ന്യൂസ് ഡെസ്ക് മലയാളം യുകെ

തിരുവനന്തപുരം : ബിബിസി വാർത്തയിൽ ഇടം നേടി നർത്തകി മൻസിയ വിപി. ഒരു ഫേസ്ബുക്ക് പോസ്റ്റിലൂടെ അടുത്തിടെയാണ് മൻസിയ വീണ്ടും വാർത്തകളിൽ നിറയുന്നത്. അഹിന്ദു ആയതിനാല്‍ ഭരതനാട്യം അവതരിപ്പിക്കാന്‍ ക്ഷണിച്ച പരിപാടിയില്‍ നിന്ന് തന്നെ ഒഴിവാക്കിയതായി മൻസിയ വെളിപ്പെടുത്തിയിരുന്നു. തൃശൂര്‍ കൂടല്‍ മാണിക്യം ക്ഷേത്രത്തിലെ ഉത്സവത്തോട് അനുബന്ധിച്ച് സംഘടിപ്പിക്കാനിരുന്ന പരിപാടിയില്‍ നിന്നാണ് ക്ഷേത്രം ഭാരവാഹികള്‍ തനിക്ക് അവസരം നിഷേധിച്ചതെന്ന് വിപി മന്‍സിയ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ഏപ്രില്‍ 21 വ്യാഴാഴ്ച ആറാം ഉത്സവം പ്രമാണിച്ച് നടത്തുന്ന കലാപരിപാടികളുടെ ഭാഗമായി ഭരതനാട്യം അവതരിപ്പിക്കാനാണ് മന്‍സിയയെ ക്ഷണിച്ചത്. നോട്ടീസില്‍ പേര് അടക്കം അച്ചടിച്ചതിന് ശേഷമാണ് ഒഴിവാക്കിയതായി ഭാരവാഹികളില്‍ ഒരാള്‍ അറിയിച്ചതെന്ന് മന്‍സിയ പറഞ്ഞു. എന്നാൽ ഇത് മാത്രമല്ല മൻസിയയുടെ കഥ. അത് പോരാട്ടത്തിന്റെയും അതിജീവനത്തിന്റെയും കഥ കൂടിയാണ്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

മലപ്പുറം ജില്ലയിലെ വള്ളുവമ്പ്രത്തു നിന്നുള്ള മന്‍സിയ എന്ന മുസ്ലിം പെണ്‍കുട്ടിയുടെയും ക്ഷേത്ര കലകളെ ഉപാസിച്ചതിന്റെ പേരില്‍ ഊരു വിലക്കപ്പെട്ട, അടക്കം ചെയ്യപ്പെടാനുള്ള മണ്ണ് പോലും നിഷേധിക്കപ്പെട്ട ഒരു കുടുംബത്തിന്റെ പോരാട്ടത്തിന്റെയും കഥ. മൂന്നാം വയസ്സ് മുതല്‍ നൃത്തത്തെ, തന്റെ നെഞ്ചോട് ചേർത്തു നിർത്തിയ വ്യക്തിയാണ് മൻസിയ. മൻസിയയെയും മൂത്ത സഹോദരി റൂബിയയെയും നൃത്തപഠന ക്ലാസുകളിലേക്ക് കൊണ്ടുപോയിരുന്നത് ഉമ്മ ആമിനയാണ്.

ചെറുപ്പം മുതല്‍ ഭരതനാട്യവും മോഹിനിയാട്ടവും കഥകളിയും കേരളനാടനവുമെല്ലാം ഒരു പോലെ വഴങ്ങിയ മനസിയക്ക് എട്ടാം ക്ലാസ്സു മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെ സ്‌കൂള്‍ കലോത്സവ വേദികളില്‍ ഒന്നാം സ്ഥാനമായിരുന്നു. മന്‍സിയയുടെ പിതാവ് അലവിക്കുട്ടിയും മാതാവ് ആമിനയും തങ്ങളുടെ മക്കളുടെ സ്വപ്നങ്ങളോടൊപ്പം നിന്നു. ഇതിന്റെ പേരിൽ ഏറെ അവഗണനകളും എതിര്‍പ്പുകളും അവർക്ക് ഏറ്റുവാങ്ങേണ്ടതായി വന്നു. ഇസ്ലാം മത വിശ്വാസിയായിരുന്നിട്ടും, കാന്‍സര്‍ ബാധിതയായി മരണപ്പെട്ട ഉമ്മയുടെ കബറടക്കം അടക്കമുള്ള മരണാനന്തര കര്‍മങ്ങള്‍ നടത്താനനുവദിക്കാതെ അവരെ ഒറ്റപ്പെടുത്തിയത് നാട്ടിലെ പുരോഹിതരും പ്രമാണികളുമാണ്.

അതേസമയം, ഊരുവിലക്കിയ സ്വന്തം നാട്ടില്‍ തന്നെ ആഗ്‌നേയ എന്ന പേരില്‍ നൃത്ത വിദ്യാലയം തുടങ്ങിയാണ് മന്‍സിയ മതമൗലിക വാദികള്‍ക്ക് മറുപടി നല്‍കിയത്. മദ്രാസ് സര്‍വകലാശാലയിൽ നിന്ന് എം എ ഭരതനാട്യത്തിൽ ഒന്നാം റാങ്കും നേടി. ഇപ്പോൾ 27 വയസ്സുള്ള മൻസിയ, ഭരതനാട്യത്തിൽ പിഎച്ച്ഡി ചെയ്യുകയാണ്. സംഗീതകലാകാരന്‍ ശ്യാം കല്യാണ്‍ ആണ് ഭർത്താവ്. ആദ്യം മലപ്പുറത്ത് ഹിന്ദു വേഷങ്ങളണിഞ്ഞ് നൃത്തം ചെയ്തതിന് മഹല്ലിൽനിന്ന് പുറത്താക്കി. ഇപ്പോൾ അഹിന്ദുവെന്ന് പറഞ്ഞ് ക്ഷേത്രത്തിലെ നൃത്തവേദിയിൽ നിന്ന് വിലക്കി. കലയിൽ മനുഷ്യരെല്ലാം ഒന്നാണെന്ന ചിന്തയിലേക്ക് കേരളം ഇനിയും വളർന്നിട്ടില്ലെന്ന് മൻസിയ പറയുന്നു. മൻസിയക്ക് പിന്തുണയുമായി നിരവധി കലാകാരന്മാർ രംഗത്തെത്തിയിരുന്നു. കൂടൽമാണിക്യം വേദി ബഹിഷ്കരിക്കാനും അവർ തയ്യാറായി. ഇത് മൻസിയയുടെ പോരാട്ടത്തിന്റെ ഫലമാണ്.