ന്യൂഡൽഹി∙ ജമ്മു കശ്മീരിലെ കത്വയിൽ എട്ടുവയസ്സുകാരി ക്രൂരമായ പീഡനത്തിനിരയായി കൊല്ലപ്പെട്ട കേസിന്റെ വിചാരണ സുപ്രീംകോടതി സ്റ്റേ ചെയ്തു. സംഭവം സിബിഐ അന്വേഷിക്കണമെന്നും കേസിന്റെ വിചാരണ ചണ്ഡിഗഢിലേക്കു മാറ്റണമെന്നും ആവശ്യപ്പെട്ടുള്ള ഹർജികൾ കോടതിയുടെ പരിഗണനയ്ക്കെത്തിയ സാഹചര്യത്തിലാണ് അടുത്തമാസം ഏഴുവരെ സ്റ്റേ ഏർപ്പെടുത്തിയത്.

ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്. കേസില്‍ രാഷ്ട്രീയ ഇടപെടല്‍ ശക്തമായ സാഹചര്യത്തിലാണു വിചാരണ മാറ്റണമെന്ന ആവശ്യവുമായി പെൺകുട്ടിയുടെ കുടുംബം രംഗത്തെത്തിയത്. കേസ് അന്വേഷിച്ച ജമ്മു കശ്മീർ ക്രൈംബ്രാഞ്ച് സംഘം ഏഴു പേരെ പ്രതി ചേർത്തു കുറ്റപത്രം സമർപ്പിച്ചിരുന്നു. പ്രായപൂർത്തിയാകാത്ത ഒരാൾക്കെതിരെ മറ്റൊരു കുറ്റപത്രവും കത്വ ജുവനൈൽ കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

നാടോടി ഗോത്രവിഭാഗമായ ബഖർവാല മുസ്‌ലിം സമുദായത്തിലെ എട്ടുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ഒരാഴ്ച തടവിൽ പീഡിപ്പിച്ചശേഷം ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം കാട്ടിൽ ഉപേക്ഷിച്ചുവെന്നാണു കേസ്. ജമ്മുവിൽനിന്നു 90 കിലോമീറ്റർ അകലെ കഠ്‍വയിലെ രസന ഗ്രാമത്തിലെ ക്ഷേത്രത്തിലെ മുറിയിലാണു കുട്ടിയെ തടവിൽ വച്ചത്.

മരുന്നു നൽകി മയക്കിയശേഷമായിരുന്നു പീഡനം. ജനുവരിയിൽ നടന്ന സംഭവത്തിൽ ക്രൈം ബ്രാഞ്ച് തയാറാക്കിയ കുറ്റപത്രത്തിലെ വിശദാംശങ്ങൾ കഴിഞ്ഞ ഒൻപതിനു പുറത്തുവന്നതോടെയാണു സംഭവം ദേശീയശ്രദ്ധ നേടിയത്. ബഖർവാലകളെ ജമ്മു മേഖലയിൽനിന്നു തുരത്തുക എന്ന ലക്ഷ്യത്തോടെയായിരുന്നു പീഡനവും കൊലപാതകവുമെന്നു ക്രൈംബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്. പ്രതികളിൽ നാലുപേർ പൊലീസുകാരാണ്. പ്രതികളെ അനുകൂലിച്ചു നടന്ന പ്രകടനത്തിൽ പങ്കെടുത്ത ജമ്മു കശ്മീരിലെ രണ്ടു ബിജെപി മന്ത്രിമാർ രാജിവച്ചിരുന്നു.