ജോജി തോമസ്
പ്രളയാനന്തര കേരളത്തിന്റെ പുനര്‍ നിര്‍മിതിയെക്കുറിച്ചുള്ള ചര്‍ച്ചകളാണ് അടുത്ത കാലത്തായി സമൂഹത്തില്‍ ഏറെ നിറഞ്ഞു നില്‍ക്കുന്നത്. ദൗര്‍ഭാഗ്യകരമെന്ന് പറയട്ടെ ഈ ചര്‍ച്ചകളിലൊന്നും കഴിഞ്ഞകാല തെറ്റുകള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടികള്‍ക്കും ശാസ്ത്രീയ അടിത്തറയോടെ പുനര്‍നിര്‍മ്മിതി നടത്തേണ്ടതിന്റെ ആവശ്യകതയ്ക്കും കാര്യമായ മുന്‍ഗണന ലഭിക്കുന്നില്ല. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനുള്ളില്‍ കേരളകരയ്ക്ക് അദ്ഭുതപൂര്‍വ്വമായ മാറ്റങ്ങളാണ് സംഭവിച്ചത്. സാമൂഹിക സാമ്പത്തിക പുരോഗതിക്ക് അതീതമായ മണ്ണിനെയും പ്രകൃതിയെയും മറന്നുകൊണ്ട് മനുഷ്യര്‍ നടത്തുന്ന വികസന ആഭാസത്തിന്റെ നേര്‍ക്കാഴ്ച്ചയായി തീര്‍ന്നു കേരളം.
പ്രവാസി മലയാളികളുടെ പണത്തിന്റെ കുത്തൊഴുക്കോടുകൂടി പ്രത്യേകിച്ച് ഗള്‍ഫ് പണത്തിന്റെ വരവോടു കൂടിയാണ് കേരളത്തിലെ കോണ്‍ക്രീറ്റ് യുഗം ആരംഭിക്കുന്നത്. ആദ്യകാലങ്ങളില്‍ മലതുരന്നും പാടം നികത്തിയും വീട് പണിത മലയാളിയുടെ കണ്ണ് പിന്നീട് പുഴയോരത്തും കായൽത്തീരങ്ങളിലുമായി. പുഴയോരത്തൊരു വീടെന്നത് മലയാളിയുടെ കാല്‍പ്പനിക സങ്കല്‍പ്പങ്ങളുടെ മുന്‍നിരയില്‍ സ്ഥാനം പിടിച്ചു. ആധുനിക കാലഘട്ടത്തിലെ വികസനത്തിന്റെ പ്രതീകമായി ഉയര്‍ന്നു വന്ന ഡാമുകള്‍ വര്‍ഷംതോറുമുണ്ടാകാറുള്ള ചെറിയ പ്രളയത്തില്‍ നിന്ന് പുഴയോരത്തെ വീടുകളെ സംരക്ഷിച്ചെങ്കിലും കേരളത്തെ പോലൊരു ചെറിയ സംസ്ഥാനത്ത് ചെറുതും വലുതുമായ 82 ഓളം ഡാമുകള്‍ സൃഷ്ടിക്കുന്ന പാരിസ്ഥിതിക ആഘാതത്തെക്കുറിച്ച് ആരും ചിന്തിച്ചില്ല. മന്‍സൂണ്‍ കാലത്ത് വെള്ളമൊഴുകേണ്ട വഴികളെല്ലാം അടയ്ക്കുകയും പ്രളയകാലത്ത് വെള്ളം കയറികിടക്കേണ്ട സ്ഥലങ്ങളെല്ലാം കൈയ്യേറുകയും ചെയ്തതോടെ മഹാപ്രളയത്തിലെ വെള്ളം മുഴുവന്‍ മനുഷ്യവാസ സ്ഥലങ്ങളിലേക്ക് ഇരച്ചു കയറി. പ്രളയമുണ്ടായപ്പോള്‍ വെള്ളത്തില്‍ മുങ്ങിപ്പോയ നെടുമ്പാശേരി വിമാനത്താവളം ഉള്‍പ്പെടെ പല വന്‍ വികസനങ്ങളും നടന്നത് പ്രളയജലത്തിന് അഭയം നല്‍കേണ്ട ഇടങ്ങള്‍ ആയിരുന്നു. ആറന്മുള വിമാനത്താവളം നിര്‍മ്മിച്ചിരുന്നെങ്കില്‍ അതും വെള്ളത്തിനടയിലായേനെ.
