അമ്മു മറിയം തോമസ്, മലയാളം യുകെ ന്യൂസ് ടീം

നിയമസഭ തെരഞ്ഞെടുപ്പിൽ കേരളം ചുവന്നു തുടുത്തു. എൽഡിഎഫിന് ചരിത്ര വിജയത്തിലേക്ക് നയിച്ച പിണറായി വിജയനാണ് ഈ തെരഞ്ഞെടുപ്പിലെ താരം. വിജയ കൊടുങ്കാറ്റിലും കേരള കോൺഗ്രസ് (എം) -ൻെറ ചെയർമാൻ ജോസ് കെ മാണിയുടെ തെരഞ്ഞെടുപ്പ് പരാജയം വരും ദിവസങ്ങളിൽ കേരള രാഷ്ട്രീയത്തിൽ വൻ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിമരുന്നിടുമെന്ന് ഉറപ്പായി. മാണി സി കാപ്പന് ബിജെപി വോട്ട് മറിച്ചതാണ് പരാജയകാരണം എന്ന് ജോസ് കെ മാണി ആക്ഷേപം ഉന്നയിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻെറ പത്രസമ്മേളനത്തിലും ജോസ് കെ മാണിയുടെ തോൽവിയെ കുറിച്ചുള്ള ചോദ്യത്തിന് അദ്ദേഹം പറയാതെ പറഞ്ഞത് ഇതു തന്നെയാണ്. കഴിഞ്ഞ തവണത്തെ തിരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യുമ്പോൾ എൻഡിഎ സ്ഥാനാർത്ഥി പ്രമീള ദേവിയ്ക്ക് കിട്ടിയ വോട്ട് 10466 ആണ്.  കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് എൻഡിഎയ്ക്ക് പതിനായിരത്തോളം വോട്ടിൻെറ കുറവാണ് ഉണ്ടായിരിക്കുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

എന്നാലും പാലായിലെ കേരള കോൺഗ്രസ് സിപിഎം തർക്കം ജോസ് കെ മാണിയുടെ പരാജയത്തിലേക്ക് വഴിവെച്ചു എന്ന് കരുതുന്നവർ ഏറെയാണ്. പ്രത്യേകിച്ച് പാലാ മുൻസിപ്പാലിറ്റിയിൽ രണ്ട് വിഭാഗങ്ങൾ തമ്മിൽ നടന്ന തമ്മിലടി മാധ്യമങ്ങളിൽ വാർത്തയാവുകയും ചെയ്തിരുന്നു. അടുത്തയിടവരെ എതിർചേരിയിൽ ആയിരുന്ന അഴിമതിക്കാരനെന്ന് മുദ്രകുത്തി ആക്ഷേപിച്ച നേതാവിന് വോട്ടുചെയ്യാനുള്ള ശരാശരി ഇടതുപക്ഷക്കാരൻെറ വൈമുഖ്യവും ജോസ് കെ മാണിയുടെ പരാജയത്തിന് ആക്കം കൂട്ടിയതായാണ് വിലയിരുത്തപ്പെടുന്നത്.

കേരള കോൺഗ്രസുകളെ വലതുപക്ഷ രാഷ്ട്രീയത്തിലെ ആത്മഹത്യ ബോംബുകളായാണ് ഒരു സ്വതന്ത്ര രാഷ്ട്രീയ നിരീക്ഷകൻ വിശേഷിപ്പിച്ചത്. 10 സീറ്റിൽ മത്സരിച്ച ജോസഫ് പക്ഷം രണ്ടു സീറ്റിൽ ഒതുങ്ങി. പന്ത്രണ്ട് സീറ്റിൽ മത്സരിച്ച ജോസ് പക്ഷത്തിന് അഞ്ചു സീറ്റ് ലഭിച്ചെങ്കിലും പടനായകൻെറ പതനം വരും കാലത്ത് ആ പാർട്ടിയുടെ അധികാര സമവാക്യത്തിൽ ഉണ്ടാകാൻ പോകുന്ന വടംവലികൾ കണ്ടുതന്നെ അറിയണം. മന്ത്രിസ്ഥാനം തന്നെ തർക്ക വിഷയം ആകാനുള്ള സാധ്യത മുന്നിലുണ്ട്. കാലാവധി കഴിയാതെ ലോകസഭയിൽ നിന്ന് രാജ്യസഭയിലേക്കും അവിടെ നിന്ന് നിയമസഭയിലേക്കും മത്സരിച്ച് പരാജയപ്പെട്ട ജോസ് കെ മാണിയെ ഏത് രീതിയിൽ എൽഡിഎഫ് ഉൾക്കൊള്ളും എന്നതും വരുംദിവസങ്ങളിൽ നിർണായകമാണ് . സിപിഐയും കേരള കോൺഗ്രസ് ജോസ് പക്ഷവും തമ്മിലുള്ള തർക്കങ്ങളും മുറുകാനാണ് സാധ്യത. ഇടതുപക്ഷ സ്വഭാവം ഇല്ലാത്ത കേരള കോൺഗ്രസ് ജോസ് പക്ഷത്തിന് എത്ര കാലം എൽഡിഎഫിൽ തുടരാനാകും എന്നാണ് രാഷ്ട്രീയ നിരീക്ഷകർ ഉറ്റു നോക്കുന്നുത്. പ്രത്യേകിച്ച് ചെയർമാൻ ജോസ് കെ മാണി അധികാരത്തിന് പുറത്തായിരിക്കുമ്പോൾ എൽഡിഫുമായുള്ള സ്വരചേർച്ച കണ്ടുതന്നെ അറിയണം.