ശ്രീനഗര്‍: ജമ്മു കശ്മീരില്‍ സൈനികര്‍ക്കുനേരെ ഗ്രാമീണര്‍ കല്ലേറ് നടത്തിയതിനെത്തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ രണ്ടുപേര്‍ മരിച്ചു. പുല്‍വാമ ജില്ലയില്‍ ഞായറാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം. സൈന്യം തീവ്രവാദികളെ നേരിടുന്നതിനിടെയാണ് ജനക്കൂട്ടം സംഘടിച്ചെത്തി കല്ലേറ് നടത്തിയത്. ഷെയ്ത (25), ഡാനിഷ് റഷീദ് മിര്‍ (24) എന്നിവരാണ് മരിച്ചത്. ഏറ്റുമുട്ടലിനിടെ ഒരു തീവ്രവാദിയെ സൈന്യം വധിച്ചു.
സംഘര്‍ഷത്തിനിടെ വെടിയേറ്റും കണ്ണീര്‍വാതക ഷെല്‍ പതിച്ചും പത്തോളം ഗ്രാമീണര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ശ്രീനഗറിലെ ആസ്പത്രിയിലേക്ക് മാറ്റി. സൈന്യവും തീവ്രവാദികളും തമ്മില്‍ ഏറ്റുമുട്ടല്‍ നടക്കുന്നുവെന്ന വാര്‍ത്ത പ്രചരിച്ചതിന് പിന്നാലെയാണ് ഒരുസംഘം ഗ്രാമീണര്‍ സൈനികര്‍ക്കുനേരെ തിരിഞ്ഞത്. രണ്ട് ഗ്രാമീണര്‍ മരിച്ചതിനെത്തുടര്‍ന്ന് സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയിട്ടുണ്ട്.