മലയാളം യുകെ ന്യൂസ് സ്‌പെഷ്യല്‍ – ജോജി തോമസ്
ഡെല്‍ഹി : ആം ആദ്മി പാര്‍ട്ടിയുടെ നേതാവും , ഡെല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജരിവാള്‍ മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കാനൊരുങ്ങുന്നതായി സൂചന . തന്റെ പ്രവര്‍ത്തനമേഖല ഡെല്‍ഹിയില്‍ മാത്രമായി ഒതുക്കാതെ രാജ്യവ്യാപകമായി ബിജെപിക്കെതിരെ പടയൊരുക്കം നടത്തുകയാണ് കെജരിവാളിന്റെയും , ആം ആദ്മി പാര്‍ട്ടിയുടെയും ലക്ഷ്യം . ഇലക്ട്രോണിക് വോട്ടിംഗ് മെഷീനിലെ തിരിമറിയായിരിക്കും പ്രചാരണത്തിലെ മുഖ്യവിഷയം . ഡെല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെയാണ് കെജരിവാള്‍ രാജിവെയ്ക്കുകയാണെങ്കില്‍ , ആം ആദ്മി പാര്‍ട്ടി മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നത്.
എന്നും സാഹസികത ഇഷ്ടപ്പെടുന്ന കെജരിവാള്‍ സിവില്‍ സര്‍വ്വീസിലെ തന്റെ ഉന്നത ഉദ്യോഗവും സുഖസൗകര്യങ്ങളും ഉപേക്ഷിച്ചാണ് മുഴുവന്‍ സമയ രാഷ്ട്രീയ പ്രവര്‍ത്തനത്തിന് ഇറങ്ങിയത് . അണ്ണാ ഹസ്സാരെയോടൊപ്പം അഴിമതി വിരുദ്ധ പ്രക്ഷോഭത്തിന്റെ മുന്‍നിരയിലുണ്ടായിരുന്ന കെജരിവാള്‍ , ബഹുജന സമരങ്ങളിലൂടെയും പ്രക്ഷോഭങ്ങളിലൂടെയും മാത്രം രാഷ്ട്രീയത്തെ ശുദ്ധീകരിക്കാന്‍ കഴിയില്ല എന്ന് തിരിച്ചറിഞ്ഞ് , സ്വന്തമായി രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുകയായിരുന്നു . അങ്ങനെ ആം ആദ്മി പാര്‍ട്ടി രൂപീകരിച്ചതിനു ശേഷമുള്ള ആദ്യ ഇലക്ഷനില്‍ തന്നെ കെജരിവാള്‍ ഡല്‍ഹിയില്‍ അധികാരത്തിലെത്തിയെങ്കിലും , ഭരിക്കാനാവശ്യമായ ഭൂരിപക്ഷമില്ലാത്തതിനാല്‍ രണ്ടുമാസം പോലും തികയുന്നതിന് മുമ്പ് മന്ത്രിസഭ മുഴുവനും രാജിവെച്ച് , പുതിയ തെരഞ്ഞെടുപ്പിലൂടെ വന്‍ ഭൂരിപക്ഷം നേടി അധികാരത്തിലെത്തിയാണ് ജനങ്ങളുടെ ഇടയില്‍ താരമായത്.
മോദിയുടെയും അമിത് ഷായുടെയും കുതന്ത്രങ്ങള്‍ക്ക് മുമ്പില്‍ പിടിച്ചുനില്‍ക്കാനാവാതെ ഓരോ ദിവസവും ദുര്‍ബലമായിക്കൊണ്ടിരിക്കുന്ന പ്രതിപക്ഷത്തിന്റെ നേതൃസ്ഥാനമേറ്റെടുത്ത് , പ്രതിപക്ഷ നിരയെ ശക്തിപ്പെടുത്തുകയാണ് കെജരിവാളിന്റെ ലക്ഷ്യം . ഇതിന്റെ ഭാഗമായാണ് കമലഹാസന്റെ പാര്‍ട്ടി പ്രഖ്യാപനവേളയില്‍ തമിഴ്‌നാട്ടിലെത്തി തന്റെ പിന്തുണ അറിയിച്ചതും . കഴിഞ്ഞ യുപിഎ ഗവണ്‍മെന്റിന്റെ കാലത്ത് അഴിമതിക്കെതിരെയുള്ള കെജരിവാളിന്റെ പോരാട്ടം യുപിഎ ഗവണ്‍മെന്റിനെ സമ്മര്‍ദ്ദത്തിലാക്കുകയും , ദേശീയ ശ്രദ്ധ ആകര്‍ഷിക്കുകയും ചെയ്തിരുന്നു . എന്നാല്‍ ഡല്‍ഹിക്ക് പുറത്ത് ആം ആദ്മി പാര്‍ട്ടി വളര്‍ന്നിട്ടില്ലാത്തതിനാല്‍ അതിന്റെ ഗുണഫലങ്ങള്‍ കൂടുതലായി കിട്ടിയത് ബിജെപിക്കാണ്.
