ലോക്ഡൗണില്‍ കേരളത്തിലേക്ക് അഴുകിയ മല്‍സ്യത്തിന്റെ കുത്തൊഴുക്ക്. അഞ്ചുദിവസത്തിനിടെ അറുപത്തിനാലായിരം കിലോ മല്‍സ്യം ഭക്ഷ്യസുരക്ഷാ വിഭാഗം പിടികൂടി. ഇന്നുമാത്രം പിടിച്ചെടുത്തത് ഇരുപത്തിയൊന്‍പതിനായിരം കിലോ. ഇതരസംസ്ഥാനങ്ങളില്‍നിന്ന് അഴുകിയ മല്‍സ്യമെത്തിക്കുന്ന മുപ്പതിലേറെ സംഘങ്ങളുണ്ടെന്ന് സംയുക്ത സ്ക്വാഡിന് വിവരം ലഭിച്ചു.
കൊച്ചി വൈപ്പിനില്‍ പിടികൂടിയ കേരയുടെ ഗുണനിലവാരമാണ് ഈ കണ്ടത്. അഴുകിയ മാംസത്തിനുള്ളിലേക്ക് പരിശോധകരുടെ വിരല്‍ നിസാരമായി കയറി. തമിഴ്നാട് ബോട്ടില്‍നിന്ന് വാങ്ങിയ നാലായിരം കിലോ മല്‍സ്യം ചെറുകിടക്കാര്‍ക്ക് വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഭക്ഷ്യസുരക്ഷ, ഫിഷറീസ് വകുപ്പുകളുടെ സംയുക്ത സംഘം പിടിച്ചെടുത്തത്.
കോഴിക്കോട് താമരശേരിയില്‍ പതിനെണ്ണായിരംകിലോ പിടിച്ചെടുത്തു.ഇതില്‍ നൂറുകിലോയില്‍ ഫോര്‍മാലിനും കലര്‍ത്തിയിരുന്നു. കായംകുളത്ത് രണ്ടായിരത്തി അഞ്ഞൂറ് കിലോഗ്രാം അഴുകിയ മല്‍സ്യം പിടികൂടി. വാഹനവും പിടിച്ചെടുത്തു. തിരുവനന്തപുരം വെള്ളറടയില്‍ മൂവായിരം കിലോയും, തൃശൂര്‍ കുന്നംകുളത്ത് 1500 കിലോയും പിടികൂടി. ഓപ്പറേഷന്‍ സാഗര്‍ റാണിയെന്ന പേരില്‍ ഭക്ഷ്യസുരക്ഷാവിഭാഗം ശനിയാഴ്ചയാണ് പരിശോധന തുടങ്ങിയത്. ആദ്യനാലു ദിവസം 35,524 കിലോ മീന്‍ പിടികൂടിയിരുന്നു.
രാസവസ്തുക്കള്‍ ചേര്‍ത്തതും, ചീഞ്ഞളിഞ്ഞതുമെല്ലാം പുതിയതെന്ന തരത്തിലെത്തിക്കുകയാണ്. തമിഴ്നാട്ടിലെ തൂത്തുക്കുടി, രാമേശ്വരം, നാഗപട്ടണം, ആന്ധ്രയിലെ വിശാഖപട്ടണം, കര്‍ണാടകയിലെ മംഗാലപുരം എന്നിവിടങ്ങളാണ് സ്രോതസ്. കേരളത്തില്‍ പ്രധാന ചന്തകളിലേക്ക് പോകാതെ ഇടനിലക്കാര്‍ മുഖേന ചെറുകിട വ്യാപാരികള്‍ക്ക് കൈമാറുന്നതാണ് രീതി. അതിനാല്‍ മാര്‍ക്കറ്റിന് പുറമെ അതിര്‍ത്തിയില്‍ പരിശോധിച്ചാല്‍ ഫലപ്രദമായി തടയാനും കടത്തുകാരെ കയ്യോടെ പിടിക്കാനുമാകുമെന്ന പ്രതീക്ഷയിലാണ് ഭക്ഷ്യസുരക്ഷാവിഭാഗം.
Leave a Reply