ന്യൂസ് ഡെസ്ക്

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ ഉൾപ്പെട്ട പീഡനാരോപണക്കേസിൽ കെസിബിസിയുടെ നിലപാടുകൾ പ്രസിഡന്റ് ഡോ. സൂസൈ പാക്യം ഔദ്യോഗികമായി വിശദീകരിച്ചു. സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ കെ സി ബി സിക്കെതിരെ ഉയർന്ന വിമർശനങ്ങളുടെ അടിസ്ഥാനത്തിലാണ് കെസിബിസി അധ്യക്ഷൻ നേരിട്ട് നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. കുറവിലങ്ങാട്ട് കോൺവന്റിലെ കന്യാസ്ത്രീ നല്കി പരാതിയുടെ അടിസ്ഥാനത്തിൽ അറസ്റ്റ്‌ ചെയ്യപ്പെട്ട ജലന്ധർ ബിഷപ്പായ ഫ്രാങ്കോ മുളയ്ക്കൽ ഇപ്പോൾ ജയിലിലാണ്. പാലാ സബ് ജയിലിൽ കഴിയുന്ന ഫ്രാങ്കോയുടെ ജാമ്യാപേക്ഷ ഹൈക്കോടതിയും തള്ളിയിരുന്നു. ഇതിനു മുമ്പ് രണ്ട് തവണ കെ സി ബി സി ഇതുമായി ബന്ധപ്പെട്ട് ഔദ്യോഗിക വക്താവ് വഴി നിലപാട് വെളിപ്പെടുത്തിക്കൊണ്ട് സർക്കുലർ ഇറക്കിയിരുന്നു.

“ആനുകാലിക സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തിൽ കെസിബിസിയെ തെറ്റിദ്ധരിക്കുകയും വിമർശനം ഏറ്റുവാങ്ങേണ്ടിയും വന്ന അവസരമാണിത്. ജലന്ധർ രൂപതാദ്ധ്യക്ഷനെതിരെ ഒരു സന്യാസിനി ഉന്നയിച്ച ലൈംഗികാരോപണമാണ് ചർച്ചാ വിഷയം. വർഷങ്ങളായി ഈ സന്യാസിസിനി അടിച്ചമർത്തലും ഭീഷണിയും അപമാനവും സഹിക്കുന്നു എന്നതാണ് പരാതി. ഡൽഹിയിലെ നുൺഷ്യോയ്ക്കും സിബിസിഐ അധ്യക്ഷനും റോമിലെ ഉത്തരപ്പെട്ടവർക്കും കേരളത്തിലെ ചില മെത്രാൻമാർക്ക് വ്യക്തിപരമായും ഇതുമായി ബന്ധപ്പെട്ട് പരാതി കൊടുത്തിരുന്നുവെന്നും  എന്നാൽ സഭയുടെ ഭാഗത്തു നിന്നും പരിഹാരത്തിനായുള്ള എല്ലാ വാതിലുകളും അടഞ്ഞപ്പോൾ പോലീസിന് പരാതി നല്കി എന്നുമാണ് സമർപ്പിതയുടെ വിശദീകരണം”. ഡോ. സൂസൈ പാക്യം പറഞ്ഞു.

“വളരെയേറെ ഗൗരവകരമായി എടുക്കേണ്ട ഒരു വിഷയമാണിത്. കെസിബിസി അദ്ധ്യക്ഷൻ എന്ന നിലയിൽ പ്രശ്ന പരിഹാരത്തിൽ നിന്നും നിലപാട് വ്യക്തമാക്കുന്നതിൽ നിന്നും ഞാനൊഴിഞ്ഞു മാറുന്നു എന്നതാണ് എനിക്കെതിരായ ആക്ഷേപം”. സൂസൈ പാക്യം വ്യക്തമാക്കി. ഈ പശ്ചാത്തലത്തിൽ ചില വസ്തുതകൾ എല്ലാവരുടെയും ശ്രദ്ധയിൽ കൊണ്ടു വരേണ്ടത് ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു.

