തിരുവനന്തപുരം: കുറ്റങ്ങളെല്ലാം നിഷേധിച്ച് ശ്രീറാം വെങ്കിട്ടരാമന്‍ ഐഎഎസ്. തിരുവനന്തപുരം സിജെഎം കോടതിയില്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷയിലാണ് ശ്രീറാം കുറ്റങ്ങള്‍ നിഷേധിച്ചിരിക്കുന്നത്. എല്ലാം മാധ്യമ സൃഷ്ടിയാണെന്നും മാധ്യമങ്ങള്‍ പറയുന്നതു പോലെ തനിക്കെതിരെ നടപടി സ്വീകരിക്കുകയാണെന്നും ജാമ്യാപേക്ഷയില്‍ ആരോപിച്ചിട്ടുള്ളതായാണ് റിപ്പോര്‍ട്ട്. താന്‍ മദ്യപിച്ചിട്ടില്ല എന്നും അപകടത്തില്‍ തനിക്കും ഗുരുതര പരുക്കേറ്റിട്ടുണ്ടെന്നും ശ്രീറാം പറയുന്നു. അപകടത്തില്‍ ഇടതു കൈയ്ക്ക് പരുക്കേറ്റിട്ടുള്ളതായി ശ്രീറാം ജാമ്യാപേക്ഷയില്‍ പറഞ്ഞിട്ടുണ്ടെന്നാണ് സൂചന.
സ്വകാര്യ ആശുപത്രിയിൽ നിന്ന് മെഡിക്കൽ കോളേജിലേക്ക് മാറ്റാനായി ജുഡീഷ്യൽ ഫസ്‌റ്റ് ക്ലാസ് കോടതി (അഞ്ച്)മജിസ്‌ട്രേറ്റ് എസ്.ആർ.അമലിന്റെ വീട്ടിലെത്തിച്ചപ്പോഴാണ് ജാമ്യാപേക്ഷ നൽകിയത്. അപേക്ഷ മജിസ്‌ട്രേറ്റ് സ്വീകരിച്ചില്ല. തിങ്കളാഴ്‌ച കോടതിയിൽ നൽകാൻ നിർദേശിക്കുകയായിരുന്നു. അഭിഭാഷകരായ വി.എസ്.ഭാസുരേന്ദ്രൻ നായർ, ആർ.പ്രവീൺ കുമാർ എന്നിവരാണ് പ്രതിക്കുവേണ്ടി ഹാജരായത്.
ശ്രീറാം വെങ്കിട്ടരാമൻ ഇപ്പോൾ മെഡിക്കൽ കോളേജ് ആശുപത്രിയിലാണ്. ജയിലിലേക്ക് കൊണ്ടുപോകും എന്നാണ് ആദ്യം പുറത്തുവന്ന റിപ്പോർട്ടുകൾ. എന്നാൽ, ജയിൽ സൂപ്രണ്ട് നടത്തിയ പരിശോധനയ്ക്ക് ശേഷം ശ്രീറാമിനെ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകാൻ പൊലീസ് തീരുമാനിക്കുകയായിരുന്നു. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ സെല്‍ വാര്‍ഡിലേക്കാണ് ശ്രീറാം വെങ്കിട്ടരാമനെ മാറ്റിയിരിക്കുന്നത്. പൂജപ്പുര സബ് ജയിലിലേക്ക് കൊണ്ടുപോകുമെന്നായിരുന്നു നേരത്തെ തീരുമാനം. എന്നാല്‍, ജയിലിന് മുന്നിലെ വൈദ്യപരിശോധനയ്ക്ക് ശേഷം ശ്രീറാമിനെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റാന്‍ തീരുമാനിക്കുകയായിരുന്നു.
