മണമ്പൂര്‍ സുരേഷ്

മലയാളി അസോസിയേഷന്‍ ഓഫ് ദ യുകെയുടെ ആസ്ഥാനമായ മാനര്‍പര്‍ക്കിലെ കേരള ഹൗസില്‍ ”കട്ടന്‍കാപ്പിയും കവിതയും” എന്ന സഹൃദയ വേദിയുടെ ബാനറില്‍ സംഘടിപ്പിച്ച പ്രസിദ്ധ മോഹന വീണാ വിദ്വാനായ പോളി വര്‍ഗീസിന്റെ സംഗീത സന്ധ്യയുടെ ഒരു ആസ്വാദനമാണ്, അല്ല അനുഭവമാണ് ഈ വരികള്‍. ഇപ്പോള്‍ ലണ്ടനില്‍ പരിപാടികള്‍ അവതരിപ്പിച്ചു വരികയാണദ്ദേഹം. എംഎയുകെ ആസ്ഥാനമായ ലണ്ടനിലെ കേരളാ ഹൗസില്‍ ”കട്ടന്‍ കാപ്പിയും കവിതയും” വേദിയെ തന്നിലേക്ക് പിടിച്ചടുപ്പിക്കയായിരുന്നു. കേരളത്തില്‍ രണ്ടേ രണ്ടു കണ്‍സേര്‍ട്ടുകള്‍ മാത്രം അവതരിപ്പിച്ചിട്ടുള്ള, കേരളം ശരിക്കും അറിയാത്ത സംഗീതജ്ഞനാണ് പോളി വര്‍ഗീസ്. ഉത്തരേന്ത്യയില്‍ നിന്നും വന്നു കഴിഞ്ഞ കുറെ വര്‍ഷമായി തമിഴ്നാട്ടില്‍ താമസിക്കുന്ന അദ്ദേഹത്തെ ഇന്ത്യയിലും പുറത്തും സംഗീതാസ്വാദകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നു.

ജീവിതം പ്രവാസമാക്കിയ, ഒപ്പം പ്രവാസം തന്നെ ജീവിതമാക്കിയ റിയാലിറ്റി ഷോയുടെ പ്രോഡക്ടല്ലാത്ത, അതെ സമയം റിയാലിറ്റിയുടെ പ്രോഡക്ടായ കലാകാരന്‍ അതാണ് പോളി. സരോദിന്റെയും സാരംഗിയുടെയും സിതാറിന്റെയും ഗിതാറിന്റെയും സമ്മേളനം ആയ മോഹന വീണയില്‍ ലോകത്തു ആകെയുള്ള 5 വിദ്വാന്മാരില്‍ ഒരാളായ പോളി വര്‍ഗീസ്. കവിതയും തത്വശാസ്ത്രവും, ആത്മകഥയും, അതിലെല്ലാം തിളങ്ങി നില്‍ക്കുന്ന വിശ്വ സാഹോദര്യവും പോളി വര്‍ഗീസിന്റെ സന്ധ്യ കൂടുതല്‍ ഹൃദ്യവും ചിന്തോധീപകവുമാക്കി.

പോളിയുടെ മോഹന വീണാലാപനവും, ജീവിതവും ഇഴ വേര്‍പെടുത്തി എടുക്കാന്‍ കഴിയാത്ത അവസ്ഥയിലാണ്. അല്ലെങ്കില്‍ ജീവിതം തന്നെ സംഗീതമാകുന്ന അവസ്ഥ. ശുദ്ധ സംഗീതം മാത്രം കേള്‍ക്കാനായി അദ്ദേഹത്തെ കാണാന്‍ കഴിയില്ല. അവിടെ കവിതയുണ്ട്, തത്വശാസ്ത്രമുണ്ട്, ജീവിത വീക്ഷണമുണ്ട് അല്ല ജീവിതമുണ്ട്. ഇത് നമ്മിലേക്ക് പകരുന്ന ഒരു പ്രക്രിയ ആണ് പോളി വര്‍ഗീസിന്റെ സംഗീതം. ഒരു തരം പകര്‍ന്നാട്ടം. പോളി നമ്മളില്‍ ഒരാളായി നമ്മളായി മാറുന്ന ഒരവസ്ഥ.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