“പീഡനാരോപണം സംബന്ധിച്ച് കെസിബിസിക്ക് ഒരു പരാതിയും ഇതുവരെ ലഭിച്ചിട്ടില്ല. കർദ്ദിനാൾ ആലഞ്ചേരിയ്ക്ക് ലഭിച്ച പരാതി വ്യക്തിപരവും സ്വകാര്യ സ്വഭാവമുള്ളതാകയാൽ ആ രീതിയിൽ കൈകാര്യം ചെയ്യപ്പെട്ടു എന്നാണ് അറിയുന്നത്. ഇവയിലൊന്നും ലൈംഗികാരോപണം ഉള്ളതായി സൂചനയില്ല. ജൂൺ മാസം അവസാനം പോലീസിൽ നല്കപ്പെട്ട പരാതിയേക്കുറിച്ച് കെസിബിസി അറിയുന്നതു പത്രമാധ്യമങ്ങളിൽ നിന്നാണ്. ന്യായം നിഷേധിക്കപ്പെട്ടുവെന്ന് തോന്നുന്ന അവസരങ്ങളിൽ പോലീസിൽ പരാതിപ്പെടുവാനുള്ള സന്യാസിനിയുടെ അവകാശത്തെയും സ്വാതന്ത്യത്തെയും കെസിബിസി മാനിക്കുന്നു. സഭയുടെ ഭാഗത്ത് നിന്ന് പരാതി സ്വീകരിച്ചവർ മുറപോലെ അന്വേഷണം നടത്തുകയും തക്ക സമയത്ത് തീരുമാനങ്ങളും തിരുത്തലുകളും ശിക്ഷണ നടപടികൾ ഉണ്ടാവുകയും ചെയ്യും. പോലീസ് അന്വേഷണം ആരംഭിച്ചതുകൊണ്ടും അതിന് മുൻഗണന നല്കാനുള്ളതുകൊണ്ടും സമാന്തരമായി പരസ്യമായ അന്വേഷണം സഭയുടെ ഭാഗത്തു നിന്ന് ഉണ്ടാവില്ല”.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

“സത്യം അറിയാനും നീതി നടപ്പാക്കാനുള്ള പോലീസിന്റെ അന്വേഷണവുമായി സഭ അങ്ങേയറ്റം സഹകരിക്കും. പ്രശ്നത്തിന്റെ വാദിയും പ്രതിയും സഭാംഗങ്ങളാണ്. രണ്ടിലൊരാൾ കള്ളം പറയുന്നു. ആരു ജയിച്ചാലും ആരു തോറ്റാലും അതിന്റെ അപമാനവും വേദനയും മുറിവും സഭാ കുടുംബം മുഴുവൻ ഏറ്റെടുത്തേ മതിയാവൂ”.

അന്വേഷണം പൂർത്തിയായി വിധി വരുന്നതുവരെ ചിലർ വേട്ടക്കാരായും ചിലരെ ഇരകളായും നിശ്ചയിക്കുന്ന സമീപനത്തോട് കെസിബിസിക്ക് യോജിപ്പില്ല. ഇതിന്റെ മറവിൽ സഭയെ അടച്ചാക്ഷേപിക്കുന്നതിനെ കെസിബിസി അപലപിക്കുന്നു. പീഡനാരോപണവുമായി ബന്ധപ്പെട്ട് കേരളത്തിലെ പ്രശ്നം വളരെ സങ്കീർണ്ണമാണെന്നും സാധിക്കുകയാണെങ്കിൽ ജലന്ധർ ബിഷപ്പ് സ്ഥാനത്തു നിന്ന് മാറി നിന്ന് അന്വേഷണം നേരിടുകയാണ് വേണ്ടതെന്ന നിലപാട് നുൺഷ്യോയെയും സിബിസിഐയും അറിയിച്ചിരുന്നു എന്നും ഡോ. സൂസൈ പാക്യം പറഞ്ഞു. സെപ്റ്റംബർ 8 ന് സന്യാസിനികളുടെ സമരം ആരംഭിക്കുകയും മാധ്യമ വിചാരണ ശക്തമാവുകയും നിക്ഷിപ്ത താത്പര്യക്കാർ സഭയെ പ്രതികൂട്ടിൽ നിർത്തി ആക്ഷേപിക്കുന്ന അവസ്ഥ ഉണ്ടായി.

