WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ക്രോയ്ഡൺ: ഇക്കഴിഞ്ഞ ശനിയാഴ്‌ച, ഒക്ടോബർ 21ന് ക്രോയിഡനിൽ നടന്ന യുക്മ സൗത്ത് ഈസ്റ്റ് റീജിയൻ കലാമേളയിൽ അതിശക്തമായ തിരിച്ചുവരവ് നേട്ടത്തിൽ തിളങ്ങി നിലവിലെ ചാമ്പ്യന്മാർ!
തങ്ങൾ അജയ്യരാണെന്ന് വിളംബരം ചെയ്തുകൊണ്ട് 191 പോയിന്റ് കരസ്ഥമാക്കിയാണ് ക്രോയിഡണിലെ കേരള കൾച്ചറൽ ആൻഡ് വെൽഫെയർ അസോസിയേഷൻ (KCWA) ചാമ്പ്യൻ കിരീടം നിലനിർത്തിയത്.
കഴിഞ്ഞ വർഷത്തെ റണ്ണർ അപ്പ് ജേതാക്കളായ ബ്രൈറ്റൺ മലയാളി അസോസിയേഷൻ (BMA) ഇത്തവണയും ട്രോഫി മറ്റാർക്കും വിട്ടുകൊടുക്കാതെ 46 പോയിന്റുകൾ കരസ്ഥമാക്കി നിലനിർത്തി.
അത്യന്തം വാശിയേറിയ മത്സരങ്ങൾക്കൊടുവിൽ മൂന്നാം സ്ഥാനത്തിന് രണ്ട് അവകാശികളുണ്ടായി! കഴിഞ്ഞ വർഷത്തെ മൂന്നാം സ്ഥാനം കരസ്ഥമാക്കിയിരുന്നു സീമ ഈസ്റ്റ്ബോണും (SEEMA), കറുത്ത കുതിരകളായി കടുത്ത പോരാട്ട വീര്യം കാഴ്ചവച്ച അസോസിയേഷൻ ഓഫ് സ്‌ലോ മലയാളീസും (ASM) 37 പോയിന്റുകൾ വീതം നേടി മൂന്നാം സ്ഥാനതിനര്ഹരായി.
സിനിമാറ്റിക് ഡാൻസ് (സോളോ & ഗ്രൂപ്പ്), സോളോ സോങ്, സ്റ്റോറി ടെല്ലിങ് എന്നിവയിൽ ഓരോന്നിലും ഒന്നാം സ്ഥാനത്തോടെ, 16 പോയിന്റുകൾ നേടിയ ദേവാ പ്രേം നായർ (KCWA) കലാതിലക പട്ടം കരസ്ഥമാക്കി.
സിനിമാറ്റിക് ഡാൻസ് (സോളോ), സോളോ സോങ് എന്നി ഇനങ്ങളിൽ രണ്ടാം സമ്മാനവും, പദ്യപാരായണത്തിൽ ഒന്നാം സമ്മാനവും നേടിയ കോൾബോ വർക്കി ജിൽസ് (HUM) 11 പോയിന്റുകൾ കൈവരിച്ചു കലാപ്രതിഭ പട്ടം കരസ്ഥമാക്കി.
കിഡ്സ് വിഭാഗത്തിൽ ദേവാ പ്രേം നായരും (KCWA), സബ് ജൂനിയർ വിഭാഗത്തിൽ കോൾബോ വർക്കി ജിൽസും (HUM), ജൂനിയർ വിഭാഗത്തിൽ നിവേദ്യ സുനിൽ കുമാർ എടത്താടനും (KCWA), സീനിയർ വിഭാഗത്തിൽ നീതു രാജേന്ദ്ര പ്രസാദും (KCWA) വ്യക്തിഗത ചാമ്പ്യന്മാർ ആയി.