വികസന പ്രവര്‍ത്തനങ്ങളും നിര്‍മ്മാണങ്ങളും സൃഷ്ടിക്കുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങളെക്കുറിച്ച് ആരെങ്കിലും സംസാരിച്ചാല്‍ അവര്‍ വികസന വിരുദ്ധരായി മുദ്ര ചാര്‍ത്തപ്പെടും. കണ്ണൂരിലെ കീഴാറ്റൂരില്‍ സമീപകാലത്ത് വയല്‍കിളികള്‍ നടത്തിയ സമരത്തോട് സര്‍ക്കാരിന്റെയും വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെയും സമീപനം പ്രളയാനന്തര കേരളത്തിൽ ശ്രദ്ധേയമാകുന്നു. റോഡിനും വീടിനും വേണ്ടി നികത്തിയ നെല്‍വയലുകളിലൂടെ പ്രളയജലത്തിന് ഒഴുകിപോകാന്‍ സാധിക്കാതെ വന്നതാണ് കുട്ടനാട് ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ പ്രളയം രൂക്ഷമാകാന്‍ കാരണം. നാലംഗമുള്ള കുടുംബത്തിന് വേണ്ടി നാലായിരം സ്‌ക്വയര്‍ ഫീറ്റില്‍ കുറഞ്ഞ വീടിനെക്കുറിച്ച് ചിന്തിക്കാത്ത അവസ്ഥയിലേക്ക് മലയാളിയുടെ സങ്കല്‍പ്പങ്ങള്‍ മാറി. ഈ വലിയ വീടുകള്‍ ഭൂമിക്ക്‌മേല്‍ ഉണ്ടാക്കുന്ന ആഘാതത്തെക്കുറിച്ചും പാരിസ്ഥിതിക പ്രശ്‌നങ്ങളെക്കുറിച്ചും ആരും ചിന്തിച്ചില്ല. മലതുരന്ന് പണിത വലിയ വീടിന് മുകളിലേക്ക് പെരും മഴയത്ത് മലയിടിഞ്ഞ് വീണപ്പോള്‍ നമ്മള്‍ പ്രകൃതിയെ കുറ്റപ്പെടുത്തി. കേരളത്തിലെ പല വീടുകളും കണ്ടാല്‍ റിസോര്‍ട്ടോ, ഹോട്ടലോ ആണോയെന്ന് തെറ്റിദ്ധരിക്കപ്പെടും. പല വികസിത രാജ്യങ്ങളില്‍പ്പോലും കേരളത്തിലെപോലെ ആഢംബര വസതികള്‍ ഇല്ല. ഭൂമിക്ക്‌മേല്‍ അനാവശ്യ സമ്മര്‍ദ്ദം സൃഷ്ടിക്കുകയും വിഭവങ്ങളുടെ ദുരുപയോഗത്തിന് കാരണമാവുകയും ചെയ്യുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കേണ്ടിയിരിക്കുന്നു. കേരളത്തിലെ വീടുകളില്‍ 14 ശതമാനത്തോളം ആള്‍താമസമില്ലാതെ ഒഴിഞ്ഞു കിടക്കുകയാണെന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ പ്രവാസി മലയാളികളുടെ ഉള്‍പ്പെടെയുള്ള ആഢംബര ഭവനങ്ങളുടെ മേല്‍ കനത്ത നികുതി ചുമത്താവുന്നതാണ്.
