കാസര്‍കോട് ചീമേനിയിലെ റിട്ടയേര്‍ഡ് അധ്യാപികയായ പി.വി ജാനകിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പുലിയന്നൂരില്‍ ജാനകിയുടെ അയല്‍വാസികളായ റെനീഷ്, വൈശാഖ് എന്നിവരാണ് പിടിയിലായത്. എന്നാല്‍ കൃത്യത്തിന്റെ മുഖ്യ സൂത്രധാരനായ അരുണ്‍ ഗള്‍ഫിലേയ്ക്ക് കടന്നതായാണ് സൂചന.

കാഞ്ഞങ്ങാട് ഡിവൈഎസ്പി കെ.ദാമോദരന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്.എന്നാല്‍ കൃത്യം ആസൂത്രണം ചെയ്ത അരുണിനെ പിടികൂടാന്‍ പൊലീസിനായിട്ടില്ല. ദുബായില്‍ ജോലിയുള്ള ഇയാള്‍ അവധിക്ക് വന്ന സമയത്താണ് കൊലപാതകം നടത്തിയത്. സംഭവത്തിന് ശേഷം രാജ്യം വിട്ട അരുണിനെ തിരിച്ചുകൊണ്ടുവരുന്നതിനുള്ള ശ്രമങ്ങളും അന്വേഷണസംഘം ആരംഭിച്ചു. കൃത്യത്തില്‍ പങ്കെടുത്ത മൂന്നുപേരും ജാനകിയുടെ അയല്‍വാസികളാണ്. പ്രതികളിൽ അരുൺ ഒഴികെയുള്ള രണ്ടുപേരും ജാനകിയുടെ ശിഷ്യരായിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പിടിയിലായ രണ്ടുപേരെയും ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്യുകയാണ്. മോഷണം ലക്ഷ്യമിട്ടായിരുന്നു കൊലപാതകം എന്ന് പ്രതികള്‍ സമ്മതിച്ചതായാണ് വിവരം. ആക്രമിക്കുന്നതിനിടെ സംഘത്തില്‍ ഉള്‍പ്പെട്ട ഒരാളെ ജാനകി തിരിച്ചറിഞ്ഞതായി പൊലീസിന് മൊഴി ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം പ്രദേശവാസികളിലേക്ക് കേന്ദ്രീകരിച്ചത്.

കഴിഞ്ഞ ഡിസംബര്‍ പതിമൂന്നിന് രാത്രി പത്തുമണിയോടെയായിരുന്നു മൂന്നംഗസംഘം വീട്ടില്‍ അതിക്രമിച്ച് കയറി ജാനകിയെ കുത്തി കൊലപ്പെടുത്തിയത്. മോഷണത്തിനെത്തിയ സംഘം ഭര്‍ത്താവ് കൃഷ്ണനെ മാരകമായി മുറിവേല്‍പ്പിക്കുകയും ചെയ്തിരുന്നു. സംഭവത്തില്‍ പ്രതികളെ പിടികൂടാന്‍ വൈകുന്നതില്‍ പൊലീസ് ഏറെ വിമര്‍ശനം നേരിട്ടിരുന്നു. സി.പി.എം ജില്ലാ സമ്മേളനത്തില്‍ വിമര്‍ശനത്തിന്റെ മുന ആഭ്യന്തരവകുപ്പിന് നേരെവരെ നീളുന്ന സാഹചര്യമുണ്ടായി.