സാധിക്കും. ഈ ഭീകരുടെ ഉറവിടം കണ്ടെത്തി അവരെ കിഴടക്കുന്നതിന് പകരം അവര്‍ക്ക് ഒത്താശ ചെയ്യാന്‍ പല സംഘടനകളും മുന്നോട്ട് വരാറുണ്ട്. അവരെ നേര്‍വഴിക്ക് നടത്തേണ്ടവര്‍ ആപത്തിലേക്ക് നയിക്കുന്നു. ഈ കൂട്ടരോട് ദയാലുവാകാന്‍ ഈശ്വരവിശ്വാസികള്‍ ഒരിക്കലും തയ്യാറാകില്ല. ഇവര്‍ ഇസ്ലാം മത ദര്‍ശനങ്ങളാണ് പിന്‍ന്തുടരുന്നതെങ്കില്‍ മറ്റ് മതസ്ഥര്‍ക്കൊപ്പം തോളോടുതോള്‍ ചേര്‍ന്ന് സമൂഹത്തില്‍ കാണുന്ന അനീതി, അടിച്ചമര്‍ത്തല്‍, അരാജകത്വം, അഴിമതി, ദുര്‍ഭരണം തുടങ്ങിയ മനുഷ്യന്റെ നീറുന്ന വിഷയങ്ങളിലാണ് ഇടപെടേണ്ടത്. ഇത്തരത്തില്‍ ദുര്‍ഭരണം നടത്തുന്ന ഏതെങ്കിലും ഒരു ഭരണാധിപനെ ഇവര്‍ക് കൊലപ്പെടുത്താന്‍ സാധിച്ചിട്ടുണ്ടോ? സാധിക്കില്ല. കാരണം ഇവര്‍ കുട്ടുകച്ചവടക്കാരാണ്. സത്യത്തില്‍ ഇവരല്ലേ ഭീരുക്കള്‍. ഈ ഭീരുക്കളെ കയറൂരി വിടുന്നതില്‍ മത മൗലികവാദികള്‍ക്കും നല്ലൊരു പങ്കുണ്ട്. എല്ലാം മതങ്ങളിലും മതമൗലിക വാദികളെ കാണാം. നമ്മുടെ ചില ഭരണാധിപന്മാര്‍ തീവ്രവാദികളെ തുരത്തിയോടിക്കുമെന്ന് വീമ്പിളക്കാറുണ്ട്. എന്നാല്‍ അവരുടെ നിലപാടുകള്‍ അങ്ങനെയല്ല. അതിന് എത്രയോ തെളിവുകള്‍ നമ്മുടെ മുന്നിലുണ്ട്. ഭീകരവാദവുമായി ബന്ധമുള്ള കേസുകളില്‍ എത്രപേര്‍ ശിക്ഷിക്കപ്പെട്ടു? ഇന്ത്യയില്‍ ഏത് മതത്തില്‍പ്പെട്ടയാളായാലും മത തീവ്രവാദം ഒരു യാഥാര്‍ഥ്യമാണ്. മതങ്ങളെ മുന്നില്‍ നിര്‍ത്തിയാണ് ഇവര്‍ കളിക്കുന്നത്. അതിലെ പ്രമുഖ കളിക്കാരാണ് അധികാരത്തിലിരിക്കുന്നവര്‍. അവരുടെ ലക്ഷ്യ0 വോട്ടുപെട്ടി നിറക്കുക മാത്രം. നിരപരാധികള്‍ കൊല്ലപ്പെടുമ്പോള്‍ അവര്‍ റീത്തുവെക്കാനും മാധ്യമങ്ങളുടെ മുന്നില്‍ കണ്ണീര്‍വാര്‍ക്കാനും വരാറുണ്ട്. ജര്‍മ്മനിയിലെ മതഭ്രാന്തനെയും താലിബാനിലെ മതഭ്രാന്തന്‍മാരെയും നമ്മള്‍ കണ്ടതാണ്. ജിഹാദികള്‍ അമേരിക്കയെ, ഇസ്രയേലിനെ വിളിക്കുന്നത് പിശാച് എന്നാണ്. അവരും തിരികെ ആ പേര് വിളിക്കുന്നു. നിങ്ങള്‍ പിശാചുക്കള്‍ തമ്മില്‍ ഒരു യുദ്ധ0 നടത്തിക്കൂടെ? അവിടേക്ക് പാവപ്പെട്ട രാജ്യങ്ങളായ ന്യൂസിലാന്‍ഡും ശ്രീലങ്കയും എന്തിന് രക്തം ചൊരിയണം?

