റ്റിജി തോമസ്

മഴ ശക്തിയായി പെയ്യുന്നുണ്ട്. വളരെ നാൾ കൂടി പെയ്യുന്ന മഴയാണ്. അതിൻറെ തിമിർപ്പ് മുഴുവനായുണ്ട്.

വെള്ളിനൂലുകളുടെ എണ്ണം എടുക്കാൻ കുട്ടി വെറുതെ ശ്രമിച്ചു. ഒന്ന്, രണ്ട്, മൂന്ന്…..

അകലെ ആകാശത്ത് തീക്കൊള്ളികൾ പറന്നുനടന്നു. “ഇങ്ങ്ട് മാറിനില്ല് കുട്ടാ, എറിച്ചിലടിക്കണ്ട”

മാറ്റി നിർത്തി മുത്തശ്ശി ജനൽ അടച്ചു.

വെള്ളിനൂലുകളുടെ അപ്രാപ്യത വിമ്മിട്ടം ഉണ്ടാക്കുന്നതുപോലെ. അദൃശ്യതയിൽ വെള്ളിനൂലുകളും തീക്കൊള്ളികളും….. തേങ്ങലിൻെറ ഈണങ്ങൾ ഇച്ചേയിക്കൊപ്പം നീളുന്നു.

അകലെ കാടിൻെറ മടിയിലും വെള്ളിനൂലുകൾ നൃത്തം ചെയ്യുന്നുണ്ടാവും. നിറഞ്ഞൊഴുകുന്ന കാട്ടാറിൻെറ കരയിൽ വെള്ളം തെറ്റിച്ച് ആനക്കുട്ടികൾ കളിക്കുന്നുണ്ടാവും.

ചോറ് ഉണ്ടുകൊണ്ടിരുന്നപ്പോൾ മനസ്സ് വെള്ളിനൂലുകളിൽ നിന്നു വിമുക്തമാക്കപ്പെട്ട് കാടിൻറെ മടിയിൽ അഭയം തേടിയിരുന്നു.

അമ്മയുടെ അരിക് ചേർന്ന് ഉറങ്ങാൻ കിടന്നു. പകുതി ചാരിയ ജനലിനിടയിലൂടെ തണുത്ത കാറ്റ് ഉള്ളിലേയ്ക്ക് അടിക്കുന്നുണ്ട്. ഇന്നലെ ജനലിനിടയിലൂടെ ചന്ദ്രനെ കാണാമായിരുന്നു. ഇച്ചിര പതിഞ്ഞ ചന്ദ്രൻ, പിന്നെ കുറെ വെളുത്ത മേഘങ്ങളും.

കുട്ടി അമ്മയെ നോക്കി.

അമ്മ എന്തായിരിക്കും ചിന്തിക്കുന്നത്? ഇച്ചേയിയെക്കുറിച്ചായിരിക്കുമോ?

അമ്മയുടെ മുമ്പിൽനിന്ന് ഇച്ചേയി കരയുന്നു. കലങ്ങിയ കണ്ണുകളിലേക്ക് ഒന്നെ നോക്കിയേയുള്ളൂ.

“ഞാൻ പോവാ….” ഇച്ചേയി പറഞ്ഞു.

അമ്മ എന്തെങ്കിലും പറഞ്ഞോ?

“അടുത്തല്ലേ കാട് അവിടെ ഞാനും പോയി ചത്താലോന്ന്…”

അമ്മ എന്തോ പറഞ്ഞു.

തിരിഞ്ഞുനിന്നു. കണ്ണുകൾക്ക് മുമ്പിൽ ചില വളയങ്ങൾ അകന്നകന്നുപോകുന്നതു പോലെ.

തിരിഞ്ഞുനോക്കിയപ്പോൾ ഇച്ചേയി ഇല്ലായിരുന്നു. എവിടേക്കോ നോക്കി കൊണ്ട് അമ്മ മാത്രം നിൽക്കുന്നു. അമ്മയുടെ കലങ്ങിയ കണ്ണുകളിലേക്ക് നോക്കാൻ ഭയപ്പെട്ടു.

“കണ്ണടച്ച് കിടന്ന് ഉറങ്ങ് കുട്ടാ.” അവനെ ചേർത്തു കിടത്തി കൊണ്ട് അമ്മ പറഞ്ഞു.

“അമ്മേ…. കാട്ടില് ആനേണ്ടല്ലേ?”

“ഉം.”

“പുലിണ്ടോ”?

“ഉം.”

“പാമ്പോ?”

“എല്ലാംണ്ട്. കുട്ടൻ കിടന്നുറങ്ങ്.”

“അമ്മേ…. ഇച്ചേയിക്ക് ആനേം പുലിനേം ഒന്നും പേടീല്ലേ?”

