കേരളത്തിൽ കൊവിഡ് ഏറ്റവും അധികം ബാധിച്ചിരിക്കുന്നത് യുവാക്കൾക്ക് എന്ന് റിപ്പോർട്ട്. രോഗികളിൽ ഭൂരിഭാഗവും യുവാക്കളാണ്. 20നും 39നും മധ്യേ പ്രായമുള്ള 3489 പേർക്കാണ് സംസ്ഥാനത്ത് കൊവിഡ് ബാധിച്ചിരിക്കുന്നത്. ആരോഗ്യമുള്ളവരിൽ കൊവിഡ് രോഗം ഗുരുതരമാകില്ലെന്ന പൊതുധാരണയും കേരളത്തിൽ തെറ്റെന്ന് തെളിഞ്ഞു. കണ്ണൂരിൽ കൊവിഡ് ബാധിച്ച് മരിച്ച എക്‌സൈസ് ഉദ്യോഗസ്ഥൻ ഇതിനുദാഹരണമാണ്. മറ്റ് അസുഖങ്ങളൊന്നും ഇല്ലാതിരുന്നിട്ടും ആരോഗ്യവാനായ എക്‌സൈസ് ഉദ്യോഗസ്ഥന്റെ മരണം ആരോഗ്യമുള്ളവരിലും കൊറോണ ഗുരുതരമാകുമെന്ന് തെളിയിക്കുന്നതാണ്.

അതേസമയം, സമ്പർക്കത്തിലൂടെ രോഗബാധിതരാകുന്നവരിലും കൂടുതൽ യുവാക്കളാണെന്ന് റിപ്പോർട്ടുകൾ തെളിയിക്കുന്നു. യുവാക്കളിൽ ലക്ഷണങ്ങൾ പ്രകടമാകാതെയുള്ള നിശ്ശബ്ദവ്യാപനവും നടക്കുന്നുണ്ട്. ഇതോടൊപ്പം തന്നെ രോഗമുക്തി നിരക്കിലും 20 നും 39 നും മധ്യേ പ്രായമുള്ളവരാണ് മുന്നിലെന്ന കണക്കും കൂട്ടിവായിക്കേണ്ടതാണ്.

കൊവിഡ് ബാധിച്ചവരിൽ കൂടുതലായി പൊതുവായി പ്രകടമാകുന്ന രോഗലക്ഷണം തൊണ്ടവേദനയാണ്. പിന്നീടുള്ളത് പനിയും ചുമയും. 10 ശതമാനത്തിൽ താഴെ പേർക്ക് തലവേദനയും ശരീരവേദനയും രോഗലക്ഷണമായി കാണപ്പെടുന്നു. 10 ശതമാനത്തോളം പേരുടെ രോഗലക്ഷണം ശരീരവേദനയും തലവേദനയുമായിരുന്നു.

സംസ്ഥാനത്ത് സ്ത്രീകളിൽ കൊവിഡ് രോഗബാധ കുറവാണെന്നും കണ്ടെത്തിയിട്ടുണ്ട്. സംസ്ഥാനത്തെ കൊവിഡ് ബാധിതരിൽ 71.9 ശതമാനവും പുരുഷന്മാരാണ്. 21.4 ശതമാനമാണ് സ്ത്രീകളായ രോഗികൾ. അതേസമയം മൊത്തം രോഗികളിൽ 6.7 ശതമാനം പേരുടെ വിവരങ്ങൾ ലഭ്യമല്ല. 20 വയസ്സിനും 39 വയസ്സിനും മധ്യേ പ്രായമുള്ള 3489 പേരിൽ 745 പേർ സ്ത്രീകളാണ്. 70 വയസ്സിന് മുകളിലുള്ള രോഗബാധിതരിൽ സ്ത്രീ-പുരുഷ വിഭാഗങ്ങൾ ഒപ്പത്തിനൊപ്പമാണ്. 70-79 പ്രായവിഭാഗത്തിൽ 25 സ്ത്രീകളും 26 പുരുഷന്മാരുമാണ് രോഗബാധിതരായുള്ളത്. 8089 വിഭാഗത്തിൽ 11 സ്ത്രീകളും 12 പുരുഷന്മാരും.