ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇറാന്റെ ആണവ കേന്ദ്രങ്ങൾക്കെതിരായ യുഎസ് ആക്രമണത്തെ പിന്തുണച്ച് യുകെ രംഗത്ത് വന്നു. ഇറാനോട് ചർച്ചകളിലേക്ക് മടങ്ങാൻ വരാൻ പ്രധാനമന്ത്രി കെയർ സ്റ്റാർമർ ആവശ്യപ്പെട്ടു . ഇറാന്റെ ആണവ പദ്ധതി അന്താരാഷ്ട്ര സുരക്ഷയ്ക്ക് ഗുരുതരമായ ഭീഷണിയാണെന്ന് അദ്ദേഹം പറഞ്ഞു. നിലവിൽ സൈനിക നടപടിയിൽ യുകെ പങ്കാളിയായിട്ടില്ല. വിശാലമായ നടപടി മേഖലയെ കൂടുതൽ അസ്ഥിരപ്പെടുത്തുമെന്ന ആശങ്കകൾക്കിടയിലും സ്റ്റാർമറും വിദേശകാര്യ സെക്രട്ടറി ഡേവിഡ് ലാമിയും നയതന്ത്ര പരിഹാരത്തിനായി സമ്മർദ്ദം ചെലുത്തിയിരുന്നു. ആക്രമണത്തിൽ പങ്കുചേരാൻ യുഎസ് പദ്ധതിയിടുന്നതായി തനിക്ക് ഒരു സൂചനയും ലഭിച്ചിട്ടില്ലെന്ന് ചൊവ്വാഴ്ച ജി7 ഉച്ചകോടിയിൽ സ്റ്റാർമർ പറഞ്ഞിരുന്നു.
ഇറാന്റെ ആണവ പദ്ധതി അന്താരാഷ്ട്ര സുരക്ഷയ്ക്ക് ഗുരുതരമായ ഭീഷണിയാണെന്നും അവരെ ഒരിക്കലും ആണവായുധം വികസിപ്പിക്കാൻ അനുവദിക്കാനാവില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. ആ ഭീഷണി ലഘൂകരിക്കാൻ യുഎസ് നടപടി സ്വീകരിച്ചിട്ടുണ്ടെന്നും മിഡിൽ ഈസ്റ്റിലെ സ്ഥിരതയ്ക്കാണ് മുൻഗണന എന്നും അദ്ദേഹം കൂട്ടിച്ചേർത്തു . ഇറാൻ ആണവായുധം നേടുന്നത് തടയുന്നതിനെ ഞങ്ങൾ പിന്തുണയ്ക്കുന്നുവെങ്കിലും മറ്റ് യൂറോപ്യൻ രാജ്യങ്ങൾ ചെയ്തതുപോലെ ഞങ്ങൾ ഒരു നയതന്ത്ര നടപടി നിർദ്ദേശിച്ചിരുന്നു, ഇറാനികൾ അത് നിരസിച്ചതായും ബിസിനസ് സെക്രട്ടറി ജോനാഥൻ റെയ്നോൾഡ്സ് പറഞ്ഞു.
ഇതിനിടെ ആണവകേന്ദ്രങ്ങൾ അമേരിക്ക ആക്രമിച്ചതിന് പിന്നാലെ ഇസ്രയേലിന്റെ കൂടുതൽ ഭാഗങ്ങളിലേക്ക് ആക്രമണം ഇറാൻ വ്യാപിപ്പിച്ചതായുള്ള റിപ്പോർട്ടുകൾ പുറത്തു വന്നിട്ടുണ്ട്.. ടെൽഅവീവിൽ നടത്തിയ മിസൈലാക്രമണത്തിൽ 86 പേർക്ക് പരിക്കേറ്റതായാണ് ടൈംസ് ഓഫ് ഇസ്രയേൽ അടക്കമുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഹൈഫ, നെസ് സിയോണ, റിഷോൺ ലെസിയോൺ, ടെൽ അവീസ് ഉൾപ്പെടെയുള്ള വടക്കൻ മധ്യ ഇസ്രയേലിലുടനീളം ഒന്നിലധികം സ്ഥലങ്ങളിൽ ടെഹ്റാൻ ആക്രമണം നടത്തിയതായാണ് റിപ്പോർട്ട്. ഞായറാഴ്ച പുതിയ ആക്രമണ പരമ്പരയ്ക്ക് ഇസ്രയേൽ തുടക്കമിട്ടെന്നും റിപ്പോർട്ടിൽ പറയുന്നു. ഇറാന്റെ ആണവകേന്ദ്രങ്ങളായ ഫൊർദോ, നതാൻസ്, എസ്ഫഹാൻ എന്നിവ അമേരിക്ക ആക്രമിച്ചതിന് പിന്നാലെയാണ് ഇസ്രയേലിൽ ഇറാൻ ആക്രമണം കടുപ്പിച്ചത്.
Leave a Reply