ഇടവേള ബാബുവിന് എതിരെ രംഗത്തെത്തിയ എംഎൽഎയും നടനുമായ കെബി ഗണേഷ് കുമാറിനെ വിമർശിച്ച് ഷമ്മി തിലകൻ രംഗത്ത്. ഗുരുതരമായ ആരോപണങ്ങളാണ് ഗണേഷിന് എതിരെ ഷമ്മി തിലകൻ ഉന്നയിച്ചിരിക്കുന്നത്. വിജയ് ബാബു വിഷയത്തിൽ നടപടി എടുക്കാതെ ഷമ്മി തിലകനെതിരെ അച്ചടക്ക നടപടി സ്വീകരിച്ചതിന് അമ്മ സെക്രട്ടറി ഇടവേള ബാബുവിന് എതിരെ കഴിഞ്ഞദിവസമാണ് ഗണേഷ് കുമാർ രംഗത്തെത്തിയത്. എന്നാൽ ഗണേഷ് കുമാർ തന്നെ കൊണ്ട് കൂടുതലൊന്നും പറയിപ്പിക്കരുതെന്നാണ് ഷമ്മി തിലകന്റെ തിരിച്ചടി.
താര സംഘടനയ്ക്കെതിരേ ഗണേഷ് കുമാർ നടത്തിയ വിമർശനത്തിന്റെ പകുതി പോലും താൻ നടത്തിയിട്ടില്ലെന്ന് ഷമ്മി തിലകൻ പറഞ്ഞു. താരസംഘടനയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഷമ്മി തിലകനോട് യോജിക്കുന്നുവെന്ന് ഗണേഷ് കുമാർ പറഞ്ഞിരുന്നു. ഇത് തിലകന്റെ വിഷയമല്ലെന്നും ഗണേഷ് കുമാർ പറഞ്ഞിരുന്നു. ഇതോടെയാണ് സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ ഷമ്മി തിലകൻ രൂക്ഷ വിമർശനം നടത്തിയത്. തന്റെ അച്ഛൻ തിലകനോടുള്ള ദേഷ്യത്തിന്റെ പേരിൽ തന്നെയും വേട്ടയാടിയ വ്യക്തിയാണ് ഗണേഷ് കുമാറെന്ന് ഷമ്മി തിലകൻ പറഞ്ഞു.
അച്ഛൻ (നടൻ തിലകൻ) എഴുകോണത്ത് പ്രസംഗിക്കാൻ പോയപ്പോൾ ഗുണ്ടകളെ വിട്ട് തല്ലിക്കാൻ ശ്രമിച്ചയാളാണ് ഗണേഷ് കുമാർ. അമ്മ മാഫിയ സംഘമാണെന്ന് പറഞ്ഞയാൾ ഗണേഷ് കുമാറാണ്. അപ്പപ്പോൾ കാണുന്നവരെ അപ്പാ എന്ന് വിളിക്കുന്നവരാണ് അമ്മയിലെ അംഗങ്ങൾ എന്ന് പറഞ്ഞതും ഗണേഷ് കുമാറാണ്.
ഈ സംഘടനയുടെ ബൈലോ പ്രകാരം മറ്റൊരു സംഘടനയുടെ ഭാരവാഹിയായി ഇരിക്കാൻ പാടില്ല. എന്നിട്ടും ഗണേഷ് കുമാർ ടെലിവിഷൻ താരങ്ങളുടെ സംഘടനയായ ആത്മയുടെ വൈസ് പ്രസിഡന്റ് സ്ഥാനത്ത് തുടരുന്നതും ഷമ്മി തിലകൻ ചൂണ്ടിക്കാണിച്ചു.
അമ്മയുടെ ഫണ്ടുപയോഗിച്ച് ഗണേഷ് കുമാർ പത്തനാപുരത്ത് തിരഞ്ഞെടുപ്പിന് മുൻപായി രണ്ട് സ്ത്രീകൾക്ക് വീടുകൾ പണിത് നൽകിയെന്നാണ് ഷമ്മി തിലകന്റെ ആരോപണം. അതെല്ലാം താൻ ചോദ്യം ചെയ്തതാണ് അവർക്ക് അസഹിഷ്ണുത തോന്നാൻ കാരണമെന്നും താരം പറയുന്നു.
