ബെംഗളൂരുവിലെ ഇലക്ട്രോണിക് സിറ്റിയിലെ ഒരു ഐടി കമ്പനിയില്‍ സോഫ്റ്റ്വെയര്‍ എന്‍ജിനീയര്‍മാരായിരുന്ന ശ്രീലക്ഷ്മിയുടെയും അഭിജിത്തിന്റെയും മൃതദേഹങ്ങള്‍ ബെംഗളൂരുവിലെ ചിന്തല മഡിവാളയിലുള്ള കാടുപിടിച്ച ഒരു ചതുപ്പുനിലത്തിനരികെ തലയറ്റ നിലയില്‍ നവംബര്‍ 29-ന് കണ്ടെത്തിയപ്പോള്‍ 40 ദിവസത്തോളമായി കേരളത്തിലെ രണ്ടു വീട്ടുകാര്‍ നടത്തിയിരുന്ന അന്വേഷണത്തിന് അവസാനമാവുകയായിരുന്നു.
അധികമാരും കടന്നു ചെല്ലാത്തതായിരുന്നു ബെംഗളൂരുവിലെ ചിന്തല മഡിവാളയിലുള്ള ആ പ്രദേശം. പലയിടത്തും കാടുപിടിച്ചതു പോലെ മരങ്ങളും ചെടികളും തിങ്ങി വളര്‍ന്നതു കൂടാതെ അവിടെ ഒരു ചതുപ്പുനിലവുമുണ്ട്. സ്ഥലത്തിന്റെ ഉടമ ഇടയ്ക്കിടെ അവിടെ വന്നു പരിശോധിക്കുക പതിവുണ്ട്. അതിനായി എത്തിയ ഒരു ദിവസം ഒരു മരത്തിനോടു ചേര്‍ന്ന് ഈച്ചകള്‍ നിറഞ്ഞിരിക്കുന്നത് കണ്ടു. തേനീച്ചക്കൂടാണെന്ന് ആദ്യം കരുതിയെങ്കിലും അടുത്തേക്ക് പോകുന്തോറും കനത്ത ദുര്‍ഗന്ധം അനുഭവപ്പെട്ടതിനാല്‍ സൂക്ഷിച്ചു നോക്കി. അപ്പോഴാണ് മരത്തില്‍നിന്നു തൂങ്ങിക്കിടക്കുന്ന കയറിലെ മുടിയിഴകള്‍ കണ്ടത്. അതിന്മേലായിരുന്നു ഈച്ചകള്‍ പൊതിഞ്ഞുകൂടിയിരുന്നത്. കൂടുതല്‍ പേരെത്തി നോക്കുമ്പോള്‍ തലയില്ലാത്ത രണ്ടു മൃതദേഹങ്ങള്‍ താഴെ കിടക്കുന്നത് കണ്ടെത്തി.
ഉടന്‍ തന്നെ വിവരം ഹെബ്ബഗോഡി പൊലീസില്‍ വിവരമറിയിച്ചു. ഒക്ടോബര്‍ 11 മുതല്‍ കാണാതായിരുന്ന തൃശൂര്‍ ആലമറ്റം കുണ്ടൂര്‍ ചിറ്റേത്തുപറമ്പില്‍ സുരേഷിന്റെയും ശ്രീജയുടെയും മകള്‍ ശ്രീലക്ഷ്മിയുടെയും പാലക്കാട് മണ്ണാര്‍ക്കാട് അഗളിയില്‍ മോഹനന്റെ മകന്‍ അഭിജിത്തിന്റെയും മൃതദേഹങ്ങളായിരുന്നു അത്. ബെംഗളൂരുവിലെ ഇലക്ട്രോണിക് സിറ്റിയിലെ ഒരു ഐടി കമ്പനിയില്‍ സോഫ്റ്റ്വെയര്‍ എന്‍ജിനീയര്‍മാരായിരുന്നു അഭിജിത്തും ശ്രീലക്ഷ്മിയും. ആറു മാസം മുന്‍പ് കമ്പനിയില്‍ ചേര്‍ന്ന ശ്രീലക്ഷ്മി ഉള്‍പ്പെട്ട ടീമിന്റെ ലീഡറായിരുന്നു അഭിജിത്. ഇരുവരും പ്രണയത്തിലായിരുന്നെന്നും വ്യത്യസ്ത ജാതിക്കാരായതിനാല്‍ വിവാഹത്തിനു വീട്ടുകാര്‍ എതിരു നിന്നപ്പോള്‍ ആത്മഹത്യ ചെയ്‌തെന്നും ആയിരുന്നു പൊലീസിന്റെ ആദ്യ റിപ്പോര്‍ട്ട്.
