ടോം ജോസ് തടിയംപാട്
യുകെ സന്ദര്‍ശനത്തിന്റെ ഭാഗമായി മാഞ്ചസ്റ്ററില്‍ വന്ന തോമസ് ഐസക് കേരളത്തിലെ സാമൂഹിക’ സാമ്പത്തിക’ വിശകലം ചെയ്തുകൊണ്ട് പറഞ്ഞു കേരളത്തില്‍ വളര്‍ന്നു വരുന്ന ഒരു ശക്തമായ വിഭാഗമാണ് വിദ്യസമ്പന്നര്‍ ആയ മദ്ധ്യവര്‍ഗം, അവരെ പരിഗണിച്ചു കൊണ്ട് കൂടി മാത്രമേ ഇനി കേരളത്തിനു മുന്‍പോട്ടു പോകാന്‍ കഴിയുകയുള്ളൂഎന്ന്. അത്തരം ഒരു സമൂഹം കേരളത്തില്‍ ഉള്ളപ്പോള്‍ അവരെ പെട്ടെന്ന് സ്വാധീനിക്കാന്‍ കഴിയുന്നത് ആപ്പ് രാഷ്ട്രീയമാണ്. കാരണം അവര്‍ പ്രതിധാനം ചെയ്യുന്നത് മദ്ധ്യവര്‍ഗ വിദ്യാസമ്പന്നരേയാണ് എന്നാല്‍ അവരിപ്പോഴും കേരളത്തിന്റെ അന്തപ്പുരത്തിന് പുറത്തു നില്‍ക്കുന്നതിന്റെ കാരണം അന്വേഷിച്ചാല്‍ കുറച്ചു പുറകോട്ടു നടന്നാല്‍ ആപ്പിനും മുന്‍പ് ഉണ്ടായിരുന്ന കേരളത്തിലെ കുറെ ആംആദ്മികളെ കാണാന്‍ കഴിയും

ഇന്ത്യയിലെ ഏറ്റവും നല്ല ആഭ്യന്തരമന്ത്രി എന്ന് അന്നത്തെ കേന്ദ്ര ആഭ്യന്തര മന്ത്രി ലാല്‍ ബഹാദൂര്‍ ശാസ്ത്രി അംഗീകാരം നല്‍കിയ കേരളത്തിലെ കമ്മ്യൂണിസ്റ്റുകാര്‍ക്ക് ശക്തമായ പ്രതിരോധമായിരുന്ന P T ചാക്കോ. 1963 ഡിസംബര്‍ മാസം 8നു പീച്ചിക്കുള്ള യാത്രയില്‍ തൃശൂര്‍ ലൂര്‍ദ് മാതാ പള്ളി പെരുന്നാളിന് ഇടയില്‍ അദേഹത്തിന്റെ കാര്‍ ഒരു കൈവണ്ടിയില്‍ ഇടിച്ചിട്ടു നിര്‍ത്താതെ പോയി. അതില്‍ സിന്ദൂരം തൊട്ട ഒരു സ്ത്രീ ഉണ്ടായിരുന്നു എന്നും അത് ചക്കോയുടെ ഭാര്യ ആയിരുന്നില്ല എന്നും ശക്തമായ ഊഹാപോഹം പരക്കുകയും അതിന്റെ അടിസ്ഥാനത്തില്‍ അദേഹം അഭ്യന്തരമന്ത്രി സ്ഥാനം രാജിവെയ്‌ക്കേണ്ടിയും വന്നു.

മന്ത്രിപ്പണി ഉപേക്ഷിച്ചു കോട്ടയത്തെ ചാമംപതാലിലെ വീട്ടില്‍ എത്തിയ PT ചാക്കോയെ കാത്തു നിന്നത് തന്റെ രാഷ്ട്രീയ പ്രവര്‍ത്തനം കൊണ്ട് ഉണ്ടാക്കിയ കുറെ കടങ്ങള്‍ മാത്രമായിരുന്നു. സഞ്ചരിക്കാന്‍ സ്വന്തമായി ഒരു കാറു പോലും ഇല്ലായിരുന്നു. സുഹൃത്തുക്കള്‍ പണം പിരിച്ച് ഒരു കാറു വാങ്ങി കൊടുത്തു. കടം വീട്ടാന്‍ തന്റെ വക്കില്‍ കുപ്പയം അണിഞ്ഞ ചാക്കോ പറഞ്ഞു രാഷ്ട്രിയ കുപ്പായത്തേക്കള്‍ മാന്യമാണ് ഈ വക്കീല്‍ കുപ്പായമെന്ന്. ഇങ്ങനെ അഴിമതി രഹിതരായ കുറെ ആംആദ്മികളെ നമുക്ക് കേരളത്തിന്റെ ചരിത്രത്തില്‍ കാണാന്‍ കഴിയും.