ഗണേഷ് കുമാർ തന്നെയാണ് അമ്മയുടെ കെട്ടിടം ക്ലബ് പോലെയാണെന്ന് മുൻപ് പറഞ്ഞത്. സംഘടനയിലെ പല അംഗങ്ങളുടെയും ബാങ്ക് ബാലൻസ് പരിശോധിക്കണം. ആദായനികുതി വകുപ്പുമായി അമ്മയ്ക്ക് ആറു കോടിയുടെ കേസുണ്ട്. ഇതൊന്നും എന്താണ് ഗണേഷ് കുമാർ ചോദിക്കാത്തതെന്നും ഷമ്മി തിലകൻ ചോദ്യം ചെയ്യുന്നു. ഞാൻ ചെയ്യാത്ത കാര്യം പറഞ്ഞാൽ ഇനി മറുപടി ഇതായിരിക്കില്ല. ഞാൻ പലതും തുറന്ന് പറയും. എന്നെ ചൊറിയരുത്, മാന്തും. വെറുതെ അത് ചെയ്യിപ്പിക്കരുത്- ഷമ്മി തിലകൻ മുന്നറിയിപ്പ് നൽകുന്നു.
ഞാൻ നൽകിയ വിശദീകരണത്തിൽ എന്താണ് തൃപ്തികരമല്ലാത്തത് എന്ന് സംഘടനാ തലപ്പത്തുള്ളവർ പറഞ്ഞിട്ടില്ലെന്നും സ്ത്രീപീഡനക്കേസിൽ കുറ്റാരോപിതനായിരിക്കുന്ന ഒരു വ്യക്തിയെ പ്രിഡൈഡിങ് ഓഫീസറാക്കി വച്ച് അദ്ദേഹത്തിന്റെ മുൻപിൽ ഞാൻ വിശദീകരണം നൽകണമെന്ന് പറഞ്ഞു. വീഡിയോ കോൺഫറൻസിൽ പങ്കെടുക്കാമെന്ന് പറഞ്ഞെങ്കിലും അത് പറ്റില്ലെന്നാണ് അവർ പറയുന്നത്. തന്റെ ജോലി മുടക്കി, ഇദ്ദേഹത്തിന്റെ മുൻപിൽ ഞാൻ നേരിട്ട് ഹാജരാകണമെന്ന് എന്ത് അടിസ്ഥാനത്തിലാണെന്നും താൻ അതിന് വഴങ്ങില്ലെന്നും ഷമ്മി പറയുന്നു.
2018-ലാണ് ഈ വിഷയം തുടങ്ങുന്നത്. ഇടവേള ബാബുവിന് ഞാൻ അയച്ച സന്ദേശത്തിൽ സംവിധായകൻ വിനയനുമായി ബന്ധപ്പെട്ട ഒരു സംഭവത്തെ കുറിച്ച് പറയുന്നുണ്ട്. അമ്മയുമായി വിനയന് കേസുണ്ടായിരുന്നു. അഥ് വിനയിൻ വിജയിച്ചു. തുടർന്ന് വിനയന്റെ സിനിമയിൽ തനിക്ക് അവസരം ലഭിച്ചു. എന്നാൽ, മുകേഷും ഇന്നസെന്റും തന്നോട് അതിൽ അഭിനയിക്കേണ്ട, അഡ്വാൻസ് തിരിച്ചുകൊടുത്തേക്ക് എന്ന് പറഞ്ഞു. അങ്ങനെയാണ് താൻ ഈ സിനിമയിൽനിന്ന് പിൻമാറിയത്. വഴക്ക് വേണ്ടെന്ന് കരുതിയാണ് ഒഴിഞ്ഞതെന്നും അദ്ദേഹം വെളിപ്പെടുത്തുന്നുണ്ട്.
ഗണേഷ് കുമാറുമായി നിയമ പോരാട്ടം തന്നെ നടത്തേണ്ടി വന്നതിനെ കുറിച്ചും ഷമ്മി തിലകൻ വെളിപ്പെടുത്തുന്നുണ്ട്. ഷമ്മിയുടെ വീടിന് 10 മീറ്റർ അകലെയായി ഒരു കെട്ടിടമുണ്ടായിരുന്നു. പൂർണമായും നിയമവിരുദ്ധമായ കെട്ടിടമായിരുന്നു അത്. അതിനെതിരെ താൻ പരാതി കൊടുത്തതോടെ അവർ ഗുണ്ട മാഫിയയയാണ് പ്രവർത്തിച്ചതെന്ന് ഷമ്മി വെളിപ്പെടുത്തുന്നു. തന്റെ അച്ഛനെതിരേ പോലും അവർ പരാതി നൽകി. പിന്നാലെ, ഗണേഷ് കുമാറിന്റെ ബന്ധുവായ പോലീസ് ഉദ്യോഗസ്ഥൻ തനിക്കെതിരേ കേസെടുത്തു. ാെടുവിൽ ഞാൻ നിയമപോരാട്ടം നടത്തി പുനരന്വേഷണം നടത്തിയാണ് നീതി നേടിയതെന്നും എന്നിട്ടാണോ ഗണേഷ് കുമാർ വലിയ വർത്തമാനം പറയുന്നതെന്നും ഷമ്മി തിലകൻ തിരിച്ചടിക്കുന്നു.
Leave a Reply