മലയാളം യുകെ ന്യൂസ് ടീം.
കാത്തലിക് ഹെൽത്ത് അസോസിയേഷൻറെ കേരള റീജിയൻറെ കീഴിലുള്ള ഹോസ്പിറ്റലുകളിൽ ഓഗസ്റ്റ് മുതൽ നഴ്സുമാരുടെ ശമ്പളം വർദ്ധിപ്പിക്കണമെന്ന തീരുമാനം നടപ്പാവില്ല. ശമ്പളം വർദ്ധിപ്പിക്കാൻ കാത്തലിക് ഹെൽത്ത് അസോസിയേഷൻ ഓഫ് കേരള (CHAKE) യുടെ കീഴിലുള്ള ഹോസ്പിറ്റലുകൾക്ക് പൊതുവായ ഒരു നിർദ്ദേശവും നൽകിയിട്ടില്ലെന്ന് CHAKE യുടെ എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ.സൈമൺ പല്ലുപെട്ട മലയാളം യുകെ ന്യൂസിനോട് പറഞ്ഞു. “എല്ലാ ഹോസ്പിറ്റലുകളിലും ഒരേ രീതിയിലുള്ള ശമ്പള വർദ്ധന നടപ്പാക്കുക പ്രായോഗികമല്ല. വരുമാനവും പ്രാദേശിക സാഹചര്യങ്ങളും കണക്കിലെടുക്കേണ്ടതുണ്ട്. ശമ്പള വർദ്ധനമൂലം രോഗികൾക്ക് അധികഭാരം ഉണ്ടാവും. ചികിത്സാ നിരക്ക് വർദ്ധിപ്പിക്കേണ്ടി വരും. ശമ്പള വർദ്ധന മൂലം ഉണ്ടാവുന്ന അധിക സാമ്പത്തിക ബാധ്യതയെ നേരിടുവാൻ ഫണ്ട് കണ്ടെത്തുവാൻ ചെറുകിട ആശുപത്രികൾക്ക് കഴിഞ്ഞെന്നു വരില്ല. ആശുപത്രികൾ അടച്ചു പൂട്ടേണ്ട സ്ഥിതി ഇതു സൃഷ്ടിച്ചേക്കാം” അദ്ദേഹം പറഞ്ഞു. മേജർ ഹോസ്പിറ്റലുകളിൽ ശമ്പള വർദ്ധന ആഗസ്റ്റ് മുതൽ നടപ്പാകാൻ സാധ്യതയുണ്ടെന്നും ഫാ. സൈമൺ മലയാളം യുകെയോട് പറഞ്ഞു. പക്ഷേ ഏകീകരിച്ച ഒരു ശമ്പള സ്കെയിൽ നടപ്പാക്കുക പ്രായോഗികമല്ല. ഗവൺമെന്റ് തീരുമാനം വരുന്നതുവരെ സുപ്രീം കോടതി നിർദ്ദേശിച്ച ശമ്പളം ലഭിക്കാൻ കാത്തിരിക്കേണ്ടി വരും.
കാത്തലിക് ഹെൽത്ത് അസോസിയേഷൻ ഓഫ് കേരളയുടെ കീഴിൽ 10 ൽ കൂടുതൽ ബെഡുള്ള 193 ഹോസ്പിറ്റലുകളും 13 നഴ്സിംഗ് സ്കൂളുകളുമുണ്ട്. ഓഗസ്റ്റ് മുതൽ ശമ്പള വർദ്ധന ലഭിക്കുമെന്ന് കരുതിയിരുന്ന ഈ ഹോസ്പിറ്റലുകളിലെ നഴ്സുമാർക്ക് തിരിച്ചടിയാവുകയാണ് CHAKE യുടെ തീരുമാനം. കെ.സി.ബി.സിയുടെ സർക്കുലറിനെ വേണ്ട ഗൗരവത്തിൽ പരിഗണിക്കാൻ കാത്തലിക് ഹോസ്പിറ്റലുകളിലെ മാനേജ്മെന്റുകൾ തയ്യാറായിട്ടില്ല എന്നാണ് ഇതു തെളിയിക്കുന്നത്. ഓഗസ്റ്റ് ഒന്നു മുതൽ നഴ്സുമാർക്ക് 18,232 രൂപ മുതൽ 23,760 വരെ ശമ്പളം ഹോസ്പിറ്റലുകളിലെ ബെഡുകളുടെ എണ്ണമനുസരിച്ച് നല്കണമെന്നാണ് കേരള കാത്തലിക് ബിഷപ്സ് കൗൺസിൽ കാത്തലിക് ഹെൽത്ത് അസോസിയേഷൻറെ കീഴിലുള്ള ഹോസ്പിറ്റലുകൾക്ക് നിർദ്ദേശം നല്കിയിട്ടുള്ളത്.
