ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിൽ സ്കൂളുകൾക്ക് ഇത് അവധിക്കാലമാണ്. അതുകൊണ്ട് തന്നെ നിരവധി യുകെ മലയാളികൾ ആണ് ഈ സമയത്ത് കേരളത്തിൽ എത്തിയിരിക്കുന്നത്. യുകെയിൽ ഉള്ള മലയാളികളുടെ ബന്ധുക്കൾ പല സാധനങ്ങളും തിരിച്ചുപോകുമ്പോൾ നമ്മളെ ഏൽപ്പിക്കാനുള്ള സാധ്യതയുണ്ട്. എന്നാൽ എത്ര അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും തരുന്ന സാധനങ്ങൾ ആണെങ്കിലും സൂക്ഷിച്ചില്ലെങ്കിൽ എട്ടിൻറെ പണി കിട്ടാനുള്ള സാധ്യതയുണ്ട്.

ഏതാനും ദിവസങ്ങൾക്ക് മുമ്പ് മാത്രം ലണ്ടനിലെ ഹെഡ് ഫോർഡ് ഷെയറിൽ താമസിക്കുന്ന ഒരു കുടുംബത്തിനുണ്ടായ അനുഭവം ആരെയും ഞെട്ടിക്കുന്നതായിരുന്നു. അവരുടെ ഏറ്റവും അടുത്ത ഒരു സുഹൃത്ത് എയർപോർട്ടിന് അടുത്തുവച്ച് കൈമാറിയ പാഴ്സലിൽ ആയുർവേദ മരുന്നുകളും എണ്ണയും ആണെന്നാണ് പറഞ്ഞിരുന്നത്. എണ്ണയും മറ്റ് സാധനങ്ങളും ലിക്വിഡ് ആയതിനാൽ നല്ല രീതിയിൽ പായ്ക്ക് ചെയ്താണ് കൊടുക്കുന്നത് എന്നും അറിയിച്ചിരുന്നു. എന്നാൽ എന്തോ ഉൾവിളിയോടെ പാഴ്സൽ തുറന്ന് പരിശോധിച്ചപ്പോൾ കണ്ടെത്തിയത് നിരോധിച്ച ഹാൻസ് ഉൾപ്പെടെയുള്ള ലഹരി വസ്തുക്കൾ ആയിരുന്നു. ഒരുപക്ഷേ പിടിക്കപ്പെട്ടിരുന്നെങ്കിൽ രണ്ട് മക്കളുമായി യുകെയിലേയ്ക്ക് തിരിച്ച ആ കുടുംബത്തിന്റെ യാത്ര മുടങ്ങുന്ന സാഹചര്യം ഉണ്ടാകുമായിരുന്നു. അതു മാത്രമല്ല നിയമനടപടികളും നേരിടേണ്ടി വരും.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഏതെങ്കിലും രീതിയിൽ ആയുർവേദ മരുന്നുകളും എണ്ണകളും മറ്റും സ്വന്തം ആവശ്യത്തിനായി കൊണ്ടുപോകുമ്പോൾ പോലും കൃത്യമായ ബില്ലുകൾ സൂക്ഷിക്കാൻ മറക്കരുത് . ആയുർവേദ മരുന്നുകൾ ആണെങ്കിൽ പോലും പൊടികളും എണ്ണയും മറ്റും നിരോധിത വസ്തുക്കൾ ആണെന്ന് തെറ്റിദ്ധരിക്കാൻ സാധ്യതയുണ്ട്. ഇത്തരം സാഹചര്യത്തിൽ ഒരു ഡോക്ടറുടെ സാക്ഷ്യപത്രം കൈയ്യിൽ കരുതുന്നത് എയർപോർട്ടിലെ അനാവശ്യ ബുദ്ധിമുട്ടുകൾ ഒഴിവാക്കുന്നതിന് സഹായിക്കും.

അവധി ആഘോഷിച്ചിട്ട് മലയാളികളിൽ പലരും യുകെയിലേയ്ക്ക് തിരിച്ചു പോകുന്നത് കടുത്ത ഗൃഹാതുരത്വവുമായിട്ടാണ്. അതുകൊണ്ടുതന്നെ ഇവിടെ നിന്നുള്ള ഇഷ്ടവിഭാഗങ്ങളിൽ പലതും മിക്കവരും കൂടെ കൊണ്ടുപോകാറുണ്ട്. ഉണക്ക കപ്പയും ചക്ക ഉണങ്ങിയതും ഉണക്കമീനും ഉണക്ക ഇറച്ചിയും ഉൾപ്പെടെയുള്ള സാധനങ്ങൾ പിടിക്കപ്പെട്ടാൽ ശരിയായ രീതിയിൽ വിശദീകരിക്കാൻ സാധിച്ചില്ലെങ്കിൽ പണി കിട്ടാൻ സാധ്യതയുണ്ട് . പൊതിച്ചു പായ്ക്ക് ചെയ്തു കൊണ്ടുപോയ തേങ്ങ ബോംബാണെന്ന് തെറ്റിദ്ധരിക്കപ്പെട്ട സംഭവങ്ങളും എയർപോർട്ടിൽ ഉണ്ടായിട്ടുണ്ട്,

സ്വന്തം സാധനമാണെങ്കിലും മറ്റുള്ളവർ സമ്മാനിക്കുന്നതാണെങ്കിലും ഓരോ പായ്ക്കറ്റുകളിലും എന്തൊക്കെ സാധനങ്ങൾ ആണെന്ന് ഉറപ്പുവരുത്തേണ്ട ചുമതല നമ്മൾക്കാണെന്ന് മറക്കരുത്. ഈ ദിവസങ്ങളിൽ സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് എയർപോർട്ടുകളിൽ കൂടുതൽ വിശദമായ പരിശോധനകൾ ആണ് നടക്കുന്നത്. ഇത്തരം സാഹചര്യത്തിൽ സൂക്ഷിച്ചില്ലെങ്കിൽ ഒരുപക്ഷേ യാത്ര തന്നെ മുടങ്ങിയേക്കും.