“ൻെറ കുട്ടാ…..ഇച്ചേയി വെറുതെ പറയുന്നതല്ലേ.”

അവൻ അമ്മയെ നോക്കി. അവൻെറ മുമ്പിൽ അമ്മ വളർന്നു., ഭൂമിയിൽ നിന്ന് ആകാശത്തിലേക്ക് എല്ലാം അറിയുന്ന അമ്മ!

മുത്തശ്ശിയോട് ചോദിച്ചാലോ? വേണ്ടാ. മുത്തശ്ശിക്ക് ഇച്ചേയിയെ കണ്ണെടുത്താൽ കണ്ടൂടാ! മുത്തശ്ശി എന്തെങ്കിലും പറഞ്ഞാൽ ഇച്ചേയി ഒന്നും മിണ്ടില്ല.

ചിലപ്പോൾ മുത്തശ്ശി പറയുന്നതൊന്നും മനസ്സിലാവില്ല.

കാട്ടിൽ പോവാം വീട്ടിൽ പോവാം കുറുക്കനേം ആനേം പേടീണ്ടോ?

“ഇല്ലാ” ഇച്ചേയി പറഞ്ഞു.

അവൻ ഇച്ചേയിയുടെ കണ്ണുകളിലേയ്ക്ക് ഊതി.

“ഇച്ചേയിക്ക് പേടീണ്ട് കണ്ണടച്ചല്ലോ! ”

ഇച്ചേയിയുടെ അച്ഛനും അമ്മയും താമസിക്കുന്നത് അങ്ങ് അകലെയാണ്. അവിടെ കാടുണ്ട്. വല്ല്യ കാടാണന്നാണ് ഇച്ചേയി പറഞ്ഞത്.

” അവിടെ വല്ല്യ ആനയുണ്ട് കുട്ടാ. പിന്നെ വല്ല്യ പുലിയും കരടിയും ഒക്കെ ഉണ്ട്.”

കാട്ടിലെ കാര്യം പറയുമ്പോൾ ചുറ്റും നോക്കും മുത്തശ്ശിയുണ്ടോന്ന്. മുത്തശ്ശിയെങ്ങാൻ കേട്ടാൽ പറയും.

“കൊച്ചിനെ ഓരോന്ന് പറഞ്ഞ് പേടിപ്പിച്ചോ. എന്നിട്ടുവേണം രാത്രി നെലോളിക്കാൻ.”

ഇച്ചേയി കാടിനെക്കുറിച്ച് പറയുമ്പോഴെല്ലാം വല്ല്യകുട്ടിയേ പറയുകയുള്ളൂ. പിന്നെ ഈണമുള്ള ഒരു നീട്ടും.

ഇച്ചേയി പറഞ്ഞ കഥകളിലെ രാജകുമാരന്മാർ കുതിരപ്പുറത്തു കയറി കാട്ടിലൂടെ പറഞ്ഞു പോയി. അമ്മ ഉറങ്ങാൻ പറഞ്ഞ കഥകളിലെ മറുതകൾ കാടിൻെറ ഇരുട്ടിൽ പുളച്ചു നടന്നു. അമ്പും വില്ലുമായ് രാജകുമാരന്മാർ. ഉറങ്ങാത്ത കുട്ടികളെ പിടിച്ചു കൊണ്ട് പോകുന്ന മറുതകൾ. കരയുന്ന കുട്ടികളെ പിടിച്ച് തിന്നുന്ന യക്ഷികൾ.

ഇരിട്ടിൽ പ്രകാശവളയങ്ങൾ രൂപപ്പെട്ടു. അടുക്കുകയും അകലുകയും ചെയ്യുന്ന വളയങ്ങൾ.

ഇച്ചേയിയുടെ അച്ഛൻറെ വീട്ടിൽ പോകാൻ ബസ്സിൽ കയറണം. ഒത്തിരിയുണ്ട് യാത്ര. വല്ല്യ കുന്നിൻെറയൊക്കെ മുകളിലൂടെ.

രാജകുമാരൻ ആയിരുന്നെങ്കിൽ കുതിരപ്പുറത്തുകയറി പോകാമായിരുന്നു. മറുതകൾ എങ്ങനെയായിരിക്കും യാത്ര ചെയ്യുന്നത്?

ഇച്ചേയിയുടെ അച്ഛൻറെ വീട്ടിൽ ഒരിക്കൽ പോയിട്ടുണ്ട്. പോകുമ്പോൾ കാടു കാണാം.