നവംബര്‍ 23-ന് ശ്രീലക്ഷ്മി അമ്മാവനെ ഫോണില്‍ വിളിച്ചെന്നും ‘ബുദ്ധിമുട്ടിച്ചതിന് നന്ദി’ എന്ന മട്ടില്‍ സംസാരിച്ചെന്നും ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ടും ചെയ്തു. എന്നാല്‍ ഇരുവരും ഒരേ ജാതിയില്‍ പെട്ടവരാണെന്നാണ് ബന്ധുക്കള്‍ പറയുന്നത്. അഭിജിത്തിനെപ്പറ്റി ശ്രീലക്ഷ്മി വീട്ടില്‍ സൂചിപ്പിച്ചിരുന്നതു പോലുമില്ല. അഭിജിത്തിന്റെ വീട്ടിലും ഈ ബന്ധത്തെപ്പറ്റി പറഞ്ഞിരുന്നില്ല. നവംബര്‍ 29-ന് കണ്ടെത്തിയ മൃതദേഹങ്ങള്‍ക്ക്് ഒരുമാസത്തിലേറെ പഴക്കമുണ്ടെന്ന റിപ്പോര്‍ട്ടും കഴിഞ്ഞ ദിവസം പുറത്തുവന്നു. മൃതദേഹത്തിന്റെ പഴക്കം ഫൊറന്‍സിക് വിദഗ്ധരും സ്ഥിരീകരിച്ചിട്ടുണ്ട്. ഇവിടെയാണ് നവംബര്‍ 23-ന് ശ്രീലക്ഷ്മി വീട്ടിലേക്കു വിളിച്ചെന്ന് പൊലീസ് പറയുന്നതിലെ വൈരുദ്ധ്യം വെളിപ്പെടുന്നത്.
ഇരുവരുടെയും മരണവുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന വിവരങ്ങളാണ് ബന്ധുക്കള്‍ വ്യക്തമാക്കുന്നത്. പൊലീസിന്റെ അനാസ്ഥയെപ്പറ്റിയും ഇരുവരെയുള്ള അന്വേഷിണത്തില്‍ സംശയമുണ്ടാക്കിയ കാര്യങ്ങളും ബെംഗളൂരുവില്‍ ജോലി നോക്കുന്ന ശ്രീലക്ഷ്മിയുടെ പിതൃസഹോദരന്‍ വിശദീകരിക്കുന്നതിങ്ങനെയാണ്.</span>
‘ശ്രീലക്ഷ്മിയെ കാണാതാകുന്നത് ഒക്ടോബര്‍ 11-നാണ്. തന്റെ ഫോണും എടിഎം കാര്‍ഡും ഉള്‍പ്പെടെ ജോലിസ്ഥലത്തു വച്ചിട്ടായിരുന്നു അവള്‍ പോയത്. അതിനും ഏതാനും ദിവസം മുന്‍പാണ് പേയിങ് ഗസ്റ്റായി താമസിക്കുന്നയിടത്തു നിന്ന് ശ്രീലക്ഷ്മി കൂട്ടുകാരികള്‍ക്കൊപ്പം മറ്റൊരിടത്തേക്കു മാറുന്നത്. പരപ്പന അഗ്രഹാരയിലായിരുന്നു പുതിയ താമസസ്ഥലം. 11-ന് കാണാതായെങ്കിലും 12-നാണു സുഹൃത്തുക്കളില്‍ ചിലര്‍ നാട്ടിലുള്ള അമ്മാവന്‍ അഭിലാഷിനെ വിവരം അറിയിക്കുന്നത്- ‘ശ്രീലക്ഷ്മിയെ കാണാനില്ല’ എന്നു മാത്രമായിരുന്നു പറഞ്ഞത്. പൊലീസുകാരനായ അഭിലാഷ് അപ്പോള്‍ത്തന്നെ ബെംഗളൂരുവിലേക്കു തിരിച്ചു. 13-ന് അവിടെയെത്തിയ ശേഷമാണ് 14-ന് പൊലീസില്‍ ‘മിസ്സിങ്’ കേസ് ഫയല്‍ ചെയ്യുന്നത്. എന്നാല്‍ പരപ്പന അഗ്രഹാര സ്റ്റേഷനില്‍നിന്ന് തുടക്കം മുതല്‍ മോശം പ്രതികരണമായിരുന്നു. യാതൊരു വിധത്തിലും സഹകരിക്കാത്ത അവസ്ഥ. പലരെക്കൊണ്ടും വിളിച്ചു പറയിപ്പിച്ചിട്ടു പോലും ഫലമുണ്ടായില്ല. കേരള പൊലീസും ബന്ധപ്പെട്ടെങ്കിലും നിരാശയായിരുന്നു ഫലം. ഇംഗ്ലിഷിലോ തമിഴിലോ ഹിന്ദിയിലോ പോലും ആരും സ്റ്റേഷനില്‍ ആശയവിനിമയത്തിനില്ലാത്ത അവസ്ഥ. ഒരേ ഒരു പൊലീസുകാരനാണ് ഇംഗ്ലിഷില്‍ കാര്യങ്ങള്‍ പറയാന്‍ തയാറായത്.
