ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖല കടുത്ത പ്രതിസന്ധിയിലാണ്. പേരും പെരുമയുള്ള പല കോളേജുകളിലും വിദ്യാർഥികൾ ഇല്ല . എല്ലാവരും പഴിക്കുന്നത് കുറേ നാളുകളായി കേരളത്തിലെ വിദ്യാർത്ഥികൾ യുകെ ഉൾപ്പെടെയുള്ള രാജ്യങ്ങളിലേയ്ക്കുള്ള കുടിയേറ്റത്തേയാണ്. കേരളത്തിൽനിന്ന് ശരാശരി 35000 ത്തോളം കുട്ടികൾ വിദേശത്തേയ്ക്ക് പഠിക്കാനായി പോകുന്നുണ്ട്. ഓരോ കുട്ടിയും പഠനത്തിനും താമസത്തിനും മറ്റു ചിലവുകൾക്കുമായി 40 ലക്ഷം രൂപയോളം ചിലവഴിക്കേണ്ടതായി വരുന്നുണ്ടെന്നാണ് ഏകദേശം കണക്ക്.

വിദ്യാർത്ഥികളുടെ കൂട്ടത്തോടെയുള്ള വിദേശ കുടിയേറ്റം തടയാൻ കേരളം നിയമനിർമാണത്തിന് ഒരുങ്ങുകയാണ്. ഇതോടൊപ്പം വിദേശ റിക്രൂട്ടിംഗ് നടത്തുന്ന ഏജൻസികൾക്കും കടിഞ്ഞാണിടാനാണ് നീക്കം നടത്തുന്നത്. നിയമത്തിന്റെ കരടു രൂപം തയ്യാറാക്കാനായി ഡിജിറ്റൽ സർവകലാശാല വിസി പ്രൊഫ. സജി ഗോപിനാഥ് അധ്യക്ഷനായി സമിതികൾ രൂപീകരിച്ചു കഴിഞ്ഞു. കണ്ണൂർ സർവ്വകലാശാല വി. സി പ്രൊഫ. ഗോപിനാഥ് രവീന്ദ്രനും സുപ്രീംകോടതി അഭിഭാഷകൻ ശ്രീറാം പാറക്കാട്ടുമാണ് സമിതികളിലെ മറ്റ് അംഗങ്ങൾ . കേരളത്തിലെ വിദ്യാർത്ഥികൾ പഠിക്കുന്ന പല വിദേശ സർവകലാശാലകൾക്കും അസോസിയേഷൻ ഓഫ് ഇന്ത്യൻ യൂണിവേഴ്സിറ്റികളുടെ അംഗീകാരമില്ലാത്തവയാണ്. ഈ കോഴ്സുകൾ പഠിച്ചാൽ ഇന്ത്യയിൽ ജോലി സാധ്യത വളരെ കുറവാണെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. കുട്ടികൾ പഠിക്കുന്നത് മികച്ച സർവകലാശാല ആണെന്നും സാമ്പത്തിക ചൂഷണത്തിന് അവർ വിധേയരാവുന്നില്ലെന്നും ഉറപ്പുവരുത്താൻ പുതിയ നിയമനിർമാണം വഴി സാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

വരും വർഷങ്ങളിൽ കേരളത്തിന് വരാനിരിക്കുന്ന സാമ്പത്തികവും വൈജ്ഞാനികവുമായ തിരിച്ചടിയാകുന്ന മസ്തിഷ്ക ചോർച്ച തടയുകയാണ് നിയമനിർമാണത്തിന്റെ ആത്യന്തിക ലക്ഷ്യം. 30 ലക്ഷം രൂപ വരെ മുടക്കി യുകെ ഉൾപ്പെടെയുള്ള രാജ്യങ്ങളിലേയ്ക്ക് പഠനത്തിനായി പോകുന്ന വിദ്യാർത്ഥികളുടെ ആത്യന്തിക ലക്ഷ്യം പഠനശേഷം അവിടെ തന്നെയുള്ള ജോലിയും സ്ഥിരതാമസവും ആണ് . ഏതെങ്കിലും ഒരു കോഴ്സ് പഠിക്കുന്നത് കുടിയേറ്റത്തിനുള്ള ചവിട്ടുപടിയായാണ് വിദ്യാർത്ഥികൾ കാണുന്നത്. ഏതെങ്കിലും സാഹചര്യത്തിൽ കേരളത്തിലേക്ക് തിരിച്ചു വരേണ്ടതായി വരുന്ന വിദ്യാർത്ഥികൾ നേരിടാൻ പോകുന്നത് വൻ സാമ്പത്തിക ബാധ്യതയാണ്. വിദേശരാജ്യങ്ങളിലേയ്ക്ക് പഠിക്കാൻ പോകുന്ന വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ വായ്പ നൽകിയ ബാങ്കുകൾ തിരിച്ചടവ് മുടങ്ങുന്ന സാഹചര്യത്തിൽ എടുക്കുന്ന ജപ്തി നടപടികളും മറ്റും വരും വർഷങ്ങളിൽ കേരളത്തിലെ സാമൂഹിക സാമ്പത്തിക മേഖലകളിൽ കടുത്ത അരക്ഷിതാവസ്ഥ സൃഷ്ടിക്കാനുള്ള സാധ്യതയുണ്ടെന്ന് തിരുവല്ല മാക്ഫാസ്റ്റ് കോളേജ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻ വിഭാഗം വകുപ്പ് മേധാവി പ്രൊഫ. റ്റിജി തോമസ് മലയാളം യുകെ ന്യൂസിനോട് പറഞ്ഞു. ജോലി ലഭ്യതയെ കുറിച്ചുള്ള ആശങ്കകളും സ്വജനപക്ഷപാതം, രാഷ്ട്രീയ അതിപ്രസരണം തുടങ്ങി കേരളത്തിലെ സാമൂഹിക സാമ്പത്തിക അരക്ഷിതാവസ്ഥയോടുള്ള യുവതലമുറയുടെ നിശബ്ദ പ്രതിഷേധമാണ് മലയാളി വിദ്യാർഥികളുടെ വിദേശ കുടിയേറ്റത്തിന്റെ പിന്നിലെ മന:ശാസ്ത്രമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.