1960 കളില്‍ കേരള പ്രദേശ് കോണ്‍ഗ്രസ് (KPCC) പ്രസിഡന്റ് ആയിരുന്ന CK ഗോവിന്ദന്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ അഡ്മിറ്റായി. ഈ വിവരം അറിഞ്ഞ് അന്നത്തെ ഒരു വലിയ ജന്മി ആയിരുന്ന കുളത്തുങ്കല്‍ പോത്തന്‍ ഒരാള്‍ വശം രണ്ടായിരം കൊടുത്തു വിട്ടു. സ്‌നേഹപൂര്‍വ്വം കൈപ്പറ്റിയതിനു ശേഷം ആ പണം അതെപടി KPCC ഓഫീസില്‍ കൊടുത്തു വിട്ട് രസീത് വാങ്ങിക്കുകയാണ് C K G ചെയ്തത്. അതുപോലെ മറ്റൊരു മുതലാളി ജോര്‍ജ് ജോസഫ് കോട്ടുകാപ്പിള്ളി ഒരു കൂട പഴങ്ങളും ആയിട്ടാണ് സി കെ ജി യെ കാണാന്‍ വന്നത്. അതും അദ്ദേഹം സ്‌നേഹ പൂര്‍വ്വംവാങ്ങി കൊട്ടുകാപ്പിള്ളി പോയികഴിഞ്ഞപ്പോള്‍ അവിടുത്തെ പാവപ്പെട്ട രോഗികള്‍ക്ക് വിതരണം ചെയ്തു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

മറ്റൊരു ആംആദ്മി എട്ടാം ക്ലാസ്സ് പാസ്സായി കഴിഞ്ഞപ്പോള്‍ ഒന്‍പതാം ക്ലാസ്സില്‍ പഠിക്കാന്‍ പോകാന്‍ പുസ്തകം വാങ്ങാന്‍ പണം ഇല്ലാത്തത് കൊണ്ട് പഠനം നിര്‍ത്താം എന്നു ചിന്തിച്ചിരുന്ന കുട്ടിയുടെ മുന്‍പിലേക്ക് സഹോദരിയും കന്യാസ്ത്രീയും ആയ ഇന്‍ഫെന്റ്‌റ് ട്രീസ കടന്നുവന്നു. അവര്‍ വാങ്ങി കൊടുത്ത പുസ്തകം കൊണ്ട് പഠനം തുടര്‍ന്ന് സ്‌കോളര്‍ഷിപ്പ് നേടി എറണാകുളം മഹാരാജാസിന്റേയും എറണാകുളം ലോ കോളേജിന്റേയും അഭിമാനമായി മാറി കെ എസ് യു വിന്റേയും യൂത്ത് കോണ്‍ഗ്രസ്‌ന്റേയും കെ പി സി സി യുടെയും പ്രസിഡണ്ട് ആയ അറക്കപറമ്പില്‍ കുര്യന്‍ മകന്‍ ആന്റണി എന്നാ A K ആന്റണി. 36-ാം വയസില്‍ കേരളത്തിന്റെ മുഖ്യമന്ത്രി ആകാന്‍ ആഗ്രഹിക്കാതെ കേന്ദ്ര നേതാക്കന്‍മാരുടെ സമ്മര്‍ദംമൂലം ഇന്ത്യ കണ്ട ഏറ്റവും പ്രായം കുറഞ്ഞ മുഖൃമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു അധികാരം ഏറ്റെടുത്തശേഷം പുറത്തുവന്ന ആന്റണിയെ കത്ത് ശിപായി കാറിന്റെ ഡോര്‍ തുറന്നു പിടിച്ചു നില്‍പ്പുണ്ടായിരുന്നു. ശിപായിയോട് ചെവിയില്‍ സ്‌നേഹത്തോടെ പറഞ്ഞു എനിക്ക് കൈയുണ്ടെല്ലോ ഞാന്‍ തുറന്നോളം. പിന്നിട് വലിയ മന്ത്രി മന്ദിരത്തില്‍ നിന്നും മാറി റസിഡന്‍സി കോംപ്ലക്‌സിലെ ഒരു ചെറിയ റൂമില്‍ താമസിച്ചു സാധാരണക്കാര്‍ മാത്രം കഴിക്കുന്ന സെക്രട്ടറിയെറ്റിലെ ക്യാന്റീനില്‍ നിന്നും ഭക്ഷണം കഴിച്ചു രാജ്യം ഭരിച്ചു.