കേരളാ കാത്തലിക് ബിഷപ്സ് കൗൺസിൽ നല്കിയിരിക്കുന്ന നിർദ്ദേശം സംസ്ഥാനത്തെ കാത്തലിക് ഹോസ്പിറ്റലുകൾ നഴ്സുമാരുടെ ശമ്പള വർദ്ധനയുടെ കാര്യത്തിൽ നടപ്പാക്കുമെന്ന് തന്നെയാണ് കരുതുന്നതെന്ന് KCBC യുടെ ഡെപ്യൂട്ടി സെക്രട്ടറി ജനറലും ഔദ്യോഗിക വക്താവുമായ ഫാ.വർഗീസ് വള്ളിക്കാട്ടിൽ പറഞ്ഞിരുന്നു. കെസിബിസിയുടെ നിലപാടിൽ യാതൊരു മാറ്റവുമില്ല. അത് നടപ്പാക്കാൻ ഹോസ്പിറ്റലുകൾ തയ്യാറാവുമെന്ന് തന്നെയാണ് കരുതുന്നത്. ഇതുവരെയും ഹോസ്പിറ്റലുകൾ ശമ്പള വർദ്ധന നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട ഒരു തീരുമാനവും കൈക്കൊണ്ടിട്ടില്ലാത്തതു മലയാളം യുകെ ന്യൂസ് ചൂണ്ടിക്കാണിച്ചപ്പോൾ ഇനിയും ഒരു മാസം സമയമുണ്ടല്ലോ എന്നും ഓഗസ്റ്റ് 31 ന് ശമ്പളം ലഭിക്കുമ്പോൾ വർദ്ധിപ്പിച്ച തുക നഴ്സുമാർക്ക് കിട്ടുമെന്ന ശുഭപ്രതീക്ഷയാണ് ഉള്ളതെന്നും ഫാ. വർഗീസ് വള്ളിക്കാട്ടിൽ അഭിപ്രായപ്പെട്ടിരുന്നു.
ജൂലൈ 17ന് പുറത്തിയ പത്രക്കുറിപ്പിൽ ആഗസ്റ്റ് മാസം മുതൽ ഇൻഡസ്ട്രിയൽ റിലേഷൻസ് കമ്മിറ്റി നിർദ്ദേശിച്ചിരിക്കുന്ന ശമ്പളം കത്തോലിക്കാ സഭയുടെ ആശുപത്രികളിൽ നടപ്പിൽ വരുത്തണമെന്ന് കെസിബിസി നിർദ്ദേശിച്ചതായി അറിയിച്ചിരുന്നു. പരിഷ്കരിച്ച വേതനം സംബന്ധിച്ച് സർക്കാർ വിജ്ഞാപനം ഇറങ്ങുന്നതിനുള്ള കാലതാമസം പരിഗണിച്ചാണ് നിർദ്ദേശിക്കപ്പെട്ടിട്ടുള്ള പുതുക്കിയ വേതന നിരക്ക് സഭയുടെ കീഴിലുള്ള എല്ലാ ആശുപത്രികളിലും ആഗസ്റ്റ് മാസം മുതൽ നടപ്പാക്കുന്നതെന്ന് പത്രകുറിപ്പിൽ പറഞ്ഞിരുന്നു. യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ ആവശ്യപ്പെടുന്ന സുപ്രീം കോടതി നിർദ്ദേശിച്ച ശമ്പള വർദ്ധന നടപ്പാക്കുന്നതു സംബന്ധിച്ച മിനിമം വേജസ് കമ്മിറ്റിയുടെ തീരുമാനത്തിന് ഇനിയും മാസങ്ങളെടുക്കും.
Leave a Reply