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഭരണാധിപന്മാര്‍ക്ക് മരണംവരെ അധികാര0 ഭദ്രമെങ്കിലും എല്ലാ മതങ്ങളും പഠിപ്പിക്കുന്നത് ആത്മാവിന് മരണമില്ലെന്നാണ്. അത് ഈ ജന്മത്തിലും മുജ്ജന്മത്തിലും നമ്മുടെ കര്‍മ്മഫലമനുസരിച്ചു തലമുറകളെ പിന്തുടരുകതന്നെ ചെയ്യും. അത് നമ്മളുണ്ടാക്കി ആരാധിക്കുന്ന ദേവാലങ്ങളില്‍ കുടികൊള്ളുന്നില്ല. നൂറ്റാണ്ടുകള്‍ ഭരിച്ച റോമന്‍ ചക്രവര്‍ത്തിമാരുടെ ദേവാലയങ്ങള്‍, ദേവി ദേവന്മാര്‍ മണ്ണോട് ചേര്‍ന്നത് യൂറോപ്പിലെ പല രാജ്യങ്ങളിലും ഞാന്‍ കണ്ടിടുണ്ട്. ദരിദ്ര രാജ്യങ്ങളിലാണ് മതങ്ങള്‍ കുടുതലും പിടിമുറുക്കിയിരിക്കുന്നത്. അതിന്റ പ്രധാന കാരണം അധികാരമാണ്. ആചാരാനുഷ്ടാങ്ങള്‍ എത്രയോ മാറി മറിഞ്ഞു.ഇന്നത്തെ ജാതിമതങ്ങള്‍ നാളെ ഇല്ലാതാകില്ലെന്ന് എന്താണൊരുറപ്പ്? ബാബേല്‍ ദൈവങ്ങള്‍ എവിടെ? . ജാതിമത ചിന്തകളില്ലാത്ത ശാസ്ത്രജ്ഞന്മാര്‍ക്കും ജ്ഞാനികള്‍ക്കും വിവേകികള്‍ക്കും അറിയാവുന്ന ഒരു സത്യമാണത്. സ്‌നേഹമുള്ളടത്തു് ജാതിമത ചിന്തകളില്ല. ഗുരുദേവന്റെ ‘ഒരു ജാതി ഒരു മതം ഒരു ദൈവം’ എത്രയോ സമ്പന്നമാണ്. അറബി ഭാഷയില്‍ ഒരു പഴമൊഴിയുണ്ട്. ‘ഖുല്ലും വാഹദ്’ (എല്ലാം ഒന്നാണ്). ഇതെല്ലം കൂട്ടിവായിക്കുമ്പോള്‍ ഒരു കാര്യം മനസ്സിലാകുന്നത് തീവ്രവാദികള്‍ സമ്പത്തിനെ, ബോംബിനെ, ചാവേറുകളെ ദൈവമാക്കി ആരാധിക്കുന്നവരാണ്. ഇന്ത്യയിലെ ചില രാഷ്ട്രീയപാര്‍ട്ടികള്‍ ഗുണ്ടകളെ തീറ്റിപോറ്റുന്നതും ഇതുപോലെയാണ്.