പൊലീസിന്റെ നിസ്സഹകരണം മനസ്സിലായതോടെ ബന്ധുക്കളെല്ലാവരും തങ്ങളുടേതായ രീതിയില്‍ അന്വേഷണം നടത്തി. അഭിജിത്തിനെയും കാണാതായ വിവരം അപ്പോഴാണ് അറിയുന്നത്. അതിനിടെ, ശ്രീലക്ഷ്മിയെ കാണാതായ ഒക്ടോബര്‍ 11-ന്റെ പിറ്റേദിവസമായ ഒക്ടോബര്‍ 12-ന് കൂട്ടുകാരില്‍ ചിലര്‍ക്ക് തങ്ങളുടെ ഫോണിലേക്കു വന്ന ചില വാട്‌സാപ് സന്ദേശങ്ങളെപ്പറ്റി പിന്നീട് പറഞ്ഞു. ‘ഇത്തിരി സീരിയസാണ്, വേഗം വായോ…’ എന്നുള്ള സന്ദേശമായിരുന്നു അതിലൊന്ന്. ‘വേഗം, പ്ലീസ്, ലേറ്റ് ആകല്ലേ…’ എന്ന മട്ടിലുള്ള സന്ദേശങ്ങളും എത്തി. ഇരുവരും അപകടത്തില്‍പ്പെട്ടെന്നും ഒരിടത്തു കുടുങ്ങിയിരിക്കയുമാണെന്ന മട്ടിലുള്ള ആ സന്ദേശങ്ങള്‍ ലഭിച്ചത് ഉച്ചയ്ക്ക് 12-നും 12.45-നും ഇടയ്ക്കായിരുന്നു. ശ്രീലക്ഷ്മിയുടെയും അഭിജിത്തിന്റെയും സുഹൃത്തുക്കള്‍ക്ക് ഒരേ ഫോണില്‍ നിന്നും ആ സന്ദേശം ലഭിച്ചിരുന്നു. പക്ഷേ രണ്ടിലെയും അപേക്ഷയുടെ സ്വരം രണ്ടു വിധത്തിലായിരുന്നു. സന്ദേശങ്ങളിലൊന്ന് അയച്ചത് ശ്രീലക്ഷ്മിയാണെന്ന് തന്നെയാണ് അതിലെ വാക്കുകള്‍ പ്രയോഗിച്ച രീതിയില്‍ നിന്നു ബന്ധുക്കള്‍ ഉറപ്പു പറയുന്നത്. വാട്‌സാപ്പില്‍ ചിന്തല മഡിവാളയിലെ ലൊക്കേഷനും അയച്ചിരുന്നു. സന്ദേശം ലഭിച്ചതിനു പിന്നാലെ സുഹൃത്തുക്കളില്‍ ചിലര്‍ ഇവിടെയെത്തി. ഫോണ്‍ വിളിച്ചപ്പോള്‍ അഭിജിത്തിനെ കിട്ടുകയും ചെയ്തു. അകത്തോട്ടു വരാനായിരുന്നു പറഞ്ഞത്. ശ്രീലക്ഷ്മിയും ഒപ്പമുണ്ടെന്നു പറഞ്ഞു.