മതത്തിന്റെയും ദേശീയതയുടെയും ഭൂതല അതിര്ത്തികളൊക്കെ ഭേദിച്ച് ആകാശത്തിന്റെ വിശ്വ സാഹോദര്യത്തിലേക്ക് വിശാലതയിലേക്ക് പരന്നൊഴുകുകയാണ് പോളിയുടെ സംഗീതവും, ജീവിതവും, വിശ്വാസങ്ങളും. ബാവുല്‍, സൂഫി സംഗീതജ്ഞനും ചിന്തകനും, എഴുത്തുകാരനുമായിരുന്ന ലാലന്‍ ഫകീര്‍ പോളി വര്‍ഗീസിന്റെ ജീവിതത്തിലെ വലിയ സ്വാധീനമാണ്. മുസ്ലീമായി ജനിച്ചു ഗോത്ര വര്‍ഗക്കാര്‍ വളര്‍ത്തിയ ലാലന്‍ ഫകീറിന്റെ കവിതകള്‍ ജാതി മത ചിന്തകള്‍ക്കും ദേശീയതകള്‍ക്കും അതീതമായി വര്‍ത്തിച്ചു. ഒരു പരമ്പരാഗത ക്രിസ്ത്യന്‍ കുടുംബത്തില്‍ ജനിച്ചു ഇന്ത്യയിലെല്ലാം അലഞ്ഞു നടന്നു വേശ്യാ ഗൃഹത്തിലെ പണി മുതല്‍ ലോക പ്രസിദ്ധ സംഗീതജ്ഞന്‍ വിശ്വ മോഹന്‍ ഭട്ടിന്റെ പ്രിയ ശിഷ്യന്‍ വരെ ആയ പോളി വര്‍ഗീസ് ലാലന്‍ ഫകീറിനെപ്പോലെ എല്ലാ അതിരുകള്‍ക്കും അപ്പുറത്തുള്ള ഒരു വിശ്വ മാനവികതയെ തന്നെയാണ് ഹൃദയത്തോട് ചേര്‍ത്ത് പിടിക്കുന്നത്.

പദ്ധതികളും, ഡയറിയും ഒന്നുമില്ലാതെ സംഗീതത്തിനും തന്റെ തുറന്ന ചിന്തകള്‍ക്കും വേണ്ടി ഉഴിഞ്ഞു വച്ച ജീവിതമാണ് പോളിയുടേത്. ബാവുല്‍ സംഗീതവും, സുഫീ സംഗീതവും, രബീന്ദ്ര സംഗീതവും മാത്രമല്ല മഹാകവി കുമാരനാശാന്റെ കരുണ വരെ മോഹന വീണയില്‍ ആലപിച്ചിട്ടേ അദ്ദേഹം തന്റെ കണ്‍സേര്‍ട്ട് പൂര്‍ണ്ണമാക്കുകയുള്ളൂ. മനോജ് ശിവ തബലയിലൂടെ ഈ അപൂര്‍വ കലാകാരനോടൊപ്പം കൂടുന്നു. ഡല്‍ഹിയില്‍ രാത്രി മൊത്തം കവിതയും, സംഗീതവുമായി ഇരിക്കുന്ന രാവുകളുണ്ട്. അതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ അത് പഴയ ഡല്‍ഹിയിലാണെന്ന് പോളി വര്‍ഗീസ് പറഞ്ഞു.

ഏതായാലും അതുപോലൊരു രാത്രി സംഗീതവും, കവിതയും തത്വശാസ്ത്രങ്ങളൂമായി ലണ്ടനില്‍ പോളി വര്‍ഗീസിനോടൊപ്പം ചെലവിടാനുള്ള മോഹം എന്നാണാവോ നടക്കുക. പോളിക്കങ്ങനെ ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ സന്തോഷമേ ഉള്ളുവത്രേ. ആ തുറന്ന ചിരി എല്ലാം പറയുന്നുണ്ടായിരുന്നു.