ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെ ഹൗസ് ഓഫ് ലോർഡ്‌സിൽ ലേബർ പാർട്ടിയെ പ്രതിനിധീകരിക്കുന്ന ലോർഡ് അല്ലിയിൽ നിന്ന് പ്രധാനമന്ത്രി കെയർ സ്റ്റാർമർ 16,000 പൗണ്ട് വിലമതിക്കുന്ന വസ്ത്രങ്ങൾ സ്വീകരിച്ചതായി റിപ്പോർട്ട്. ഇത് പ്രതിപക്ഷ നേതാവ് എന്ന നിലയിൽ കെയർ സ്റ്റാർമറിൻെറ ഓഫീസിലേക്കുള്ള സംഭവനയായാണ് ആദ്യം റിപ്പോർട്ട് ചെയ്‌തത്. 2023 ഒക്‌ടോബറിൽ 10,000 പൗണ്ടും 2024 ഫെബ്രുവരിയിൽ 6,000 പൗണ്ടും വിലമതിക്കുന്ന സമ്മാനങ്ങൾ പ്രധാനമന്ത്രിക്ക് ലഭിച്ചതായി കണ്ടെത്തിയെങ്കിലും ഇപ്പോൾ ഇത് വസ്ത്രങ്ങളുടെ തരത്തിൽ സംഭാവനയായി ലഭിച്ചതായാണ് രേഖപ്പെടുത്തിയിരിക്കുന്നത്. നേരത്തെ യുകെ മാധ്യമങ്ങൾ ഇത് വർത്തയാക്കിയതിന് പിന്നാലെ സംഭവത്തിൽ ഡൗണിംഗ് സ്ട്രീറ്റ് അന്വേഷണം പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വസ്ത്രങ്ങൾ സംഭാവനയായി രേഖപ്പെടുത്തിയത്.
തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ, ലോർഡ് അല്ലിയിൽ നിന്ന് വസ്ത്രങ്ങൾക്കായി 16,000 പൗണ്ടും ഒന്നിലധികം ജോഡി ഗ്ലാസുകൾക്ക് 2,485 പൗണ്ടും ഉൾപ്പെടെയുള്ള സംഭാവനകൾ പ്രധാനമന്ത്രി സ്വീകരിച്ച വിവരങ്ങൾ പുറത്ത് വന്നതിന് പിന്നാലെ ഇതിനെ ന്യായീകരിച്ചു കൊണ്ട് അദ്ദേഹം രംഗത്ത് വന്നു. താൻ എല്ലാ നിയമങ്ങളും പാലിച്ചിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം ഇനി വസ്ത്രങ്ങൾ സംഭാവനകൾ സ്വീകരിക്കില്ലെന്നും കൂട്ടിച്ചേർത്തു. ജൂലൈയിൽ ലേബർ പാർട്ടി പൊതുതിരഞ്ഞെടുപ്പിൽ വിജയിച്ചത് മുതൽ സംഭാവനകളെ ചൊല്ലിയുള്ള തർക്കം നിലനിൽക്കുന്നുണ്ട്. സർക്കാർ ചുമതലകൾ ഇല്ലാതിരുന്നിട്ടും ലോർഡ് അല്ലിക്ക് ഡൗണിംഗ് സ്ട്രീറ്റ് സെക്യൂരിറ്റി പാസ് അനുവദിച്ചതും വിവാദത്തിന് വഴിവച്ചിട്ടുണ്ട്.
തിരഞ്ഞെടുപ്പ് കാലഘട്ടത്തിൽ മാധ്യമ ശ്രദ്ധയിൽ നിന്ന് മാറി ജിസിഎസിക്ക് പഠിക്കാൻ തൻ്റെ മകനെ സഹായിക്കുന്നതിനായും സർ കെയർ സ്റ്റാർമർ ലോർഡ് അല്ലിയിൽ നിന്ന് 20,000 പൗണ്ട് വിലമതിക്കുന്ന താമസസ്ഥലം സ്വീകരിച്ചിരുന്നു. പ്രധാനമന്ത്രി സർ കെയർ സ്റ്റാർമറിനും മറ്റ് ലേബർ എംപിമാർക്കും ഇദ്ദേഹം നൽകിയ സംഭാവനകളെ കുറിച്ച് അന്വേഷിക്കണമെന്ന ആവശ്യവുമായി സ്കോട്ടിഷ് നാഷണൽ പാർട്ടി രംഗത്ത് വന്നിട്ടുണ്ട്. പൊതുജനങ്ങൾക്ക് സർക്കാരിൽ ഉള്ള വിശ്വാസത്തിന് കോട്ടം തട്ടാതിരിക്കാൻ സംഭവത്തിൽ അന്വേഷണം വേണമെന്ന് എസ്എൻപി എംപി ബ്രണ്ടൻ ഒഹാര ആവശ്യപ്പെട്ടു.
Leave a Reply