ഈ ഭീകര പ്രവര്‍ത്തനങ്ങളില്‍ ഇടപെടുന്നവര്‍ക്ക് തണലായി ചില ജനപ്രതിനിധികള്‍ എന്ന പേരില്‍ തിന്മയുടെ പ്രതിനിധികളായി അധികാര കേന്ദ്രങ്ങളില്‍ വാഴുന്നു. അവര്‍ ജനപ്രതിനിധികളാകുന്നത് മതവിശ്വാസികളെ ചൂക്ഷണം ചെയ്തുകൊണ്ടാണ്. മത -ഫ്യൂഡല്‍ -നാടുവാഴിത്തത്തില്‍ ജീവിക്കുന്ന ഈ ബൂര്‍ഷ്വകള്‍ക്ക് വിപരീതമായി വിവേകമുള്ളവര്‍ പോലും ശബ്ദിക്കുന്നില്ല എന്നതാണ് യാഥാര്‍ഥ്യം. മതത്തിന്റെ രക്ഷകരായിട്ടാണ് ഈ ജനപ്രതിനിധികള്‍ പ്രത്യക്ഷപ്പെടുന്നത്. എന്തുകൊണ്ടാണ് പോലീസ് ഇവരെ ഭയക്കുന്നത്? ഇതുപോലുള്ള ജനപ്രതിനിധികള്‍ മതതീവ്രത വളര്‍ത്തുന്നതില്‍ ഒളിഞ്ഞും തെളിഞ്ഞും പോലീസ് നടപടികളില്‍ കാണാറുണ്ട്. വോട്ടു കിട്ടണം എന്ന ഒറ്റ ലക്ഷ്യമേ ഇവര്‍ക്കുള്ളു. അത് നിരപരാധി കൊല്ലപ്പെട്ടാലും ഭീകരര്‍ കൊല്ലപ്പെട്ടാലും അവര്‍ക്ക് ഒരു നഷ്ടവുമില്ല. തീവ്രവാദകേസ്സുകള്‍ എന്തുകൊണ്ട് അട്ടിമറിക്കപ്പെടുന്നു? ശ്രീലങ്കയില്‍ നിന്നും തീവ്രവാദികള്‍ കേരളത്തില്‍ വന്നിട്ട് എന്തുകൊണ്ടാണ് നമ്മുടെ ഇന്റലിജന്‍സ് അറിയാതിരുന്നു? പോലീസ് – ഇന്റലിജിന്‍സ് സംവിധാനം ശക്തമല്ലാത്തത് എന്തുകൊണ്ട്? മലയാളികള്‍ സിറിയയിലും, അഫ്ഗാനിസ്ഥാനിലും കശ്മീരിലും പോകുന്നതുപോലും നമ്മുടെ ഇന്റലിജിന്‍സ് വിഭാഗം അറിയുന്നില്ല?

മതസ്ഥാപനങ്ങളില്‍, ക്യാമ്പസുകളില്‍ കുട്ടികളില്‍ വികടനവാദം വളര്‍ത്തി വഴിതെറ്റിക്കുന്നത് ആരാണ്? ഇവിടെ കഞ്ചാവ്, ലഹരി മരുന്നുകള്‍ എന്തുകൊണ്ടുണ്ടാകുന്നു? ആരാണ് ഇവരുടെ സംരക്ഷകര്‍? ശക്തരല്ലാത്ത ഭരണാധിപന്മാരില്ലാത്ത ദേശങ്ങളിലാണ് ജനങ്ങള്‍ സുരക്ഷിതരല്ലാത്തത്. അതിനാല്‍ നിരപരാധികളുടെ പ്രാണന്‍ രക്ഷിക്കാനോ ബന്ധുമിത്രാദികളുടെ കണ്ണീരൊപ്പാനോ സാധിക്കുന്നില്ല. അധികാരങ്ങളിലുള്ളവര്‍ക്ക് നടപ്പിലും ഇരിപ്പിലും ഉറക്കത്തിലും സ്വന്തം ജീവനും പ്രിയപ്പെട്ടവര്‍ക്കും ആവശ്യമായ എല്ലാം സുരക്ഷയുമുണ്ട്. അവര്‍ ഒരു ഭീതിയുമില്ലാതെ അതിമനോഹരങ്ങളായ മണിമന്ദിരങ്ങളില്‍ കഴിയുമ്പോഴാണ് നിരപരാധികള്‍ തെരുവികളില്‍,ദേവാലങ്ങളില്‍ കൊല്ലപ്പെടുന്നത്. ഒരു പൗരന്റെ ജീവിതം സുരക്ഷിതമാക്കേണ്ടത് ഭരണാധിപന്മാരുടെ ഉത്തരവാദിത്വമാണ്. അതില്ലാതെ വന്നാല്‍ അത് കശ്മീരിലായാലും ശ്രീലങ്കയിലായാലും കാടുകയറിയ ഒരു ഭരണം ആര്‍ക്കുവേണ്ടി?

