ന്യൂസ് ഡെസ്ക്, മലയാളം യുകെ
പ്രധാനമന്ത്രിയായതിന് ശേഷം കെയർ സ്റ്റാർമറിൻ്റെ ജനപ്രീതി കുത്തനെ ഇടിഞ്ഞതായി ഒബ്സർവറിൻറെ പുതിയ അഭിപ്രായ സർവേ. പ്രധാനമന്ത്രിയെ നേരത്തെ പിന്തുണച്ചിരുന്നവരിൽ 24% വോട്ടർമാർ മാത്രമാണ് ഇപ്പോഴും അദ്ദേഹത്തെ പിന്തുണയ്ക്കുന്നത്. 50 % പേർ പ്രധാനമന്ത്രിയുടെ നയങ്ങൾ അംഗീകരിക്കുന്നില്ല. ടോറി നേതാവും മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രിയുമായ റിഷി സുനകിന്റെ അഭിപ്രായ സർവ്വേ കെയർ സ്റ്റാർമറിനേക്കാൾ ഒരു പോയിന്റ് മുന്നിലാണ്. പ്രധാനമന്ത്രിയെന്ന നിലയിൽ കെയർ സ്റ്റാർമറിൻ്റെ ആദ്യ ലേബർ പാർട്ടി സമ്മേളനത്തിന് തൊട്ടുമുമ്പാണ് ജനപ്രീതിയിൽ ഇടിവ് സംഭവിച്ചിരിക്കുന്നത്.
ജനപ്രീതിയുടെ കാര്യത്തിൽ കാര്യമായ ഇടിവ് നേരിടുന്നത് പ്രധാനമന്ത്രി കെയർ സ്റ്റാർമർ മാത്രമല്ല. ജൂലൈ മുതലുള്ള കണക്കനുസരിച്ച് ചാൻസിലർ റേച്ചൽ റീവ്സിന് 36 പോയിൻ്റ് ഇടിവാണ് ഉണ്ടായിരിക്കുന്നത്. ശീതകാല ഇന്ധന പേയ്‌മെൻ്റുകൾ വെട്ടി കുറച്ചതും വരാനിരിക്കുന്ന ബജറ്റിൽ നികുതി വർദ്ധിപ്പിക്കുമെന്നുള്ള സൂചനകളും ഇതിന് കാരണമായിട്ടുണ്ട്.
മുതിർന്ന ക്യാബിനറ്റ് അംഗങ്ങളുടെ അംഗീകാര റേറ്റിംഗുകൾ കുറയുന്നതോടെ പുതിയ സർക്കാരിൻ്റെ “ഹണിമൂൺ” കാലയളവ് അവസാനിച്ചതായാണ് പ്രമുഖ മാധ്യമങ്ങൾ അഭിപ്രായപ്പെടുന്നത്. നിലവിലെ വെല്ലുവിളികൾക്ക് മുൻ കൺസർവേറ്റീവ് ഗവൺമെൻ്റിനെ ഇപ്പോഴും കുറ്റപ്പെടുത്തുന്നുണ്ടെങ്കിലും, അവരുടെ കുറവുകൾ നികത്താൻ പുതിയ സർക്കാരിന് സാധിച്ചെന്ന് വിശ്വസിക്കുന്നത് 27% പേരാണ്. അതേസമയം, ലേബർ വോട്ടർമാരിൽ 32% പേരും പുതിയ സർക്കാരിൻെറ നയങ്ങളിൽ അതൃപ്‌തി പ്രകടിപ്പിച്ചു. സർക്കാർ സാമ്പത്തിക വളർച്ചയ്ക്ക് കൂടുതൽ ഊന്നൽ നൽകണമെന്ന് ജനങ്ങൾക്കിടയിൽ അഭിപ്രായം ഉയരുന്നുണ്ട്.
Leave a Reply