സംസ്ഥാനത്ത് ഇന്ന് പേർക്ക് 2 കോവിഡ് സ്ഥിരീകരിച്ചു. പോസിറ്റീവായ രണ്ടിൽ ഒന്ന് വയനാട്ടിലാണ്. ഒരു മാസമായി ഒരു പോസിറ്റീവ് കേസ് പോലും റിപ്പോർട്ട് ചെയ്യാതിരുന്ന ജില്ലയാണു വയനാട്. ഫലം വരുന്നതു വരെ വയനാട് ഗ്രീൻ സോണിലായിരുന്നു. ഇതോടെ വയനാടിനെ ഓറഞ്ച് സോണിൽ ഉൾപ്പെടുത്തി. കണ്ണൂരാണ് മറ്റൊരു പോസിറ്റീവ് കേസുള്ളത്. 8 പേർ രോഗമുക്തരായി. കണ്ണൂരിൽ ആറും ഇടുക്കിയിൽ രണ്ടും കേസുകളാണ് നെഗറ്റീവ് ആയത്. 499 പേർക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചു. 96 പേർ ഇപ്പോൾ ചികിത്സയിലാണെന്നും വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 499 ആയി. 96 പേര്‍ ചികിൽസയിലുണ്ട്. 21,894 പേർ നിരീക്ഷണത്തിലുണ്ട്. അതിൽ 21,494 പേർ വീടുകളിലും 410 പേർ ആശുപത്രികളിലുമാണ്. ഇന്ന് 80 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതുവരെ 31,183 സാംപിളുകൾ പരിശോധനയ്ക്ക് അയച്ചു. 30,358 എണ്ണത്തിൽ രോഗബാധ ഇല്ലെന്നു കണ്ടെത്തി. ഇതുകൂടാതെ മുൻഗണനാ ഗ്രൂപ്പുകളിൽ 2093 സാംപിളുകൾ അയച്ചപ്പോൾ 1234 നെഗറ്റീവ് ഫലമാണ്.

സംസ്ഥാനത്ത് ആകെ 80 ഹോട്സ്പോട്ടുകളാണുള്ളത്. പുതുതായി ഹോട്സ്പോട്ടുകൾ ഇല്ല. 23 ഹോട്സ്പോട്ടുകൾ കണ്ണൂർ ജില്ലയിലാണ്. ഇടുക്കിയിൽ 11. കോട്ടയത്തും 11. ഏറ്റവും കൂടുതൽപേർ ചികിൽസയിലുള്ളത് കണ്ണൂരിലാണ്. 38 പേർ. ഇവരിൽ 2 പേർ കാസർകോട്ടുകാരാണ്. ഒരു കണ്ണൂർ സ്വദേശി കോഴിക്കോട് ചികിൽസയിൽ കഴിയുന്നുണ്ട്. കോട്ടയത്ത് 18 പേർ ചികിൽസയിലുണ്ട്. അതിലൊരാള്‍  ഇടുക്കിക്കാരനാണ്. കൊല്ലത്തും ഇടുക്കിയിലും 12പേർ വീതം ചികിൽസയിലുണ്ട്.

രാജ്യത്ത് ലോക്ഡൗൺ രണ്ടാഴ്ചത്തേക്ക് നീട്ടിയിരിക്കുന്നു. കൂടുതൽ ഇളവുകളും പ്രഖ്യാപിച്ചു. കേന്ദ്രസർക്കാർ മുന്നോട്ടുവച്ച പൊതുവായ മാർഗനിർദേശങ്ങളുടെ ചട്ടക്കൂടിന് അകത്തുനിന്നു കൊണ്ടാണ് നമ്മുടെ സംസ്ഥാനത്തെ സവിശേഷതകൾ കൂടി ഉൾക്കൊണ്ട് നിയന്ത്രണങ്ങൾ നടപ്പാക്കിയത്. ഇതിനുള്ള മാർഗനിർദേശങ്ങൾ ഉടൻ വരും, മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

രോഗചികിൽസയ്ക്കും പ്രതിരോധത്തിനും പ്രാധാന്യം നൽകിയുള്ള സമീപനമാണ് ആദ്യ ഘട്ടത്തിൽ സ്വീകരിച്ചത്. ജനങ്ങളുടെ സ്വാഭാവിക ജീവിതത്തിനു കടുത്ത നിയന്ത്രണങ്ങൾ ഏർപെടുത്തിയതിനു നല്ല ഫലം കണ്ടിട്ടുണ്ട്. എന്നാൽ അപകടനില തരണം ചെയ്തു എന്നു പറയാനാകില്ല. സാമൂഹ്യ വ്യാപനം എന്ന ഭീഷണി ഒഴിവായി എന്നും പറയാൻ സാധിക്കില്ല. നല്ല ജാഗ്രത വേണം. പ്രതിരോധ പ്രവർത്തനത്തിൽ നമ്മുടെ സാമ്പത്തിക ചലനങ്ങളെ നിയന്ത്രിക്കേണ്ടിവന്നു. സ്വാഭാവികമായ ജനജീവിതം എത്രത്തോളം അനുവദിക്കാം എന്നാണ് സർക്കാർ പരിശോധിക്കുന്നത്. സംസ്ഥാനത്തിന് പുറത്ത് വലിയ പ്രവാസി സമൂഹമാണുള്ളത്. അവരുടെ നാടുകൂടിയാണ് ഇത് എന്ന് കണക്കിലെടുത്ത് അവരെ കൊണ്ടുവരാനുള്ള സംവിധാനം പടിപടിയായി ഏർപെടുത്തേണ്ടതുണ്ട്. അപ്പോൾ രോഗവ്യാപനം ഇല്ലാതിരിക്കാൻ ജാഗ്രതയും പുലർത്തണം.