മത ഭീകരത കടന്നു കയറാനുള്ള അവസരമൊരുക്കിയത് ഏതാനം രാഷ്ട്രീയ പാര്‍ട്ടികളാണ്. തൊഴില്ലായ്മ, പട്ടിണി, ദാരിദ്യം, അഴിമതി, സാമൂഹ്യ പീഡനങ്ങള്‍ ഒത്തുചേരുമ്പോള്‍ അത് ചാവേറുകളായി, ബോംബുകളായി രംഗത്ത് വരുന്നു. അതിന്റെ ഏറ്റവും വലിയ ഉദാഹരമാണ് കാശ്മീര്‍. മതമൗലികവാദം വളര്‍ത്തി രാഷ്ട്രീയ പാര്‍ട്ടികള്‍ നേടിയത് കുറെ വോട്ടുകളണ്. തീവ്രവാദികളെ നേരിടുന്നതിന് പകരം അവരെ പിന്താങ്ങുന്നു. അതിനാല്‍ സമൂഹത്തില്‍ അശാന്തിയും അസഹിഷ്ണതയും വളരുന്നു. മതസ്പര്ദ്ധ വളരുന്നു. എവിടെയെല്ലാം തീവ്രവാദത്തെ വളര്‍ത്തുന്നുവോ അവിടെയെല്ലാം സ്‌നേഹത്തിന് പകരം ലഭിക്കുന്നത് ക്രൂരതയാണ്. പാകിസ്താനിലെ ക്രിസ്ത്യന്‍ പള്ളികളില്‍ നടന്ന സ്‌ഫോടനങ്ങള്‍ അതിനുദാഹരങ്ങളാണ്. ഇന്ത്യയിലെ തെരുവുകള്‍ ദേവാലയങ്ങള്‍ സുരക്ഷിതമല്ല. അതിനുള്ള മുന്‍കരുതലുകള്‍ എടുക്കേണ്ടിയിരിക്കുന്നു. അവിടെ നിശ്ശബ്തതും സമ്മര്‍ദ്ദങ്ങള്‍ക്ക് കിഴ്‌പ്പെടുകയുമല്ല വേണ്ടത് അതിലുപരി തീവ്രവാദികളുടെ നിലപാടുകളോട് വിട്ടുവീഴ്ചയില്ലാത്ത നടപടികളാണ് വേണ്ടത്. ഇന്ന് കണ്ണടച്ച് ഇരുട്ടാക്കുന്നവര്‍ അറിയേണ്ടത് ജനങ്ങള്‍ എല്ലാം കണ്ണുതുറന്നു കാണുന്നുണ്ട്.ചെറുപ്പത്തില്‍ നെഹ്റു അറബി കഥകള്‍ കേട്ടാണ് വളര്‍ന്നത്. അദ്ദേഹം ചെറുപ്പത്തില്‍ ധാരാളമായി പുസ്തകങ്ങള്‍ വായിച്ച വളര്‍ന്നു. അറിവുള്ള ആ കുട്ടി ഇംഗ്ലണ്ടിലും പഠനത്തിനെത്തി. കുട്ടികള്‍ക്ക് മാതാപിതാക്കള്‍ പകര്‍ന്നുകൊടുക്കേണ്ടത് അറിവിന്റെ പാഠങ്ങളാണ് അല്ലാതെ വെറുപ്പിന്റെ പഠനങ്ങളല്ല. വെറുപ്പിന്റെ മതം ഏതായാലും ഇന്ത്യക്ക് വേണ്ട.തെളിന്റ ജന്മവാസന കുട്ടികളില്‍ കാണാതിരിക്കട്ടെ. ഈ അവസരം ഓര്‍ക്കുന്നത് മഹാകവി അല്ലാമാ മുഹമ്മദ് ഇക്ബാല്‍ പറഞ്ഞ വാക്കുകളാണ്. ‘മതം ശത്രുത വെച്ചുപുലര്‍ത്താന്‍ ആരെയും പഠിപ്പിക്കുന്നില്ല. നാം ഭാരതീയരാണ്.’ (സാരെ ജഹാം സേ അച്ഛാ ഹിന്ദുസ്ഥാന്‍ ഹമാരാ). ഇത് മതസ്നേഹികളേക്കാള്‍ ദേശസ്നേഹികള്‍ ഓര്‍ത്തിരിക്കട്ടെ.