സ്വീകരണ സമ്മേളനങ്ങളില്‍ തോര്‍ത്തുകള്‍ മാത്രം സ്വികരിക്കുന്ന ആന്റണി മുഖൃമന്ത്രി ആകുന്നതിനു മുന്‍പ് സ്വീകരിച്ച ആയിരം തോര്‍ത്തുകള്‍ കുഷ്ഠരോഗാശുപത്രിക്ക് നല്‍കി. രാജി വച്ചപ്പോള്‍ തന്റെ തോള്‍ സഞ്ചിയും അതിലെ കുറെ പുസ്തകവും പിന്നെ അമ്മയുടെ ഒരു ഫോട്ടോയും മാത്രം മുഖ്യമന്ത്രിയുടെ മുറിയില്‍ നിന്നും എടുത്തു തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനില്‍ നിന്നും വണ്ടി കയറി എറണാകുളത്തെ ചെറിയ മുറിയില്‍ പോയി താമസിച്ച ആന്റണി എന്ന മനുഷ്യനും ഒരു ആംആദ്മിയുടെ മുഖം കേരളത്തിന് നല്‍കി. പിന്നിട് കേരളത്തിലും കേന്ദ്രത്തിലും എല്ലാം മന്ത്രി ആയപ്പോഴും ലളിത ജീവിതം പുലര്‍ത്തി എന്നും അഴിമതി രഹിതനായി ജീവിക്കുന്നു.

കേരളം കണ്ട ഏറ്റവും പ്രഗല്‍ഭനായ മുഖ്യമന്ത്രി എന്ന് ഡോക്ടര്‍ ബാബു പോള്‍ വിളിച്ച ഇ. അച്യുതമേനോനും ഒരു ആംആദ്മി തന്നെ ആയിരുന്നുവെന്ന് വിജു വി. നായര്‍ എന്ന എഴുത്തുകാരന്‍ കലാകൗമുദിയില്‍ എഴുതിയത് ഓര്‍ക്കുന്നു. ഒരിക്കല്‍ അദ്ദേഹം വിദ്യാര്‍ഥി ആയിരുന്നപ്പോള്‍ പെട്ടെന്ന് ട്രാന്‍സ്‌പോര്‍ട്ട് സമരം പ്രഖ്യാപിച്ചു. അപ്പോള്‍ ചങ്ങനാശ്ശേരി ട്രാന്‍സ്‌പോര്‍ട്ട് സ്റ്റാന്‍ഡില്‍ നിന്നും ഒരു സ്യൂട്ട്‌കേസും പിടിച്ചു ഇ. അച്യുതമേനോന്‍ എന്ന പഴയ മുഖ്യമന്ത്രി റെയില്‍വേ സ്റ്റേഷനെ ലക്ഷ്യം വച്ച് നടന്നു പോകുന്നു, പുറകെ ചെന്ന് സര്‍ ഞാന്‍ സൂട്ട്‌കേസ് പിടിക്കട്ടെ എന്നു ചോദിച്ചപ്പോള്‍ വേണ്ട ഞാന്‍ പിടിച്ചോളാം എന്നു പറഞ്ഞു. നിര്‍ബന്ധിച്ചപ്പോള്‍ സ്യൂട്ട്‌കേസ് പിടിക്കാന്‍ സമ്മതിച്ചു. അദ്ദേഹം വളരെ അഭിമാനത്തോടെ ആ സ്യൂട്ട്‌കേസ് പിടിച്ചു റെയില്‍വേ സ്റ്റേഷന്‍ വരെ നടന്നു. അദ്ദേഹത്തെ ട്രെയിന്‍ കയറ്റി തിരുവനന്തപുരത്തിനു വിട്ടു കേരളം കണ്ട ധിഷണാശാലിയായ മുഖൃമന്ത്രി E M S ഉം ഒരു ആംആദ്മി തന്നെ ആയിരുന്നു V M സുധീരനനും P K വാസുദേവന്‍ നായരും AKG യും TN പ്രതാപനും അടങ്ങുന്ന ആംആദ്മികള്‍ കേരളത്തില്‍ നിറഞ്ഞു നില്‍ക്കുന്നു. ഇവരൊക്കെ ഉഴുതു മറിച്ച മണ്ണില്‍ കേരളത്തില്‍ എളുപ്പം ആംആദ്മി വളരും എന്നു വിശ്വസിക്കാന്‍ കഴിയില്ല.

(ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ ലേഖകന്‍റെ കാഴ്ചപ്പാടുകള്‍ ആണ് )