കേന്ദ്ര ഉത്തരവനുസരിച്ച് ജില്ലകളെ മൂന്നായി തരംതിരിച്ചു. 21 ദിവസമായി കോവിഡ് പോസിറ്റീവ് ഇല്ലാത്ത ജില്ലകളാണ് ഗ്രീൻ സോൺ. എറണാകുളവും വയനാടും ഗ്രീൻ സോണിലാണ്. പക്ഷേ ഇന്ന് പോസിറ്റീവ് കേസ് വന്നതിനാൽ വയനാട് ഓറഞ്ച് സോണിലായി. കേന്ദ്രമാനദണ്ഡം അനുസരിച്ച് പുതിയ കേസുകളില്ലാത്ത ആലപ്പുഴ, തൃശൂർ ജില്ലകൾ കൂടി ഗ്രീൻ സോണിൽ പെടുത്തുകയാണ്. കേന്ദ്രമാനദണ്ഡ പ്രകാരമാണ് മാറ്റം. കോവിഡ് പോസിറ്റീവ് രോഗികള്‍ ചികിൽസയിലില്ലാത്ത ജില്ലകളാണിത്. കണ്ണൂർ, കോട്ടയം ജില്ലകളാണ് റെഡ് സോണിൽ ഉള്ളത്. ഇത് രണ്ടിലുംപെടാത്ത ജില്ലകളെല്ലാം ഓറഞ്ച് സോണിലാണ്.

ഇതിൽ ശ്രദ്ധിക്കേണ്ട കാര്യം ജില്ലകളിലെ സ്ഥിതി വിലയിരുത്തി സോണുകളിൽ മാറ്റം വരുത്തുക എന്നതാണ്. റെഡ് സോണിലെ ജില്ലകളിലെ ഹോട്സ്പോട്ട്, കേന്ദ്രസർക്കാർ പുറപ്പെടുവിച്ച പ്രസ്താവനയിൽ ഇതിനൊരു കണ്ടെയ്ൻമെന്റ് സോൺ ഉണ്ട്. ഇവിടെ ലോക്ഡൗൺ നിയന്ത്രണങ്ങൾ കർശനമായി തുടരും. മറ്റ് ഇടങ്ങളിൽ ഇളവുണ്ടാകും. ഹോട്സ്പോട്ടുകളുള്ള നഗരസഭകളുടെ കാര്യത്തിൽ വാർഡോ, ഡിവിഷനോ ആണ് ഹോട്സ്പോട്ടായതെങ്കിൽ അത് അടച്ചിടുന്ന സമീപനമാണ് സ്വീകരിച്ചത്. ഇതു പഞ്ചായത്തുകളുടെ കാര്യത്തിൽ കൂടി വ്യാപിപ്പിക്കും. വാർഡും അതുമായി കൂടിച്ചേർന്ന പ്രദേശവും കണ്ടെയ്ന്‍മെന്റ് സോണുകളാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം, ഗ്രീൻ സോണിൽ അടക്കം പൊതുഗതാഗതം അനുവദിക്കില്ല. സ്വകാര്യ വാഹനങ്ങളിൽ യാത്ര ചെയ്യുമ്പോൾ ഡ്രൈവർക്കു പുറമെ രണ്ട് പേരിൽ കൂടുതൽ യാത്ര ചെയ്യരുത്. ഹോട്സ്പോട്ടുകളിലും ഇതു പാടില്ല. ഇരുചക്രവാഹനങ്ങളിൽ പിൻസീറ്റ്‌ യാത്ര പാടില്ല. ഒരാൾ മാത്രമേ സഞ്ചരിക്കാവൂ എന്നാണ് നിർദ്ദേശം. ഹോട്സ്പോട്ട് അല്ലാത്ത ഇടങ്ങളിൽ അത്യാവശ്യ ഘട്ടങ്ങളിൽ സംസ്ഥാനത്ത് ഇളവ് അനുവദിക്കും. ആളുകൾ കൂടിച്ചേരുന്ന പരിപാടി പാടില്ല. സിനിമാ തിയറ്റർ, ആരാധനാലയങ്ങൾ, തുടങ്ങിയവയ്ക്കു നിയന്ത്രണം തുടരും. ആളുകൾ കൂടിച്ചേരുന്ന പരിപാടികൾ വേണ്ടെന്നു വയ്ക്കും. ഞായറാഴ്ച പൂർണ അവധിയായിരിക്കും. കടകൾ തുറക്കരുത്. വാഹനങ്ങൾ പുറത്തിറങ്ങരുത്. ഈ തീരുമാനത്തിന് നാളെ ഇളവുണ്ട്. തുടർന്നുള്ള ഞായറാഴ്ചകളിൽ നിയന്ത്രണം പൂർണതോതിൽ കൊണ്ടുവരണം. അവശ്യ സേവനങ്ങളായ സർക്കാർ ഓഫിസുകൾ മേയ് 15 വരെ പ്രവർത്തിക്കാം, മുഖ്യമന്ത്രി വ്യക്തമാക്കി.