കോളേജ് വിദ്യാർത്ഥിനി അഞ്ജുശ്രീയുടെ (19) മരണം ആത്മഹത്യ ആണെന്ന നിഗമനത്തിൽ പൊലീസ് എത്തിനിൽക്കേ മരണത്തിൻ്റെ പേരിൽ പഴികേട്ട കാസർഗോഡ് അടുക്കത്ത്ബയല്‍ അൽ റൊമാൻസിയ ഹോട്ടൽ അടഞ്ഞുതന്നെ കിടക്കുകയാണ്. ഹോട്ടൽ പുട്ടാനുള്ള തീരുമാനമെടുത്തത് കാസർഗോഡ് മുൻസിപ്പാലിറ്റിയാണെന്നും ഇനി തുറക്കാനുള്ള അനുമതി നൽകേണ്ടതും അവർ തന്നെയാണെന്നും ഭക്ഷ്യസുരക്ഷാ വകുപ്പ് പറയുന്നു. അതേസമയം ഹോട്ടൽ തുറക്കാനുള്ള അനുമതി നൽകണമെങ്കിൽ ഹോട്ടലിൽ നിന്നും ഭക്ഷ്യസുരക്ഷാ വകുപ്പ് ശേഖരിച്ച് ഭക്ഷ്യ സാമ്പിളുകളുടെ പരിശോധനാഫലം ലഭിക്കണമെന്നാണ് കാസർകോട് മുൻസിപ്പാലിറ്റി ചെയർമാൻ അഡ്വ: വിഎം മുനീർ വ്യക്തമാക്കുന്നത്. ശേഖരിച്ച ഭക്ഷ്യ സാമ്പിളുകളിൽ പ്രശ്നങ്ങളൊന്നും കണ്ടില്ലെങ്കിൽ അടുത്തു തന്നെ ഹോട്ടൽ തുറക്കുവാനുള്ള അനുമതി നൽകുമെന്ന് അദ്ദേഹം ഇന്ത്യാടുഡേയോട് വ്യക്തമാക്കി.

ഹോട്ടലിൽ നിന്നും വാങ്ങിയ കുഴിമന്തിയിൽ നിന്നും ഭക്ഷ്യവിഷബാധയേറ്റാണ് അഞ്ജുശ്രീ മരണപ്പെട്ടതെന്ന ആരോപണമാണ് ആദ്യം ഉയർന്നത്. എന്നാൽ പിന്നീട് ആ മരണം ആത്മഹത്യയാണെന്ന് വ്യക്തമാക്കുകയായിരുന്നു. ഇതിനിടയിൽ ഡിവൈഎഫ്ഐ പോലുള്ള സംഘടനകൾ ഹോട്ടലിലേക്ക് മാർച്ച് നടത്തുകയും ഹോട്ടൽ അടിച്ച് തകർക്കുകയും ചെയ്തിരുന്നു. പക്ഷേ വിഷബാധയുള്ള ഭക്ഷണം വിതരണം ചെയ്തു എന്ന് ആരോപിച്ച് പൊലീസ് ഹോട്ടൽ ഉടമയെയും ജീവനക്കാരെയും അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ അഞ്ജുശ്രീയുടെ മരണം ആത്മഹത്യയാണെന്ന് വ്യക്തമായതോടെ ഇവരെ പൊലീസ് വിടുകയായിരുന്നു. മകളുടെ മരണം ഭക്ഷ്യവിഷബാധയേറ്റാണെന്ന് ചുണ്ടക്കാട്ടിൽ അഞ്ജുശ്രീയുടെ മാതാപിതാക്കൾ ഹോട്ടലിനെതിരെ പോലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു.