നിയമം ലംഘിച്ച് പ്രവര്‍ത്തിക്കുന്ന ക്വാറികളും അനധികൃത നിര്‍മ്മാണങ്ങളഉം സമ്മാനിച്ച മനുഷ്യ നിര്‍മ്മിത ദുരന്തമാണ് കേരളത്തില്‍ സംഭവിച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ട്. കോസ്റ്റല്‍ റെഗുലേഷന്‍ സോണ്‍ നിയമവും നെല്‍വയല്‍ നിര്‍ത്തട സംരക്ഷണ നിയമവും കടലാസില്‍ മാത്രമായി ഒതുങ്ങി. പ്രസ്തുത നിയമങ്ങള്‍ ലംഘിക്കുന്നതില്‍ സിനിമാ താരങ്ങളും മാന്ത്രിമാരുള്‍പ്പെടുന്ന രാഷ്ട്രീയക്കാരും മുന്‍നിരയിലായിരുന്നു. നെല്‍വയല്‍ നിര്‍ത്തട സംരക്ഷണ നിയമം ലംഘിച്ചതിന്റെ പേരില്‍ സമീപകാലത്ത് ഒരു മന്ത്രി തന്നെ രാജിവെക്കേണ്ടി വന്നതും ഒരു പ്രമുഖ സിനിമാ താരത്തിനെതിരെ കോസ്റ്റല്‍ റെഗുലേഷന്‍ സോണ്‍ നിയമം ലംഘിച്ചതായി പരാതി ഉയര്‍ന്നതുമെല്ലാം ഈ അവസരത്തില്‍ ഓര്‍മ്മിക്കേണ്ടതാണ്. ഈ വിഷയങ്ങളെല്ലാം പൊതുശ്രദ്ധയില്‍ കൊണ്ടുവരികയും നടപടികള്‍ എടുക്കാന്‍ അധികാരികളെ നിര്‍ബന്ധിതരാക്കുകയും ചെയ്തത് മാധ്യമങ്ങളാണ്. നിയമം നടപ്പാക്കുകയും നിയമലംഘനം തടയുകയും ചെയ്യുന്നവര്‍ നോക്കു കുത്തികളാവുകയോ നിയമലംഘനങ്ങള്‍ക്ക് നേരെ കണ്ണടയ്ക്കുകയോ ചെയ്യുന്നതാണ് അനധികൃത നിര്‍മ്മാണങ്ങള്‍ക്ക് കാരണം. പാരിസ്ഥിതിക പ്രധാന്യത്തിന്റെ അടിസ്ഥാനത്തില്‍ പുഴ, കായല്‍, കടല്‍ത്തീരങ്ങളില്‍ നിന്ന് 50 മുതല്‍ 500 മീറ്റര്‍ വരെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പാടില്ല. ഇതില്‍ ഏറ്റവും കുറഞ്ഞ അകലം 50 മീറ്റര്‍ ആണ്. പക്ഷേ കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍ കേരളത്തിലെ പുഴയോരങ്ങളിലും കായല്‍ കടല്‍ത്തീരങ്ങളിലും 50 മീറ്ററിനുള്ളില്‍ നടന്ന അനധികൃത നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിടെ ബാഹുല്യം വളരെ വലുതാണ്. മനുഷ്യന്‍ പ്രകൃതിയുടെ മേല്‍ നടത്തിയ അതിക്രമങ്ങള്‍ മൂലമുണ്ടാകുന്ന കാലാവസ്ഥ വ്യതിയാനത്തിന്റെ ഫലമാണ് കേരളത്തിലെ പ്രളയമെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് അടുത്തിടെ രണ്ട് വേദികളിലാണ് സൂചിപ്പിച്ചത്.
