ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം
ഇടുക്കി ജില്ലയിലെ തൊടുപുഴയ്ക്ക് സമീപമുള്ള വണ്ണപ്പുറം പഞ്ചായത്തിലാണ് കാറ്റാടിക്കടവ് വിനോദസഞ്ചാര കേന്ദ്രം സ്ഥിതിചെയ്യുന്നത്. കൃത്യമായി പറഞ്ഞാൽ വണ്ണപ്പുറത്തുനിന്ന് എട്ട് കിലോമീറ്റർ യാത്ര. റോഡരികിൽ ബൈക്ക് സുരക്ഷിതമായി വെച്ച് അടുത്തുള്ള കടയിൽ നിന്ന് ഒരു കുപ്പി വെള്ളവും വാങ്ങി കാറ്റാടിക്കടവിലേക്ക് നടക്കാൻ തുടങ്ങാം. 2 കിലോമീറ്റർ മുകളിലേക്ക് നടക്കണം, കാറ്റാടികടവിനെ അനുഭവിച്ചറിയാൻ. സമുദ്രനിരപ്പിൽ നിന്ന് 2864 അടി ഉയരത്തിലാണ് കാറ്റാടിക്കടവ് സ്ഥിതിചെയ്യുന്നത്. ആദ്യത്തെ കുറെ ദൂരം കുത്തനെയുള്ള കയറ്റം ആണ്. ഇടയ്ക്കുള്ള പാറക്കല്ലുകളിൽ ഇരുന്ന് വിശ്രമിച്ച ശേഷം മുന്നോട്ട് നീങ്ങാം. കയറ്റത്തിന്റെ എല്ലാ ക്ഷീണവും നീക്കിക്കളയുന്ന അതിമനോഹര കാഴ്ചകളാണ് മലമുകളിൽ നമ്മെ കാത്തിരിക്കുന്നത്. ഏറ്റവും മുകളിലെ ഒന്നാമത്തെ വ്യൂ പോയിന്റിൽ എത്തിയാൽ 360 ഡിഗ്രിയിലുള്ള കാഴ്ചകൾ ലഭിക്കും. പച്ചപ്പട്ടുടുത്ത് നിൽക്കുന്ന പ്രകൃതിയുടെ സൗന്ദര്യം അടുത്തറിയാം. സന്ദർശകരുടെ സംരക്ഷണാർത്ഥം വൻകൊക്ക വേലി കെട്ടി തിരിച്ചിട്ടുണ്ട്. ഇവിടെ നിന്നാൽ വണ്ണപ്പുറം, തൊടുപുഴ നഗരങ്ങൾ മുഴുവനായും കാണാം.
അവിടെ നിന്ന് നോക്കിയാൽ തൊട്ട് മുന്നിൽ കാണുന്ന മരതകമലയിലാണ് രണ്ടാം വ്യൂ പോയിന്റ്. ആദ്യ ഇടത്തുനിന്നും ഒരു കിലോമീറ്ററോളം നടന്നു വേണം ഇവിടെയെത്താൻ. പാറക്കെട്ടുകൾക്കിടയിലൂടെയും വള്ളിപ്പടർപ്പുകൾക്കടിയിലൂടെയും നടന്നു മരതകമല കയറുന്നത് ഗംഭീര ട്രെക്കിങ്ങ് അനുഭവമാണ്. മലമുകളിൽ എത്തിയാൽ പിന്നീട് തെളിയുന്നത് സ്വർഗമാണ്, ഭൂമിയിലെ സ്വർഗം. ചുറ്റും മലനിരകൾ, വളർന്നുനിൽക്കുന്ന പുല്ലുകൾ. ഒപ്പം ഏറ്റവും മുകളിൽ നമ്മൾ. ചാറി നിന്ന മഴ മാറി കോട വിരുന്നെത്തിയ കാഴ്ച ഏതൊരുവനെയും ആനന്ദിപ്പിക്കുന്നതാണ്. ഇടത്തുനിന്നും മലനിരകളെയും നമ്മളെയും തഴുകി വലത്തേക്ക് കോട ഒഴുകി നീങ്ങും.
വൈകുന്നേരം 4 മണിക്കാണ് ഞങ്ങൾ മല കയറിയത്. കോട മാറിനിന്നപ്പോൾ വൈകുന്നേരത്തെ സൂര്യൻ തെളിഞ്ഞു. ദിക്കുകളിലേക്ക് പരന്നൊഴുകുന്ന സൂര്യ രശ്മികൾ. മലയുടെ മുകളിൽ നിന്ന് സൂര്യനെ കയ്യെത്തിപിടിക്കാൻ ആരുമൊന്ന് കൊതിച്ചുപോകും. പ്രകൃതി സമ്മാനിക്കുന്ന അതിമനോഹര കാഴ്ചയെ ഹൃദയത്തിലേറ്റി മലയിറങ്ങാം. സദാനേരവും കാറ്റ് വീശുന്ന ഇവിടം, വണ്ണപ്പുറം പഞ്ചായത്തിന്റെ കീഴിലുള്ള ഹെറിറ്റേജ് ഫാം ആൻഡ് ഹില്ലി ടൂറിസം സൊസൈറ്റിയുടെ കീഴിലാണുള്ളത്. രാവിലെ 6 മുതൽ വൈകുന്നേരം 6 വരെയാണ് പ്രവേശനം. കോട്ടപ്പാറ ഹിൽസ്റ്റേഷൻ, തൊമ്മൻകുത്ത് വെള്ളച്ചാട്ടം, ആനയാടികുത്ത് വെള്ളച്ചാട്ടം, വെണ്മണി വ്യൂ പോയിന്റ് എന്നിവ കാറ്റാടിക്കടവിന് സമീപം സന്ദർശിക്കാവുന്ന മനോഹര ഇടങ്ങളാണ്.
Leave a Reply