രാവിലെ 8 മണിയോടെ കലാമേളയുടെ രജിസ്ട്രേഷൻ തുടങ്ങിയിരുന്നു. നൂറുകണക്കിന് കലാകാരന്മാരും കലാകാരികളും പങ്കെടുത്ത കലാമേളക്ക് രാവിലെ 10 മണിയോടെയാണ് തിരശീല ഉയർന്നത്. തുടക്കം മുതൽ കലാമേളയ്ക്ക് ആവേശകരമായ പിന്തുണയാണ് അസോസിയേഷനുകളിൽ നിന്നും ലഭിച്ചത്. അഞ്ഞൂറില്പരം കാണികൾ മത്സരാർത്ഥികളെ പ്രോത്സാഹിപ്പിക്കാനായി സജീവമായി വിവിധ വേദികളിൽ സന്നിഹിതരായിരുന്നു.
സൗത്ത് ഈസ്റ്റ് റീജിയൻ പ്രസിഡന്റ് ശ്രീ സുരേന്ദ്രൻ ആരക്കോട്ടിന്റെ അധ്യക്ഷതയിൽ കൂടിയ ഉദ്‌ഘാടന ചടങ്ങിൽ യുക്മ നാഷണൽ വൈസ് പ്രസിഡന്റ് ശ്രീമതി ലീനുമോൾ ചാക്കോയാണ് ഭദ്രദീപം കൊളുത്തി കലാമേള ഉദ്ഘാടനം ചെയ്തത്. സെക്രട്ടറി ശ്രീ ജിപ്സൺ തോമസ് സ്വാഗതം ആശംസിച്ചു. ക്രോയ്ഡൺ കൗൺസിലർ ശ്രീ നിഖിൽ ഷെറിൻ തമ്പി, യുക്മ മുൻ വൈസ് പ്രസിഡന്റും നിലവിലെ ദേശീയ വക്‌താവുമായ ശ്രീ എബി സെബാസ്റ്റ്യൻ എന്നിവർ ആശംസകൾ അർപ്പിച്ചു. ചടങ്ങിൽ റീജിയണൽ വൈസ് പ്രസിഡന്റ് ഡെന്നിസ് വരീദ്, ട്രഷറർ സനോജ് ജോസ്, മുൻ റീജിയണൽ പ്രസിഡന്റ് ആന്റണി എബ്രഹാം, കലാമേള കൺവീനർ സജി ലോഹിദാസ്, കലാമേള കോഓർഡിനേറ്റർ ഹാഷിം കുഞ്ഞുമുഹമ്മദ്, KCWA വിമെൻസ് ഫോറം എക്സിക്യൂട്ടീവ് ശാരിക അമ്പിളി തുടങ്ങിയവർ പങ്കെടുത്തു.
തുടർച്ചയായി മൂന്ന് സ്റ്റേജുകളിലായി അരങ്ങേറിയ പരിപാടികൾ വൈകീട്ട് 10 മണിയോടെയാണ് അവസാനിച്ചത്. തികഞ്ഞ അർപ്പണ ബോധത്തോടെ പ്രവർത്തിച്ച സ്റ്റേജ് മാനേജർമാരുടെ നിശ്ചയദാർഢ്യവും ജഡ്ജിമാരുടെ സമയബന്ധിതമായ പ്രവർത്തനവുംകൊണ്ട് മാത്രമാണ് പരിപാടികൾ നിശ്ചിത സമയ പരിധിക്കുള്ളിൽ തീർക്കാനായത്. സാംസൺ പോൾ, ശാരിക അമ്പിളി, ഡെനിസ് വരീദ്, ജോസ് പ്രകാശ്, ജയൻ സ്റ്റാൻലി, സജി തോമസ് സ്കറിയ എന്നിവരാണ് സ്റ്റേജ് മാനേജര്മാരായി പ്രവർത്തിച്ചിരുന്നത്.
