തൊടുപുഴ കുമാരമംഗലത്ത് ഏഴുവയസുകാരന്‍ മര്‍ദനമേറ്റ് മരിച്ച കേസില്‍ അന്തിമ കുറ്റപത്രം തയാറാക്കാനൊരുങ്ങി പൊലീസ്. കുട്ടിയുടെ അമ്മയെ അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്തു. കാമുകനെതിരായ മൊഴിയില്‍ ഉറച്ചു നിന്നതോടെ യുവതിയെ സാക്ഷിയാക്കാനാണ് പൊലീസ് നീക്കം.
ഏഴു വയസുകാരനായ മകന്റെ മരണത്തിന് ഉത്തരവാദി തനിക്കൊപ്പം കഴിഞ്ഞിരുന്ന അരുണ്‍ ആനന്ദ് മാത്രമാണെന്നാണ് അമ്മയുടെ മൊഴി. വ്യത്യസ്ത കാരണങ്ങള്‍ പറഞ്ഞായിരുന്നു പ്രതി കുട്ടികളെ ആക്രമിച്ചിരുന്നത്. സ്കൂളില്‍ എന്നേപ്പറ്റി എന്താടാ നീ പറഞ്ഞത് എന്ന് ചോദിച്ചായിരുന്നു കുട്ടിയെ അരുണ്‍ ആനന്ദ് സംഭവദിവസം ആക്രമിച്ചതെന്ന് അമ്മ പൊലീസിനോട് പറഞ്ഞു. അരുണ്‍ തന്നെയും മര്‍ദിച്ചിരുന്നെന്നും യുവതി മൊഴിനല്‍കി. സംഭവശേഷം കൗണ്‍സിലര്‍മാരുടെ നിരീക്ഷണത്തിലായിരുന്ന യുവതി മാനസികാരോഗ്യം വീണ്ടെടുത്തു.
കുട്ടിയുടെ അമ്മയെ പ്രധാന സാക്ഷിയാക്കാനാണ് പൊലീസ് നീക്കം. പ്രതിയാക്കുന്നത് പരിഗണിച്ചെങ്കിലും മറ്റു സാക്ഷികളില്ലാത്തതിനാല്‍ മുഖ്യപ്രതി രക്ഷപെടാന്‍ കാരണമാകുമെന്നാണ് നിയമോപദേശം. ഇവരുടെ രഹസ്യമൊഴി ഇടുക്കി മജിസ്ട്രേറ്റ് കോടതിയില്‍ രേഖപ്പെടുത്തും. തുടര്‍ന്ന് കുറ്റപത്രം സമര്‍പ്പിക്കുമെന്ന് പൊലീസ് അറിയിച്ചു.
കൊല്ലപ്പെട്ട കുട്ടിയുെട പിതാവായ തിരിവനന്തപുരം സ്വദേശിയുടെ മരണത്തിലും പുനരന്വേഷണം തുടങ്ങി. ഹൃദയ സ്തംഭനമാണ് മരണകാരണമെന്നായിരുന്നു പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ട്. ആശുപത്രിയിലെത്തും മുന്‍പായിരുന്നു മരണം. റിപ്പോര്‍ട്ട് മറ്റൊരു വിദഗ്ധ സംഘം പരിശോധിക്കും.
Leave a Reply