ശ്രീനഗര്‍: മകന്‍ ആയുധമെടുക്കില്ലെന്ന വിശ്വാസം ഫയാസ് അഹമ്മദിനുണ്ടായിരുന്നു. ഞായറാഴ്ച പുലര്‍ച്ചെ അഞ്ചിന് മുഹമ്മദ് റാഫി ഭട്ടിന്റെ ഫോണ്‍വിളി വരുംവരെ. ‘നിങ്ങളെ ഞാന്‍ വേദനിപ്പിച്ചെങ്കില്‍ മാപ്പുചോദിക്കുന്നു’ എന്നായിരുന്നു ഫോണില്‍ മുഴങ്ങിയ സന്ദേശം. ഞായറാഴ്ച പുലര്‍ച്ചെ ഷോപിയാനില്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട കശ്മീര്‍ സര്‍വകലാശാലയിലെ അസിസ്റ്റന്റ് പ്രൊഫസര്‍ മുഹമ്മദ് റാഫി ഭട്ട് വീടുവിട്ടിറങ്ങിയശേഷം ആദ്യമായും അവസാനമായും വീട്ടിലേക്കുവിളിച്ച വിളിയായിരുന്നു അത്.
സുരക്ഷാസേന വളഞ്ഞ ഷോപിയാനില്‍നിന്നുള്ള എല്ലാ ഫോണ്‍വിളികളും നിരീക്ഷിക്കുകയായിരുന്ന പോലീസ് റാഫിയുടെ ഫോണ്‍വിളി പെട്ടെന്ന് തിരിച്ചറിഞ്ഞു. മകനോട് കീഴടങ്ങാന്‍ നിര്‍ദേശിക്കണമെന്ന് വീട്ടിലെത്തിയ പോലീസ് സംഘം ഫയാസ് അഹമ്മദിനോടാവശ്യപ്പെട്ടു. അതിനിടെ ഏറ്റുമുട്ടല്‍ തുടങ്ങിയിരുന്നു.
ഭീകരപ്രവര്‍ത്തനത്തിലേക്ക് വഴിതെറ്റിയ മകനെ ഒരിക്കല്‍ക്കൂടി പിന്തിരിപ്പിക്കാന്‍ ഫയാസ് അഹമ്മദ് പോലീസിനൊപ്പം ഷോപിയാനിലേക്ക് പുറപ്പെട്ടു. ഒപ്പം, അദ്ദേഹത്തിന്റെ ഭാര്യയും മകളും റാഫിയുടെ ഭാര്യയും. എന്നാല്‍, റാഫിയുടെ മരണവാര്‍ത്തയറിഞ്ഞ് പാതിവഴിയില്‍നിന്നുതന്നെ ഇവര്‍ മടങ്ങി. പുലര്‍ച്ചെ റാഫിയുമായുള്ള ഫോണ്‍സംഭാഷണത്തില്‍ത്തന്നെ ഫയാസ് അഹമ്മദ് ഇയാളോട് കീഴടങ്ങാന്‍ ആവശ്യപ്പെട്ടിരുന്നെന്ന് പോലീസ് പറഞ്ഞു.
സോഷ്യോളജിയില്‍ പിഎച്ച്.ഡി. നേടിയ 33-കാരനായ റാഫി കശ്മീര്‍ സര്‍വകലാശാലയില്‍ കരാറടിസ്ഥാനത്തില്‍ ജോലി ചെയ്തുവരികയായിരുന്നു. ഭീകരസംഘടനയില്‍ റാഫി ചേര്‍ന്നെന്നുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നെങ്കിലും അയാള്‍ ആയുധമെടുക്കില്ലെന്നാണ് ഫിയാസ് അഹമ്മദ് പോലീസിനോട് ആവര്‍ത്തിച്ചിരുന്നത്.
പതിനെട്ടാം വയസ്സില്‍ പാക് അധീന കശ്മീരിലേക്ക് പോകാന്‍ റാഫി ശ്രമിച്ചിരുന്നു. അന്ന് പോലീസ് പിടികൂടി മാതാപിതാക്കളെ ഏല്‍പ്പിക്കുകയായിരുന്നു. തൊണ്ണൂറുകളിലാദ്യം ഒരു ഭീകരസംഘടനയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചയാളാണ് ഫയാസ് അഹമ്മദ് ഭട്ടും.
Leave a Reply