ആന്റണി എബ്രഹാമിന്റെ നേതൃത്വത്തിൽ ബിനീഷ് ബിജു, മനു ഫിലിപ്പ് മാത്യു, ബ്രിട്ടോ വർക്കി എന്നിവരുടെ കൂട്ടായ്മയിൽ ഓഫീസ് നിർവഹണം എണ്ണയിട്ട യന്ത്രം പോലെ കൃത്യമായി നടന്നതുകൊണ്ട് ഫലപ്രഖ്യാപനവും സർട്ടിഫിക്കറ്റ് പ്രിന്റിങ്ങുമെല്ലാം യഥാസമയം തീർക്കാനായി.
രെജിസ്ട്രേഷൻ, സ്റ്റേജ് കോർഡിനഷൻ എന്നിവ എബി സെബാസ്റ്റ്യൻ, സുരേന്ദ്രൻ ആരക്കോട്ട്, ജിപ്സൺ തോമസ്, സനോജ് ജോസ് എന്നിവരുടെ മേൽനോട്ടത്തിൽ സുഗമമായി നടന്നു.
റീജിയനിലെ വിവിധ അസോസിയേഷൻ ഭാരവാഹികളും നേതാക്കളും അഭ്യൂദയകാംക്ഷികളുമായ അലോഷ്യസ് അഗസ്റ്റിൻ, ഹാഷിം കുഞ്ഞുമുഹമ്മദ്, പവിത്രൻ ദാമോദരൻ, ഷാ ഹരിദാസ്, സജി ലോഹിദാസ്, പ്രേം കുമാർ നായർ, ജേക്കബ് കോയിപ്പള്ളി, ജോബിൾ ജോർജ്, ബൈജു ശ്രീനിവാസ്, ജയപ്രകാശ് പണിക്കർ, അഖില, അനു ബെർവിൻ, ജോസ് മാർട്ടിൻ തുടങ്ങിയർ അണിയറ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുവാൻ പ്രവർത്തിച്ചു.
ലൈഫ് ലൈൻ പ്രൊട്ടക്ട്, വോസ്‌റ്റേക്, മുത്തൂറ്റ് ഗ്രൂപ്പ്, മലബാർ ഗോൾഡ് & ഡയമോൻഡ്‌സ്, സീകോം അക്കൗണ്ടൻസി, കെന്റ് സ്‌പൈസസ്, ആർ.ആർ ഹോളിസ്റ്റിക് കെയർ, കൃഷ് മോർഗൻ സോളിസിറ്റർസ്, ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ, എം.ജി ട്യൂഷൻ, ജെ.എം.പി സോഫ്റ്റ്‌വെയർ, കേരള സൂപ്പർമാർകെറ്റ്, ബി ഫോർ ബി മീറ്റ് & ഫിഷ് തുടങ്ങിയ സ്പോൺസർമാരുടെ സഹകരണം ഒന്നുകൊണ്ടുമാത്രമാണ് കലാമേള പോലെ ബൃഹത്തായ ഒരു പരിപാടി സംഘടിപ്പിക്കാനായത്.
പരിപാടിയുടെ സ്പോൺസർമാർക്കും, കലാമേളയുടെ നെടുംതൂണായി നിന്ന റീജിയണൽ – അസോസിയേഷൻ ഭാരവാഹികൾക്കും, വോളന്റിയർമാർക്കും, ജഡ്ജിമാർക്കും, സ്റ്റേജ് മാനേജർമാർക്കും, അണിയറയിലും അരങ്ങത്തും സഹായിച്ച എല്ലാവര്ക്കും, കാണികൾക്കും, മത്സരാർത്ഥികൾക്കും അവരുടെ മാതാപിതാക്കൾക്കും യുക്മ സൗത്ത് ഈസ്റ്റ് റീജിയൺ സ്വാഗത സംഘത്തിന്റെ പേരിൽ അകൈതവമായ നന്ദി രേഖപ്പെത്തുന്നു!