ന്യൂസ് ഡെസ്ക്, മലയാളം യുകെ

2023 ജൂണിൽ അവസാനിച്ച വർഷത്തിൽ യുകെയുടെ നെറ്റ് മൈഗ്രേഷൻ 9 ലക്ഷം കടന്നതായുള്ള വിവരങ്ങൾ പുറത്തുവന്നു. ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിക്സിന്റെ കണക്കുകൾ പ്രകാരം നെറ്റ് മൈഗ്രേഷൻ 906,000 ആണ് . ഈ വർഷം ജൂൺ വരെയുള്ള 12 മാസത്തിലെ കണക്കുകൾ പ്രകാരം നിലവിലെ നെറ്റ് മൈഗ്രേഷൻ 728,000 ആയിട്ടുണ്ട് . ഈ കണക്കുകളും മുൻ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ കൂടുതലാണ്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

നെറ്റ് മൈഗ്രേഷനിലെ അഭൂതപൂർവ്വമായ വർദ്ധനവ് വൻ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴി വെക്കുമെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. കുടിയേറ്റം കുറയ്ക്കാൻ സാധ്യമായ എല്ലാ മാർഗങ്ങളും സ്വീകരിക്കുമെന്ന് പറഞ്ഞ പ്രധാനമന്ത്രി കെയർ സ്റ്റാർമർ മുൻ സർക്കാരിൻറെ നടപടികളാണ് ഇതിന് കാരണമെന്ന് ചൂണ്ടി കാട്ടി. ലേബർ പാർട്ടി അധികാരത്തിലെത്തിയ പൊതു തിരഞ്ഞെടുപ്പിലെ പ്രധാന ചർച്ചാ വിഷയങ്ങളിൽ ഒന്നായി അവർ ഉയർത്തി കാട്ടിയത് വർദ്ധിച്ചു വരുന്ന കുടിയേറ്റമായിരുന്നു. കുടിയേറ്റം കുറയ്ക്കുന്നതിനുള്ള പുതിയ നിയമങ്ങൾക്കുള്ള നിർദ്ദേശങ്ങൾ ഉടൻ പ്രസിദ്ധീകരിക്കുമെന്ന് പ്രധാനമന്ത്രി വാഗ്ദാനം ചെയ്തു. എന്നാൽ പുതിയ ലേബർ സർക്കാർ അധികാരത്തിൽ എത്തിയതിനു ശേഷം ചെറിയ ബോട്ടുകളിൽ യുകെയിൽ എത്തുന്നവരുടെ എണ്ണം കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 23 ശതമാനം വർദ്ധിച്ചതായി കൺസർവേറ്റീവ് ഷാഡോ ഹോം സെക്രട്ടറി ക്രിസ് ഫിൽപ്പ് പ്രധാനമന്ത്രിക്ക് മറുപടി നൽകി. അനധികൃതമായി യുകെയിൽ എത്തുന്നവരെ റുവാണ്ടയിലേയ്ക്ക് അയക്കാനുള്ള പദ്ധതി ആരംഭിക്കുന്നതിന് മുമ്പ് തന്നെ ലേബർ സർക്കാർ റദ്ദാക്കിയതിനെയും അദ്ദേഹം വിമർശിച്ചു.


തൊഴിലിടങ്ങളിൽ കൂടുതൽ തദ്ദേശീയരെ ഉൾപ്പെടുത്തി പുതിയ കുടിയേറ്റ നയ നിർദ്ദേശങ്ങൾ സർക്കാർ രൂപീകരിക്കുമെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. വേതനം കുറഞ്ഞ കുടിയേറ്റ തൊഴിലാളികളെ ആശ്രയിക്കുന്നതിന് പകരം തൊഴിലിടങ്ങളിൽ റോബോട്ടുകളെ ഉപയോഗിക്കണമെന്ന് കഴിഞ്ഞദിവസം ഷാഡോ ഹോം സെക്രട്ടറി പറഞ്ഞത് ഇതിൻറെ സൂചനയായാണ് വിലയിരുത്തുന്നത്. യുകെയിലെ മലയാളികളിൽ ഭൂരിഭാഗവും ആരോഗ്യ മേഖലയിലാണ് ജോലി ചെയ്യുന്നത്. കുടിയേറ്റ നയങ്ങൾ കർശനമായാൽ അത് യുകെയിൽ എത്താൻ ആഗ്രഹിക്കുന്ന മലയാളികളെ പ്രതികൂലമായി ബാധിക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്. ഇന്ത്യ, നൈജീരിയ, പാകിസ്ഥാൻ, ചൈന, സിംബാബ്‌വെ എന്നീ രാജ്യങ്ങളിൽ നിന്നാണ് യുകെയിലേക്ക് ഏറ്റവും കൂടുതൽ കുടിയേറ്റം നടക്കുന്നത്. 2023 ജൂൺ വരെയുള്ള വർഷത്തിൽ ഇന്ത്യയിൽ നിന്ന് മാത്രം യുകെയിൽ എത്തിയത് 268,000 ആളുകളാണ്.