കോട്ടയം സ്വദേശി കെവിനെ ആക്രമിച്ച് കൊലപ്പെടുത്തിയ കേസ് ദുരഭിമാനക്കൊലയെന്ന് കോടതി. സംസ്ഥാനത്തെ ആദ്യത്തെ ദുരഭിമാനക്കൊലയായി കെവിന്‍വധത്തെ കണക്കാക്കണമെന്ന പ്രോസിക്യൂഷന്‍റെ വാദം കോട്ടയം സെഷന്‍സ് കോടതി അംഗീകരിച്ചു. ആറു മാസത്തിനുള്ളില്‍ കേസിന്‍റെ വിചാരണ പൂര്‍ത്തിയാകും.
കെവിന്‍റെ മരണത്തിലേക്ക് നയിച്ചത് തെന്‍മല സ്വദേശി ചാക്കോയുടെ മകള്‍ നീനുവുമായുള്ള വിവാഹമാണ്. ഇരു കുടുംബങ്ങളും തമ്മിലുള്ള ജാതിയിലെ അന്തരമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് അന്വേഷണത്തിലും കണ്ടെത്തി. നീനുവിന്‍റെ സഹോദരന്‍ സാനു ചോക്കോയുടെ നേതൃത്വത്തിലുള്ള സംഘം കെവിനെ കോട്ടയം മാന്നാനത്തെ വീട്ടില്‍ നിന്ന് തട്ടിക്കൊണ്ടുപോയി.
തൊട്ടടുത്ത ദിവസം തെന്‍മല ചാലിയക്കര തോട്ടിലാണ് കെവിന്‍റെ മൃതദേഹം കണ്ടെത്തിയത്. താഴ്ന്ന ജാതിക്കാരനായ കെവിന് മകളെ വിവാഹം ചെയ്ത് നല്‍കില്ലെന്ന് നീനുവിന്‍റെ കുടുംബാംഗങ്ങള്‍ പറഞ്ഞതായി സാക്ഷിമൊഴികളുണ്ട്. വാട്സപ് സന്ദേശങ്ങളും തെളിവായി പ്രോസിക്യൂഷന്‍ നിരത്തി. ഇതെല്ലാം പരിശോധിച്ച ശേഷമായിരുന്നു കോടതിയുടെ നിര്‍ണായക വിധി.
നീനുവിന്‍റെ സഹോദരൻ സാനു ചാക്കോ ഒന്നാം പ്രതിയും പിതാവ് ചാക്കോ അഞ്ചാം പ്രതിയുമായ കേസില്‍ ആകെ 14 പ്രതികളാണുള്ളത്. വധശിക്ഷ ലഭിക്കാവുന്ന നരഹത്യ , തട്ടിയെടുത്തു വിലപേശൽ, ഗൂഢാലോചന, ഭവന ഭേദനം, തെളിവ് നശിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. കേസ് ഈ മാസം 21ന് വീണ്ടും പരിഗണിക്കും.
Leave a Reply