കാസര്‍കോട്, കാഞ്ഞങ്ങാട് മത്സ്യമാര്‍ക്കറ്റില്‍ 24 ദിവസം പ്രായമുള്ള പിഞ്ചു കുഞ്ഞിന്റെ മൃതദേഹം കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി. രാജസ്ഥാനന്‍ സ്വദേശികളായ ദമ്പതിമാരുടെ കുട്ടിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. ബലൂണ്‍ വില്‍പനക്കാരായ അച്ഛനും അമ്മയും പൊലീസ് കസ്റ്റഡിയിലാണ്. ചോദ്യം ചെയ്യലില്‍ സംഭവം സംബന്ധിച്ച് രണ്ടുപേരുടെ മൊഴികളിലും വൈരുദ്ധ്യമുണ്ട്.

കഴിഞ്ഞ ദിവസം തലശേരിയില്‍ ഇതരസംസ്ഥാന തൊഴിലാളികള്‍ തമ്മില്‍ നടന്ന കലഹത്തിനിടെയാണ് പിഞ്ചുകുഞ്ഞിന്റെ മൃതദേഹം മത്സ്യമാര്‍ക്കറ്റില്‍ കുഴിച്ചു മൂടിയന്ന വിവരം പുറത്തറിയുന്നത്. രാജസ്ഥാന്‍ സ്വദേശികളായ ദമ്പതികള്‍ സ്വന്തം കു‍ഞ്ഞിനെ കൊന്നു കുഴിച്ചു മൂടിയെന്ന ആരോപണം വഴക്കിനിടെ ഒരു വിഭാഗം ഉയര്‍ത്തി. തുടര്‍ന്ന് പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലില്‍ കാഞ്ഞങ്ങാട് മത്സ്യമാര്‍ക്കറ്റിലാണ് കുട്ടിയുടെ മൃതദേഹം കുഴിച്ചിട്ടതെന്ന് ദമ്പതികള്‍ സമ്മതിച്ചു.

തുടര്‍ന്ന് ഇവരെ ഹൊസ്ദുര്‍ഗ് സിഐക്ക് കൈമാറി. സംഭവത്തെക്കുറിച്ച് മരിച്ച കുട്ടിയുടെ അമ്മ പറയുന്നതിങ്ങനെ കഴിഞ്ഞ പന്ത്രണ്ടിന് കണ്ണൂരില്‍ നിന്ന് രാജസ്ഥാനിലേയ്ക്ക് പോകുന്നതിനിടെ ബാക്കിവന്ന ബലൂണുകള്‍ വില്‍ക്കാന്‍ കുടുംബം കാഞ്ഞങ്ങാട് ഇറങ്ങി. പിറ്റേന്ന് രാവിലെ കുഞ്ഞിനെ മരിച്ച നിലയില്‍ കണ്ടെത്തി.പിന്നീട് ഭര്‍ത്താവ് ഒരു സഹായിയും ചേര്‍ന്ന് മൃതദേഹം മത്സ്യമാര്‍ക്കറ്റില്‍ കുഴിച്ചു മൂടി. ഇതിന്റെ അടിസ്ഥാനത്തില്‍ ഭര്‍ത്താവിനെ ചോദ്യം ചെയ്തു. സമാനമായ മൊഴിയാണ് ഇയാളില്‍ നിന്നും ലഭിച്ചത്. സംഭവത്തില്‍ അസ്വാഭിക മരണത്തിന് പൊലീസ് കേസെടുത്തു.

കുട്ടിയെ കുഴിച്ചിട്ടുവെന്ന് പറഞ്ഞ സ്ഥലത്ത് പരിശോധന നടത്തി മൃതദേഹം പുറത്തെടുത്തു.പൊലീസ് സര്‍ജന്റെ മേല്‍ നോട്ടത്തിലാണ് മൃതദേഹം പുറത്തെടുത്തത്. ഏതാണ്ട് പൂര്‍ണമായി ജീര്‍ണിച്ച അവസ്ഥയിലുള്ള മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളേജിലേയക്ക് കൊണ്ടു പോയി. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ കുട്ടിയുടെ മരണം സംബന്ധിച്ച് വ്യക്തയുണ്ടാകുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. മാസം തികയാതെ പ്രസവിച്ച കുഞ്ഞിന് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടായിരുന്നെന്ന വിവരവും അന്വേഷണസംഘത്തിന് ലഭിച്ചിട്ടുണ്ട്.