ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത, 2021 കുടുംബകൂട്ടായ്മ വർഷം ആയി ആചരിക്കുന്നത്തിന്റെ മുന്നോടിയായി 8 റീജിയണുകളെയും കേന്ദ്രീകരിച്ചു സംഘടിപ്പിക്കപെടുന്ന സെമിനാറുകൾക്ക് ഗ്ലാസ്സ്ഗോ റീജിയണിൽ (05/10/2020, തിങ്കളാഴ്ച്ച) ആരംഭമായി.വൈകുന്നേരം 6 മണിക്ക് രൂപതാ അദ്ധ്യക്ഷൻ അഭിവന്ദ്യ പിതാവ് മാർ ജോസഫ് സ്രാമ്പിക്കൽ അനുഗ്രഹപ്രഭാഷണത്തോടു കൂടി ഉത്ഘാടനകർമ്മം നിർവ്വഹിച്ചു. കുടുബകൂട്ടായ്മകളുടെ പ്രധാന്യത്തെക്കുറിച്ചും അടുത്ത വർഷം ആചരിക്കുന്ന കുടുംബകൂട്ടായ്മ വർഷത്തിന്റെ വിജയത്തിനാവശ്യമായ സഹായ സഹകരണങ്ങൾ സെമിനാറിൽ പങ്കെടുക്കുന്ന ഏവരുടെയും ഭാഗത്തുനിന്നും ഉണ്ടാകേണ്ടുന്നതിന്റെ ആവശ്യകതയെ കുറിച്ചും അഭിവന്ദ്യ പിതാവ് എടുത്തു പറയുകയുണ്ടായി. കോവിഡ് മഹാമാരിയുടെ പിടിയിലമർന്നു കൊണ്ടിരിക്കുന്ന ഈലോക ജീവിതത്തിൽ, ആഗോള സഭയുടെ ചെറിയ പതിപ്പായ ഗാർഹിക സഭയെയും അതിന്റെ കൂട്ടായ്മകളായ കുടുംബ യൂണിറ്റുകളുടെ ഒത്തുചേരുകളെയും, പ്രാർത്ഥനാ സമർപ്പണങ്ങളെയും മാറ്റിനിർത്തികൊണ്ട് വിശ്വാസജീവിതത്തിൽ മുൻപോട്ട് പോകുവാൻ സാധ്യമല്ല എന്ന് ഓർപ്പിക്കുകയും ചെയ്തു. ആത്മീയ ഉയർച്ചക്കും, വളർച്ചക്കും കരുത്തേകുന്ന ഒന്നായി കുടുംബകൂട്ടായ്മ വർഷാചാരണം മാറട്ടെ എന്ന് മാർ സ്രാമ്പിക്കൽ പ്രത്യാശിച്ചു.
പ്രസ്തുത ഓൺലൈൻ സെമിനാറുകളിൽ ക്ലാസുകൾക്ക് നേതൃത്വം നൽകുന്നത്, ഫാ. ഡോ. അരുൺ കലമറ്റത്തിൽ (പാലക്കാട് രൂപത) ആണ്.ഗ്ലാസ്ഗോ റീജിയൺ കേന്ദ്രീകരിച്ചു നടത്തപ്പെട്ട സെമിനാറിൽ കുടുബകൂട്ടായ്മ വർഷചാരണത്തിന്റെ ചെയർമാൻ ഫാ. ഹാൻസ് പുതിയകുളങ്ങര സ്വാഗതവും ഗ്ലാസ്സ്ഗോ റീജിയൺ കോ-ഓർഡിനേറ്റർ ഫാ. ജോസഫ് വെമ്പാടാൻതറ നന്ദിയും പ്രകാശിപ്പിച്ചപ്പോൾ, രൂപതാ വികാരി ജനറാളുമാരായ മോൺ. ഡോ. ആന്റണി ചുണ്ടെലിക്കാട്ട്, കുടുബകൂട്ടായ്മ വർഷത്തിന്റ ഇൻ – ചാർജ്ജ്, മോൺ. ജോർജ്ജ് തോമസ് ചേലക്കൽ, രൂപതാ വൈസ് ചാൻസിലർ ഫാ. ഫ്രാൻസ്വാ പാത്തിൽ എന്നിവർ സന്ദേശങ്ങൾ നൽകി.
തുടർന്നുവരുന്ന ദിവസങ്ങളിൽ താഴേപറയുന്ന വിധത്തിൽ ആണ് സെമിനാറുകൾ ക്രമീകരിച്ചിരിക്കുന്നത്.
06/10/2020, ചൊവ്വാഴ്ച – പ്രെസ്റ്റൻ റീജിയൺ,
07/10/2020, ബുധനാഴ്ച – മാഞ്ചെസ്റ്റർ റീജിയൺ,
08/10/2020, വ്യാഴാഴ്ച – കോവെന്ററി റീജിയൺ,
12/10/2020, തിങ്കളാഴ്ച – കേബ്രിഡ്ജ് റീജിയൺ,
13/10/2020, ചൊവ്വാഴ്ച – ലണ്ടൻ റീജിയൺ,
14/10/2020, ബുധനാഴ്ച – ബ്രിസ്റ്റോൾ – കാർഡിഫ് റീജിയൺ,
15/10/2020, വ്യാഴാഴ്ച – സൗത്തംപ്റ്റൺ റീജിയൺ.
ഓൺലൈനിൽ സൂം ഫ്ലാറ്റ്ഫോമിൽ വൈകുന്നേരം 6 മണി മുതൽ 8 മണി വരെ ആണ് സെമിനാറുകൾ.
Leave a Reply