“സെപ്റ്റംബർ 12 ന് അന്വേഷണത്തെ സ്വാഗതം ചെയ്തുകൊണ്ടും സഹകരണം ഉറപ്പു നല്കിക്കൊണ്ടു കെസിബിസി പത്രക്കുറിപ്പ് പ്രസിദ്ധീകരിച്ചിരുന്നു. ഒട്ടും പ്രതീക്ഷിക്കാത്ത രീതിയിൽ ചില രാഷ്ട്രീയ നേതാക്കളും സാമൂഹ്യ പ്രവർത്തകരും സംസ്ക്കാരിക പ്രവർത്തകരും സമരത്തെ അനുകൂലികുകയും കെസിബിസിയുടെയും സിബിസിഐയുടേയും ശവപ്പെട്ടി ഉണ്ടാക്കി സംസ്കാരം നടത്തുകയും ചെയ്തപ്പോൾ വളരെയേറെ വേദന തോന്നി”.

“കെസിബിസി ആരോടും പക്ഷഭേദം കാണിച്ചിട്ടില്ല. സത്യം ആരുടെ ഭാഗത്താണെന്ന് ഇനിയും നിശ്ചയമില്ല. സന്യാസിനി നല്കിയ പരാതിയുടെ വിവരങ്ങൾ നല്കാനഭ്യർത്ഥിച്ച് നുൺഷ്യോയ്ക്കും സിബിസിഐയ്ക്കും കത്തയച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് നല്കാൻ പ്രത്യേക രേഖകൾ ഒന്നുമില്ല എന്നും വത്തിക്കാനെ യഥാസമയം വിവരങ്ങൾ അറിയിക്കുന്നുണ്ടെന്നും സ്ഥിതിഗതികൾ സസൂക്ഷ്മം നിരീക്ഷിക്കുന്നുണ്ടെന്നുമാണ് നൂൺഷ്യോ അറിയിച്ചത്. കെസിബിസിയ്ക്ക് എവിടെയാണ് തെറ്റുപറ്റിയതെന്ന് എനിക്ക് അറിയില്ല. ആരേയും വിധിക്കാനോ ന്യായീകരിക്കാനോ സമയമായിട്ടില്ല. മെത്രാനെ അനുകൂലിച്ചതായും സന്യാസിനിയെ എതിർത്തതായും ഉള്ള വ്യാഖ്യാനങ്ങൾ ശരിയല്ല. അന്വേഷണത്തിന്റെ ഘട്ടത്തിൽ കെസിബിസി രണ്ടു കൂട്ടരേയും ഒരു പോലെ ഉൾക്കൊള്ളാനും സമദൂരം പാലിക്കാനുമാണ് ശ്രമിക്കുന്നത്.  കെസിബിസിയെ ഇന്ന് പലരും ഒളിഞ്ഞും തെളിഞ്ഞും ആക്ഷേപിച്ചു കൊണ്ടിരിക്കുകയാണ്. കിട്ടാത്ത ഒരു പരാതിയിന്മേൽ ഇല്ലാത്ത അധികാരം ഉപയോഗിച്ച് ഇതിനപ്പുറം എന്താണ് ചെയ്യേണ്ടിയിരുന്നത് എന്ന് അറിയില്ല”. ഡോ. സൈ പാക്യം തുടര്‍ന്നു.