“കാടിൻെറ ഉള്ളില് വഴീന്നൂല്ലേ ഇച്ചേയി? ”

“ല്ല കുട്ടാ ”

“പിന്നെ രാജകുമാരന്മാർ കുതിര ഓടിക്കുന്നത് ഏതു വഴിയാ?”

ഇച്ചേയി ചിരിച്ചു.

ഇച്ചേയി ഇപ്പോൾ എവിടെ ആയിരിക്കും? കാട്ടിലായിരിക്കുമോ?

ജനലിനിടയിലൂടെ വെളിയിലേക്ക് നോക്കാൻ പേടിയാവുന്നു. പുതിയ വളയങ്ങൾ തീർത്തുകൊണ്ട് മിന്നാമിനുങ്ങുകൾ പറന്നു നടന്നു.

ഒരു കൊതുക് ചെവിയിൽ വന്നു മൂളി ശരീരത്തിനു ചുറ്റും പറന്നു. ഒരു വലയം സൃഷ്ടിക്കുന്നതുപോലെ.

അനങ്ങാതെ കിടന്നു.

കാട്ടിനുള്ളിലൂടെ കുതിരെ ഓടിച്ചു. രാജകുമാരന്മാർ വില്ലുകുലയ്ക്കുന്നു. അകലെ, അങ്ങ് ദൂരെ ദൂരെ അമ്മയും ഇച്ചേയിയും, വില്ലുകുലയ്ക്കാൻ അമ്പെടുത്തു. വല്ല്യ അമ്പാണ്. അമ്പ് ദൂരേയ്ക്ക് പോകുന്നില്ല. ഒട്ടിപിടിച്ചിരിക്കുന്നു. അകലെ ആനകളുടെ ചിന്നം വിളികൾ. രാജകുമാരന്മാരെ കാണുന്നില്ല. കാലടി ശബ്ദം മറുതകളുടേതാണോ? അമ്മയും ഇച്ചേയിയും ഉണ്ടല്ലോ പിന്നെന്താ പേടിക്കാൻ. അടുത്ത് തോടുണ്ട്. ഇച്ചേയി പറഞ്ഞപോലെ വല്ല്യ തോടാണ്. തോട്ടിലോട്ട് ഇറങ്ങി നിന്നാലോ? വേണ്ട. തോട്ടിൽ നിന്ന് ഒരു പാമ്പ് കയറി വരുന്നു. പാമ്പിൻെറ ദേഹത്ത് വളയങ്ങൾ അടുക്കുകയും അകലുകയും ചെയ്യുന്നു. പാമ്പ് കടിക്കുമോ? പാമ്പിനോട് കൂട്ടുകൂടാം. കൂട്ടുകാരെ കടിക്കില്ല. സൂത്രത്തിൽ കൂട്ടുകൂടി അപ്പുറത്തു ചാടി ഓടാം. പാമ്പ് ചിരിക്കുകയാണോ? ആനകൾ അടുത്തടുത്തുവരുന്നു. ആനകൾ, പുലികൾ, പാമ്പുകൾ….. കുതിരപ്പുറത്ത് കയറി രക്ഷപ്പെടാം. ഒട്ടിപിടിച്ചിരിക്കുന്നതുപോലെ. അമ്മയും ഇച്ചേയിം ചിരിക്കുന്നു. തുമ്പി കൈകൾ നീണ്ട് വരുന്നു….

“അമ്മേ …..”

“ന്താ കുട്ടാ…കിനാവുകണ്ടോ?”

അവനൊന്നും മിണ്ടിയില്ല.

“വേണ്ടാത്തതൊക്കെ ഓർത്തുകിടന്നിട്ടാ. കണ്ണടച്ച് ഉറങ്ങിക്കോ.” അമ്മ നെറ്റിയിൽ കുരിശ് വരച്ചുകൊണ്ട് പറഞ്ഞു.

കിനാവുകളുറങ്ങുന്ന പകലിനെയും കാത്ത് കുട്ടി വീണ്ടും കണ്ണുകളടച്ചു.

റ്റിജി തോമസ്

റ്റിജി തോമസിന്റെ ചെറുകഥകള്‍ ദീപിക ദിനപത്രം ഉള്‍പ്പെടെയുള്ള ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആകാശവാണിയിലും റേഡിയോ മാക്ഫാസ്റ്റിലും സ്വന്തം രചനകള്‍ അവതരിപ്പിച്ചിട്ടുണ്ട്. കമ്പ്യൂട്ടര്‍ സംബന്ധമായ നാല് പുസ്തകങ്ങളുടെ സഹരചിതാവാണ്. ഇപ്പോൾ തിരുവല്ല മാക്ഫാസ്റ്റ് കോളേജിൽ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ വിഭാഗത്തിൽ വകുപ്പ് മേധാവി. [email protected]