മകളുടെ മരണം ആത്മഹത്യയാണെന്ന് മാതാപിതാക്കൾക്ക് നേരത്തെ അറിയാമായിരുന്നു എന്നാണ് പോലീസ് കരുതുന്നത്. എന്നിട്ടും ഇവർ ഭക്ഷ്യവിഷബാധയേറ്റാണെന്ന് ചൂണ്ടിക്കാട്ടി ഹോട്ടലിനെതിരെ പരാതി നൽകുകയായിരുന്നു. പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തു വന്നപ്പോഴാണ് മരണം ഭക്ഷ്യവിഷബാധയേറ്റല്ലെന്നും വിഷം ഉള്ളിൽ ചെന്നാണെന്നും മനസ്സിലായത്. അതേസമയം അഞ്ജുശ്രീയുടെ വീട്ടുകാർ ഹോട്ടലിൽ നിന്നും വാങ്ങിയ ഭക്ഷണത്തിൽ വിഷബാധയ്ക്ക് ഉണ്ടെന്ന് വാദത്തിൽ ഉറച്ചു നിൽക്കുകയായിരുന്നു. പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചതിനു പിന്നാലെ പൊലീസ് അത് അടിസ്ഥാനമാക്കിയാണ് അന്വേഷണം നടത്തിയത്. അഞ്ജുവിൻ്റെ ശരീരത്തിൽ എലിവിഷത്തിന്റെ അംശം എത്തിയിട്ടുണ്ടെന്ന സംശയത്തെ തുടർന്ന് ആന്തരികാവയവങ്ങളുടെ സാമ്പിൾ പരിശോധനയ്ക്കായി കോഴിക്കോട് റീജിയണൽ കെമിക്കൽലാബിലേക്ക് അയച്ചിരിക്കുകയാണ്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഇതിനിടെ അഞ്ജുശ്രീ എഴുതിയതെന്ന് സംശയിക്കുന്ന ആത്മഹത്യ കുറിപ്പ് വീട്ടിൽ നിന്ന് കണ്ടെടുത്തിരുന്നു. ഇത് പൊലീസ് കാസർകോട് സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി. മാനസിക സമ്മർദ്ദം കാരണം പിടിച്ചു നിൽക്കാൻ കഴിയുന്നില്ല, താൻ എല്ലാവരോടും യാത്ര പറയുകയാണ് എന്നാണ് കുറിപ്പിലുള്ളത്. അഞ്ജുശ്രീയുടെ മൊബൈൽ ഫോൺ സൈബർ സെല്ലിന്റെ സഹായത്തോടെ പരിശോധിച്ചപ്പോൾ എലിവിഷത്തെക്കുറിച്ച് ഗൂഗിളിൽ സെർച്ച് ചെയ്തതായി കണ്ടെത്തിയെന്ന് പൊലീസ് പറയുന്നു. എന്നാൽ, ഇത് എവിടെ നിന്ന് വാങ്ങിയെന്ന വിവരമൊന്നും ലഭിച്ചിട്ടില്ല. വീട്ടിൽ നിന്ന് ഇതിന്റെ പാക്കറ്റ് കണ്ടെടുക്കാനും കഴിഞ്ഞിട്ടില്ല.

അതേസമയം, അഞ്ജുശ്രീയുടെ മരണത്തിന് കാരണമായ എല്ലാ വശങ്ങളും പരിശോധിക്കണമെന്നും ദുരൂഹത അകറ്റണമെന്നും വീട്ടുകാർ ആവശ്യപ്പെട്ടു.അഞ്ജുശ്രീയുടെ സുഹൃത്തായ ചട്ടഞ്ചാൽ സ്വദേശിയും ബേക്കറി ജീവനക്കാരനുമായിരുന്ന യുവാവ് ഒന്നരമാസം മുമ്പ് അസുഖത്തെ തുടർന്ന് മരിച്ചിരുന്നു. ഇയാളുമായി രണ്ടുവർഷമായി അഞ്ജുശ്രീ പ്രണയത്തിലായിരുന്നു എന്ന് സൂചനയുണ്ട്. യുവാവ് മരിച്ചതിന്റെ 41ാം ദിവസമാണ് അഞ്ജുശ്രീ മരിച്ചത്. ഇയാളുടെ മരണത്തെ തുടർന്നുണ്ടായ മനോവിഷമം മൂലം ആത്മഹത്യ ചെയ്തതാണെന്നാണ് പൊലീസ് കരുതുന്നത്.