ന്യൂസ് ഡെസ്ക്. മലയാളം യുകെ

മാലാഖമാരൊത്തു വാനിൽ വാഴുന്ന ഭാരതത്തിലെ ആദ്യ വിശുദ്ധ, വി. അൽഫോൻസാമ്മയുടെ തിരുനാൾ കീത്തിലിയിലെ സെൻ്റ് ആൻസ് ദേവാലയത്തിൽ പ്രാർത്ഥനാ ശുശ്രൂഷകളോടെ ആഘോഷിച്ചു. പാശ്ചാത്യ സമൂഹമുൾപ്പെടെ നൂറ് കണക്കിനാളുകൾ തിരുനാൾ ശുശ്രൂഷകളിൽ പങ്കെടുത്തു. രാവിലെ പതിനൊന്ന് മണിക്ക് കീത്തിലി സെൻ്റ് ആൻസ് ഇടവക വികാരി കാനൻ മൈക്കിൾ മക്രീഡിയുടെ കാർമ്മികത്വത്തിൽ ലാറ്റിൻ റൈറ്റിൽ ആഘോഷമായ പാട്ട് കുർബാന നടന്നു. അൽഫോൻസാമ്മയുടെ രൂപം വഹിച്ചുകൊണ്ട് മുത്തുക്കുടകളും മെഴുകുതിരികളുടെ ദീപപ്രഭയോടും കൂടി ആഘോഷമായ പ്രദിക്ഷിണമായാണ് വിശുദ്ധ കുർബാനയർപ്പിക്കാൻ വൈദികനും ശുശ്രൂഷികളും ജനമധ്യത്തിലൂടെ അൾത്താരയിലേയ്ക്ക് പ്രവേശിച്ചത്. പ്രദക്ഷിണ സമയത്ത്, വിശുദ്ധയായി അൽഫോൻസാമ്മയെ വത്തിക്കാൻ സ്ക്വയറിൽ പോപ്പ് ബനഡിക്ട് പതിനാറാമൻ പ്രഖ്യാപിച്ചപ്പോൾ പാടിയ മാലാഖമാരൊത്തു വാനിൽ വാഴുന്നൊരൽഫോൻസാ ധന്യേ.. എന്ന ഹൃദയസ്പർശിയായ ഗാനം കീത്തിലി സെൻ്റ് ആൻസ് ദേവാലയത്തിൽ മുഖരിതമായി. കീത്തിലിയിലെ പതിനഞ്ചോളം വരുന്ന ഗായക സംഘം ഈ ഗാനം പാടിയപ്പോൾ നൂറ് കണക്കിന് വിശ്വാസികളുടെ ഹൃദയത്തിൽ അൽഫോൻസാമ്മയുടെ ചിത്രം തെളിയുകയായിരുന്നു. വിശുദ്ധ കുർബാന മദ്ധ്യേ കാനൻ മൈക്കിൾ മക്രീഡി സന്ദേശം നൽകി. വി. അൽഫോൻസാമ്മയുടെ ജനനം മുതൽ വിശുദ്ധയായി പ്രഖ്യാപിക്കപ്പെട്ട സമയം വരെയുള്ള കാലഘട്ടം തിരുനാൾ സന്ദേശമായി മാറി. സഹനത്തിൻ്റെ അമ്മയുടെ മാതൃക ജീവിത ലക്ഷ്യമായി മാറ്റണമെന്ന് കാനൻ മൈക്കിൾ വിശ്വാസികളോടായി അഭ്യർത്ഥിച്ചു. പാശ്ചാത്യവിശ്വാസികൾക്ക് വേറിട്ടൊരനുഭവമായി കാനൻ മൈക്കിളിൻ്റെ തിരുനാൾ സന്ദേശം.

വിശുദ്ധ കുർബാനയുടെ അവസാന ഭാഗത്ത് വിശുദ്ധ അൽഫോൻസാമ്മയുടെ രൂപം സ്ഥാപിച്ചിരിക്കുന്ന ചെറിയ അൾത്താരയിലേയ്ക്ക് പ്രദക്ഷിണമിറങ്ങി. പ്രദക്ഷിണമിറങ്ങിയ സമയത്ത് ഗായക സംഘം വി. അൽഫോൻസാമ്മയോടുള്ള ബഹുമാന സൂചകമായ സ്തുതിഗീതങ്ങൾ പാടി. പ്രദക്ഷിണം അൽഫോൻസാമ്മയുടെ അൾത്താരയിൽ എത്തിയപ്പോൾ പാശ്ചാത്യ രീതിയിലുള്ള പ്രാർത്ഥനാ ശുശ്രൂഷകൾ നടന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

2002 മുതൽ കീത്തിലിയിൽ മലയാളികൾ എത്തിതുടങ്ങിയിരുന്നു. 2013ലാണ് വിശുദ്ധ അൽഫോൻസാമ്മയുടെ രൂപം കീത്തിലി സെൻ്റ് ആൻസ് ദേവാലയത്തിൽ സ്ഥാപിക്കുന്നത്. ഇപ്പോഴത്തെ ഇടവക വികാരിയായിരുന്ന ഫാ. മൈക്കിൾ മക്രീഡിയുടെ നിർദ്ദേശപ്രകാരമാണ് വി. അൽഫോൻസാമ്മയുടെ രൂപം സെൻ്റ് ആൻസ് ദേവാലയത്തിൽ സ്ഥാപിക്കപ്പെട്ടത്. അന്നു മുതൽ ഇന്നോളം വി. അൽഫോൻസാമ്മയുടെ ഓർമ്മ ദിനത്തിൽ രൂപത്തിന് മുമ്പിൽ പ്രത്യേക പ്രാർത്ഥനകൾ നടത്തിവരുന്നു. വ്യത്യസ്ഥ മേഘലകളിലായി മുന്നൂറോളം മലയാളി കുടുംബങ്ങൾ കീത്തിലിയിലുണ്ട്. അവർക്ക് തണലായി അവരുടെ ആത്മീയ ആവശ്യങ്ങൾ നിറവേറ്റാനായി സെൻ്റ് ആൻസ് ദേവാലയം നിലകൊള്ളുന്നു എന്നതിൻ്റെ പ്രത്യക്ഷത്തിലുള്ള തെളിവാണ് മുടങ്ങാതെയുള്ള തിരുനാൾ ശുശ്രൂഷകൾ. ഈ വർഷത്തെ തിരുനാളിൽ കീത്തിലിയിൽ പുതുതായി എത്തിയ മലയാളി കുടുംബങ്ങളുടെ സാമിപ്യം എടുത്തു പറയേണ്ടതാണ്. പതിനഞ്ചോളമാളുകളാണ് ഗായക സംഘത്തിലുണ്ടായിരുന്നത്. നൂറ് കണക്കിന് മലയാളികളും തിരുനാൾ കുർബാനയിൽ പങ്കുചേർന്നു. സ്നേഹവിരുന്നോടെ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാൾ ശുശ്രൂഷകൾ അവസാനിച്ചു.