ഇപ്സിച്ച്‌ ; ഈസ്റ്റ് ആംഗ്ലിയയിലെ പ്രമുഖ അസ്സോസിയേഷനുകളിലൊന്നായ കേരള കൾച്ചറൽ അസോസിയേഷൻ സംഘടിപ്പിച്ച ‘ബാർബിക്യൂ ആൻഡ് സ്പോർട്സ് ഡേ’ വൻ ആഘോഷമാക്കി ഇപ്സിച്ചിലെ മലയാളികൾ. ബാർബിക്യൂവും പലതരത്തിലുള്ള ഡിഷുകൾ ഒരുക്കിയും, ക്രിക്കറ്റടക്കം വിവിധ കായിക വിനോദങ്ങൽ സംഘടിപ്പിച്ചും ‘കെസിഎ ‘സമ്മർ ഫെസ്റ്റ്” ഗംഭീരമാക്കി. സെന്റ് ആൽബൻസ് സ്കൂൾ ഗ്രൗണ്ടിൽ നടന്ന ബാർബിക്യൂ & സ്പോർട്സ് ഡേയിൽ ഇപ്സിച്ചിലെ മുഴുവൻ മലയാളികളും ഏറെ ആവേശപൂർവ്വം പങ്കെടുത്തു.കുട്ടികൾക്ക് വേണ്ടി ഫുട്ബോളും മറ്റ് കായിക ഇനങ്ങളും ക്രമീകരിച്ചിരുന്നു.

ഇന്ത്യൻ, കോണ്ടിനെന്റൽ, യൂറോപ്യൻ ഡിഷുകൾ അടങ്ങിയ ‘ഗ്രാൻഡ് മെനു’ പരിപാടിയുടെ ‘ഹൈ ലൈറ്റായി’. കപ്പയും കാന്താരിയും മീൻ പീരയുമടക്കം നാടൻ വിഭവങ്ങളും വ്യത്യസ്തതരം ബാർബിക്യൂവും ‘ഗ്രാൻഡ് മെനുവിനെ’ ഗംഭീരമാക്കി. കുട്ടികൾക്കായി പ്രത്യേക വിഭവങ്ങളും സംഘാടകർ ഒരുക്കിയിരുന്നു.

സ്പോർട്സ് ഡേയോടനുബന്ധിച്ച് നടന്ന വാശിയേറിയ ക്രിക്കറ്റ് ടൂർണമെന്റിൽ ഇപ്സിച്ച് റെഡ് ഡ്രാഗൺസ് ക്രിക്കറ്റ് ക്ലബ് ജേതാക്കളായി. ഫൈനലിൽ ക്രൈസ്റ്റ് ചർച്ച് വാരിയേഴ്സിനെ തകർത്താണ് റെഡ് ഡ്രാഗൺസ് കപ്പുയർത്തിയത്. ആദ്യം ബാറ്റ് ചെയ്ത റെഡ് ഡ്രാഗൺസ് നിശ്ചിത ഓവറിൽ 38 റൺസാണെടുത്തത്. അരുൺ, ജെലിൻ, സായി, റെനി എന്നിവരുടെ കൃത്യതയാർന്ന ബോളിംഗ് കരുത്തിലാണ് റെഡ് ഡ്രാഗൺസ് ചാംപ്യൻമാരായത്. നേരത്തെ സ്പാർട്ടൻസ്, ക്രൈസ്റ്റ് ചർച്ച് ടീമുകളെ റെഡ് ഡ്രാഗൺസ്‌ ലീഗിൽ പരാജയപ്പെടുത്തിയിരുന്നു. നാല് ടീമുകളാണ് ടൂർണമെന്റിൽ പങ്കെടുത്തത്.

കെസിഎ ഭാരവാഹികളിൽ നിന്ന് റെഡ് ഡ്രാഗൺസ് നായകൻ അഭിലാഷ് ഗോപി ചാംപ്യൻമാർക്കുള്ള ട്രോഫി ഏറ്റുവാങ്ങി. കെസിഎ രക്ഷാധികാരി ഡോ അനൂപാണ് കായിക മത്സരങ്ങൾ ഉദ്ഘാടനം ചെയ്തത്.

സമ്മർ ഫെസ്റ്റിലെ ‘ഫാമിലി ഫൺ ഡേ’ പരിപാടികൾക്ക് കെസിഎ പ്രസിഡണ്ട് വിനോദ് ജോസ്, വൈസ് പ്രസിഡഎൻ ഡെറിക്, സെക്രട്ടറി ജിജു, ജോയിന്റ് സെക്രട്ടറി വിൽസൺ, ട്രഷറർ നജീം, പിആർഓ സാം എന്നിവർ നേതൃത്വം നൽകി. ബാർബിക്യൂ & സ്പോർട്സ് ഡേയുടെ സ്പോൺസർ ‘ലോയൽറ്റി ഫിനാൻസ് സൊല്യൂഷൻസ്’ പ്രതിനിധി സെബാസ്റ്റ്യൻ വർഗീസും സമ്മർ ഫെസ്റ്റിൽ സന്നിഹിതിതനായിരുന്നു.