കൊച്ചി: ഇന്നലെ ഡല്‍ഹിക്കെതിരായ മത്സരത്തില്‍ വിശ്വരൂപം പുറത്തെടുത്ത കേരള ബ്ലാസ്റ്റേഴ്‌സ് ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് മിന്നും വിജയം കൈപ്പിടിയിലൊതുക്കിയത്. പരിക്കിനെ വകവെക്കാതെ ഹാട്രിക്ക് നേടിയ മലയാളികളുടെ സ്വന്തം ഹ്യൂമേട്ടന്‍ മികച്ച ഫോമില്‍ തിരികെയെത്തിയിരിക്കുകയാണ്. ഹ്യൂമേട്ടന്‍ യുഗം അവസാനിച്ചെന്നു വിധിയെഴുതിയ വിമര്‍ശകരുടെ വായടപ്പിക്കുന്ന പ്രകടനമായിരുന്നു ഇന്നലെ ഡല്‍ഹിയുടെ തട്ടകത്തില്‍ ഹ്യൂമിന്റേത്.

ഇയാന്‍ ഹ്യൂമിനെ വിമര്‍ശിച്ചവരുടെ വായടപ്പിക്കാന്‍ ഇതിലും മികച്ച വഴിയില്ലെന്ന് മഞ്ഞപ്പടയുടെ മലയാളി സൂപ്പര്‍ താരം സി.കെ വിനീത് ഫേസ്ബുക്കില്‍ കുറിച്ചു. ബ്രില്യന്റ് പ്രകടനമായിരുന്നു ഹ്യൂമിന്റേതെന്നും ‘വാട്ട് എ പ്ലെയര്‍, വാട്ട് എ മാന്‍, വാട്ട് എ വാറിയര്‍,’ എന്നും വിനീത് പോസ്റ്റില്‍ പറയുന്നുണ്ട്. 11-ാം മിനിറ്റിലെ ഗോളിന് ശേഷം 78-ാം മിനിറ്റിലും 83-ാം മിനിറ്റിലും ഹ്യൂം ലക്ഷ്യം കണ്ടു. ഐ.എസ്.എല്‍ കരിയറില്‍ ഹ്യൂമിന്റെ മൂന്നാമത്തെ ഹാട്രിക്കാണിത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

എവേ മാച്ചുകളെ താളം കണ്ടെത്താന്‍ നന്നേ ബുദ്ധിമുട്ടിയിരുന്ന മഞ്ഞപ്പടയുടെ മറ്റൊരു രൂപമായിരുന്നു ഇന്നലെ ഡല്‍ഹിയില്‍ കണ്ടത്. ഡല്‍ഹിയിലെ പ്രതികൂലമായ കാലാവസ്ഥയും സാഹചര്യവും ബ്ലാസ്റ്റേഴ്‌സ് പ്രകടനത്തെ ബാധിച്ചില്ല. ഐ.എസ്.എല്‍ ആദ്യ സീസണിലെ പരിശീലകനും താരവുമായിരുന്ന ഡേവിഡ് ജെയിംസിന്റെ മടങ്ങിവരവ് ആഘോഷമാക്കുകയായിരുന്നു സന്തേശ് ജിങ്കനും കൂട്ടരും.

ആദ്യ സീസണിലും കഴിഞ്ഞ സീസണിലും അവസാനഘട്ട മത്സരങ്ങളിലാണ് ബ്ലാസ്‌റ്റേഴ്‌സ് മികച്ച പ്രകടനത്തോടെ മുന്നിലേക്കെത്തിയത്. ഇത്തവണയും അതാവര്‍ത്തിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. ടീം ഒത്തിണക്കത്തോടെ കളിച്ചതായി പരിശീലകന്‍ ഡേവിഡ് ജെയിംസ് മത്സര ശേഷം മാധ്യമങ്ങളോട് പറഞ്ഞു.