നയ്‌റോബി: പ്ലാസ്റ്റിക്കിനെതിരെ നിയമങ്ങളും ബോധവല്‍ക്കരണവും എല്ലാ രാജ്യങ്ങളും നടത്തുന്നുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ ശക്തമായ ഒരു നടപടിയെടുത്ത് മാതൃക കാട്ടിയിരിക്കുകയാണ് ആഫ്രിക്കന്‍ രാജ്യമായ കെനിയ. പ്ലാസ്റ്റിക് നിര്‍മിക്കുന്നതും വില്‍ക്കുന്നതും പ്ലാസ്റ്റിക് ബാഗുകള്‍ ഉപയോഗിക്കുന്നതും ശിക്ഷാര്‍ഹമാക്കിയിരിക്കുകയാണ് പുതിയ നിയമത്തിലൂടെ. നാല് വര്‍ഷം വരെ തടവും 40,000 ഡോളര്‍ പിഴയും ലഭിക്കാവുന്ന കുറ്റമാണ് ഇനി കെനിയയിലെ പ്ലാസ്റ്റിക് ഉപയോഗം. നിയമം അനുസരിച്ച് കെനിയയില്‍ പ്ലാസ്റ്റിക് ബാഗുമായി പോകുന്നവരെ പോലീസിന് അറസ്റ്റ് ചെയ്യാം.
ഒറ്റത്തവണ ഉപയോഗിക്കുകയും പിന്നീട് എറിഞ്ഞു കളയുകയും ചെയ്യുന്ന പ്ലാസ്റ്റിക് ബാഗ് പോലെയുള്ള ഉല്‍പ്പന്നങ്ങള്‍ ഭാഗികമായി നിരോധിക്കുകയോ നികുതി വര്‍ദ്ധിപ്പിക്കുകയോ ചെയ്യുന്ന 40 രാജ്യങ്ങള്‍ക്കൊപ്പം കെനിയയും ഇതോടെ ചേര്‍ന്നു. ചൈന, റ്വാന്‍ഡ്, ഫ്രാന്‍സ്, ഇറ്റലി തുടങ്ങിയ രാജ്യങ്ങള്‍ ഈ പട്ടികയിലുണ്ട്. പ്ലാസ്റ്റിക് ബാഗുകള്‍ ഉണ്ടാക്കുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ ഗുരുതരമാണ്. കടലിലെത്തുന്ന പ്ലാസ്റ്റിക് ബാഗുകള്‍ വംശനാശ ഭീഷണി നേരിടുന്ന കടലാമകളുടെയും തിമിംഗലങ്ങളുടെയും ജീവന് ഭീഷണി സൃഷ്ടിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്.
500 മുതല്‍ 1000 വര്‍ഷങ്ങള്‍ വരെ വേണം പ്ലാസ്റ്റിക് പൂര്‍ണ്ണമായും വിഘടിച്ച് തീരാന്‍. പ്ലാസ്റ്റിക് മലിനീകരണം ഈ നിലയില്‍ തുടര്‍ന്നാല്‍ 2050ഓടെ കടലില്‍ മീനുകളേക്കാള്‍ പ്ലാസ്റ്റിക് ആയിരിക്കും കൂടുതല്‍ ഉണ്ടാകുകയെന്ന് വിദഗ്ദ്ധര്‍ പറയുന്നു. എന്നാല്‍ പ്ലാസ്റ്റിക് അനുബന്ധ വ്യവസായങ്ങള്‍ തകരുമെന്നും പതിനായിരങ്ങള്‍ക്ക് ജോലി നഷ്ടപ്പെടുമെന്നും ആരോപിച്ച് വ്യവസായികള്‍ ഇതിനെതിരെ രംഗത്തെത്തിയിട്ടുണ്ട്.
Leave a Reply