കിംസ് ആശുപത്രിയിലായിരുന്ന ശ്രീറാം വെങ്കിട്ടരാമനെ പ്രതിഷേധം ശക്തമായതോടെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റാന്‍ പൊലീസ് നിര്‍ബന്ധിതരാകുകയായിരുന്നു. ജില്ലാ മജിസ്‌ട്രേറ്റിന് മുന്നിലേക്കാണ് ആദ്യം കൊണ്ടുപോയത്. സ്ട്രച്ചറിലായിരുന്നു കിംസില്‍ നിന്ന് ശ്രീറാമിനെ പുറത്തേക്ക് എത്തിച്ചത്. മാസ്‌ക് വച്ച് മുഖം മറച്ചിരുന്നു. കിംസ് ആശുപത്രിയുടെ തന്നെ ആംബുലന്‍സില്‍ കയറ്റി മജിസ്‌ട്രേറ്റിന് മുന്നിലേക്ക് കൊണ്ടുപോയി. കൈയില്‍ ബാന്‍ഡേജ് ചുറ്റിയിരുന്നു.
മജിസ്‌ട്രേറ്റ് ആംബുലന്‍സിനുള്ളിലേക്ക് എത്തിയാണ് ശ്രീറാമിനെ കണ്ടത്. കിംസ് ആശുപത്രിയില്‍ നിന്നുള്ള റിപ്പോര്‍ട്ട് പരിശോധിച്ച മജിസ്‌ട്രേറ്റ് ശ്രീറാമിനെ ജില്ലാ ജയിലിലേക്ക് മാറ്റാന്‍ നിര്‍ദേശിക്കുകയായിരുന്നു. ചികിത്സ ലഭിക്കേണ്ട ആരോഗ്യപ്രശ്‌നങ്ങളൊന്നും ശ്രീറാം വെങ്കിട്ടരാമന് ഇല്ല എന്ന് മജിസ്‌ട്രേറ്റ് പറയുകയായിരുന്നു. എന്നാല്‍, ആവശ്യമെങ്കില്‍ ജയില്‍ സൂപ്രണ്ടിനെ കൊണ്ട് പരിശോധന നടത്താമെന്നും മജിസ്‌ട്രേറ്റ് പറഞ്ഞതായാണ് റിപ്പോര്‍ട്ട്.
മജിസ്‌ട്രേറ്റ് ഇടപെട്ടതോടെ ശ്രീറാം വെങ്കിട്ടരാമന്‍ ജയിലിലാകും എന്ന അവസ്ഥയിലേക്ക് എത്തി. ഒടുവില്‍ പൂജപ്പുര ജില്ലാ ജയിലിലേക്ക് ശ്രീറാമിനെ എത്തിച്ചു. എന്നാല്‍, പിന്നീട് അരങ്ങേറിയത് നാടകീയ രംഗങ്ങളാണ്. രണ്ട് മണിക്കൂറോളം ജയിലിന് മുന്നില്‍ ആംബുലന്‍സ് നിര്‍ത്തിയിട്ടു. അത്രയും നേരം ആംബുലന്‍സിനുള്ളില്‍ കിടക്കുകയായിരുന്നു ശ്രീറാം വെങ്കിട്ടരാമന്‍. പിന്നീട് ജയില്‍ സൂപ്രണ്ട് വന്ന് പരിശോധനകള്‍ നടത്തി. ഇവിടെ ശ്രീറാം വെങ്കിട്ടരാമന് തുണയായത് സ്വകാര്യ ആശുപത്രിയിലെ റിപ്പോര്‍ട്ട് ആണെന്നാണ് സൂചന. ശ്രീറാമിന് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടെന്ന് കാണിക്കുന്ന മെഡിക്കല്‍ റിപ്പോര്‍ട്ടാണ് സ്വകാര്യ ആശുപത്രി നല്‍കിയതെന്ന് സൂചനയുണ്ട്.
സൂപ്രണ്ട് വന്ന് പരിശോധിച്ച ശേഷവും ആംബുലന്‍സ് ജയിലിന് മുന്നില്‍ തന്നെ കിടന്നു. സൂപ്രണ്ട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കാതെ ജയിലിനുള്ളിലേക്ക് പോയി. പിന്നെയും ചര്‍ച്ചകള്‍ നീണ്ടു. ഒടുവില്‍ ആരോഗ്യപ്രശ്‌നങ്ങള്‍ കണക്കിലെടുത്ത് ശ്രീറാമിനെ മെഡിക്കല്‍ കോളേജിലെ സെല്‍ വാര്‍ഡിലേക്ക് മാറ്റാന്‍ തീരുമാനിക്കുകയായിരുന്നു.
Leave a Reply