ഇവിടെ പ്രസക്തമായ വിഷയം ശാസ്ത്രീയമായ അടിത്തറയോടെയുള്ള പുന്‍ നിര്‍മ്മിതിയും പഴയകാല തെറ്റുകള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടിയുമാണ്. 1924 ലെ മഹാപ്രളയത്തിന് ശേഷം അന്ന് തിരുവിതാംകൂര്‍ ഭരിച്ചിരുന്ന ശ്രീമൂലം തീരുനാള്‍ വെള്ളം കയറിയ ഇടമൊക്കെ കൃഷിയിടമാക്കുകയും വീടുകള്‍ പണിയുന്നത് വെള്ളം കയറാത്തിടത്ത് മാത്രമാക്കാന്‍ ഉത്തരവിടുകയും ചെയ്‌തു. അന്നത്തെ ജനത പ്രളയജലമെത്തിയ സ്ഥലങ്ങളിലെ ജലനിരപ്പ് ഭിത്തിയിലും ഫലകങ്ങളിലും മറ്റും രേഖപ്പെടുത്തി. ഭാവിയിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ മാര്‍ഗ്ഗ രേഖയായി ഇത്തരം സൂചികകള്‍. ആധുനിക കേരളത്തിന്റെ പുനര്‍ സൃഷ്ടി എത്രമാത്രം ശാസ്ത്രീയമായ അടിത്തറയോടെയാവണമെന്ന തിരിച്ചറിവാണ് നമ്മുടെ പൂര്‍വ്വികര്‍ വരച്ചിട്ട ഈ സുചികകള്‍ നല്‍കുന്നത്.
നമ്മുടെ ഭൂമിയെയും പരിസ്ഥിതിയുടെ സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ട് രണ്ട് റിപ്പോര്‍ട്ടുകള്‍ നിലവിലുണ്ട്. വളരെയധികം ചര്‍ച്ച ചെയ്യപ്പെട്ടതും കോലാഹലങ്ങള്‍ ഉയര്‍ത്തിയതുമാണ് കസ്തൂരിരംഗന്‍, ഗാഡ്ഗില്‍ കമ്മറ്റി റിപ്പോര്‍ട്ടുകള്‍. പശ്ചിമഘട്ട മലനിരകള്‍ ഉള്‍പ്പെടെ പരിസ്ഥിതിലോല മേഖലകളില്‍ പതിറ്റാണ്ടുകളായി അധിവസിക്കുന്ന ജനങ്ങളെ ഒരു സുപ്രഭാതത്തില്‍ പെരുവഴിയിലാക്കാനോ ഉപജീവന മാര്‍ഗ്ഗം ഇല്ലാതാക്കാനോ സാധിക്കില്ല. പക്ഷേ പ്രസ്തുത റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സന്ദേശം നാം ഉള്‍ക്കൊള്ളാന്‍ തയ്യാറാവുകയും പരിസ്ഥിതിലോല മേഖലകളിലെ മനുഷ്യരുടെ അനാവശ്യവും അതിരുകളില്ലാത്തതുമായ ഇടപെടലുകള്‍ ഒഴിവാക്കുകയും ചെയ്യണം. ഇല്ലെങ്കില്‍ ഇത്തരത്തിലുള്ള പ്രകൃതിക്ഷോഭങ്ങള്‍ ആവര്‍ത്തിക്കപ്പെടുക തന്നെ ചെയ്യും.
ജോജി തോമസ് മലയാളം യുകെ ന്യൂസ് ടീം മെമ്പറും ആനുകാലിക സംഭവങ്ങള്‍ സൂക്ഷ്മമായി വിലയിരുത്തുന്ന സാമൂഹിക നിരീക്ഷകനുമാണ്. മാസാവസാനങ്ങളില്‍ പ്രസിദ്ധീകരിക്കുന്ന മാസാന്ത്യാവലോകനം എന്ന ഈ പംക്തി കൈകാര്യം ചെയ്യുന്നത് ജോജി തോമസാണ്.
Leave a Reply