പ്രതിപക്ഷത്തിന് നേതൃത്വം നല്‍കാനും , ജനകീയ പ്രക്ഷോഭങ്ങള്‍ ഏറ്റെടുക്കാനും രാഹുല്‍ ഗാന്ധിക്കും കോണ്‍ഗ്രസിനുള്ള ഇന്നത്തെ അവസ്ഥയില്‍ രാഷ്ട്രീയ നിരീക്ഷകര്‍ സംശയാലുക്കളാണ് . ഭരണപക്ഷത്തിനെതിരെയുള്ള പോരാട്ടത്തില്‍ രാഹുല്‍ ഗാന്ധി മുന്നേറുന്നുണ്ടെങ്കിലും , നിര്‍ണായക സന്ദര്‍ഭങ്ങളില്‍ യുദ്ധമുഖത്തുനിന്ന് പിന്മാറുന്ന രാഹുല്‍ ഗാന്ധിയുടെ ശൈലിക്ക് ഇതുവരെ കാര്യമായ മാറ്റങ്ങളൊന്നുമില്ല . വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിന് ശേഷം മേഘാലയയില്‍ കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷി ആയെങ്കിലും ഗവണ്‍മെന്റ് ഉണ്ടാക്കാനുള്ള കാര്യമായ ശ്രമങ്ങളൊന്നും ഉണ്ടായില്ല.
21 നിയമസഭാംഗങ്ങളുള്ള കോണ്‍ഗ്രസിനെ നോക്കുകുത്തിയാക്കി 2 അംഗങ്ങളുള്ള ബിജെപി ഗവണ്‍മെന്റ് രൂപീകരിക്കാനുള്ള ശ്രമത്തിലുമാണ് . കോണ്‍ഗ്രസിന്റെ ശ്രമങ്ങള്‍ക്ക് നേതൃത്വവും ഉത്തേജനവും നല്‍കേണ്ട രാഹുല്‍ ഗാന്ധിയാകട്ടെ വിദേശത്തുമാണ് . ഈയൊരു സാഹചര്യത്തില്‍ ഇന്ത്യയില്‍ ശക്തമായൊരു പ്രതിപക്ഷ നേതാവിന്റെ ആവശ്യമുണ്ടെന്നുള്ള തിരിച്ചറിവാണ് കെജരിവാളിന്റെ നീക്കത്തിനു പിന്നില്‍.
അതോടൊപ്പം ഇന്ത്യന്‍ ജനാധിപത്യത്തിന്റെ അന്തകനായി മാറിക്കൊണ്ടിരിക്കുന്ന ഇലക്ട്രോണിക് വോട്ടിംഗ് മെഷീനിലെ ക്രമക്കേടുകള്‍ തെളിവുകള്‍ അടക്കം നിരത്തി , ജനമനസ്സുകളില്‍ എത്തിക്കാനുള്ള ശ്രമത്തിലാണ് കെജരിവാള്‍ . രാജ്യത്ത് നടന്ന പല തെരഞ്ഞെടുപ്പുകളിലും ഇലക്ട്രോണിക് വോട്ടിംഗ് മെഷീനില്‍ തിരിമറി നടത്തിയാണ് ബി ജെ പി അധികാരത്തില്‍ എത്തിയതെന്ന് ഒട്ടുമിക്ക രാഷ്ട്രീയ പാര്‍ട്ടികളും ഇതിനോടകം പരാതി ഉന്നയിച്ചു കഴിഞ്ഞു . ഈ സാഹചര്യത്തില്‍ ബാലറ്റ് പേപ്പറിലൂടെ തന്നെ തെരഞ്ഞെടുപ്പ് നടത്തി ജനാധിപത്യത്തെ തിരികെ കൊണ്ടുവരണമെന്നുള്ള കെജരിവാളിന്റെ പ്രചാരണത്തിന് , ഭൂരിപക്ഷം വരുന്ന ഇന്ത്യന്‍ ജനതയും വന്‍ പിന്തുണ നല്‍കും എന്ന് തന്നെയാണ് കരുതുന്നത് .
Leave a Reply