അഭിജിത് സ്ഥലത്തിന്റെ സൂചന നല്‍കി ചൂളം വിളിച്ച ശബ്ദവും കേട്ടെന്നും സുഹൃത്തുക്കള്‍ ബന്ധുക്കളോടു പറഞ്ഞു. എന്നാല്‍ ഏറെ തിരഞ്ഞിട്ടും കാണാതായതോടെ സുഹൃത്തുക്കള്‍ തിരിച്ചു പോയി. ഒറ്റപ്പെട്ട സ്ഥലമായതിനാല്‍ പേടിതോന്നി തിരികെപ്പോയെന്നാണ് അവര്‍ ബന്ധുക്കളോടു പറഞ്ഞത്. അതും അറിയിച്ചത് നവംബര്‍ 13-നു മാത്രം. ഇതറിഞ്ഞതിനു പിന്നാലെ ബന്ധുക്കള്‍ ഈ പ്രദേശത്തെത്തി പരിശോധന നടത്തി. എന്നാല്‍ അസ്വാഭാവികമായൊന്നും കണ്ടെത്താനായില്ല. ഫോണും അതിനോടകം സ്വിച്ച് ഓഫ് ആയിപ്പോയിരുന്നു. മറ്റെവിടേക്കെങ്കിലും മാറിപ്പോയിട്ടുണ്ടാകുമെന്നു കരുതി തിരച്ചില്‍ നിര്‍ത്തി തിരികെ പോയി. ഇരുവരും ആ പ്രദേശത്തു തന്നെ കാണുമെന്ന സംശയമുള്ളതിനാല്‍ ബന്ധുക്കളില്‍ ചിലര്‍ സമീപത്തെ ഒരു ബേക്കറിയില്‍ ഫോണ്‍ നമ്പര്‍ നല്‍കിയിരുന്നു. പിന്നീട് മൃതദേഹം കണ്ടെത്തിയപ്പോള്‍ ബേക്കറിയിലെ ജീവനക്കാരിയാണ് നവംബര്‍ 29-ന്് ബന്ധുക്കളെ വിളിച്ച് രണ്ടു മൃതദേഹം കണ്ട വിവരം അറിയിച്ചത്. ഒക്ടോബര്‍ 12-ന് അപകടത്തിലാണെന്ന സന്ദേശം ലഭിച്ചിട്ടും നവംബര്‍ 13-ന് വിവരം അറിയിച്ചതിലും ബന്ധുക്കള്‍ക്കു സംശയമുണ്ട്. സുഹൃത്തുക്കളുടെ സന്ദേശം പൊലീസിന് നല്‍കിയപ്പോഴും ബെംഗളൂരുവിലെ വിവിധ ഹോട്ടലുകളിലും ക്ഷേത്രപരിസരങ്ങളിലുമൊക്കെ തിരച്ചിലിനാണ് അവര്‍ ശ്രമിച്ചത്.
ബെംഗളൂരുവില്‍ താമസിക്കുന്നതിനിടയ്ക്ക് എന്ത് ആവശ്യം വന്നാലും ശ്രീലക്ഷ്മി ബന്ധുക്കളെ സഹായത്തിനു വിളിക്കാറുണ്ട്. നാട്ടിലുള്ള അമ്മാവന്‍ അഭിലാഷ് ഉള്‍പ്പെടെയുള്ളവരോടും വിശേഷങ്ങള്‍ പങ്കുവയ്ക്കുന്നത് പതിവാണ്. കാണാതായ ഒക്ടോബര്‍ 11-ന് സേതുവിനെ വിളിച്ചിരുന്നു. ജോലിയുടെ ടെന്‍ഷന്‍ കാരണം ഒരു സുഹൃത്ത് ഏറെ ബുദ്ധിമുട്ടുന്നുണ്ട്, ബെംഗളൂരുവിലെ ഏതെങ്കിലും സൈക്യാട്രിസ്റ്റിന്റെ നമ്പര്‍ വേണമെന്നായിരുന്നു പറഞ്ഞിരുന്നത്. അമ്മയ്ക്കു ശസ്ത്രക്രിയയുള്ളതിനാല്‍ 11-നു തന്നെ നാട്ടിലേക്കു വരാനിരിക്കുകയായിരുന്നു ശ്രീലക്ഷ്മി. അഭിജിത്തിനൊപ്പമാണ് താന്‍ മാളയിലേക്കു പോകുന്നതെന്ന് സുഹൃത്തുക്കള്‍ക്ക് ശ്രീലക്ഷ്മി വോയിസ് മെസേജും അയച്ചിരുന്നു. അതിനു ശേഷമാണ് കാണാതായെന്ന സന്ദേശം 12-ന് വീട്ടുകാര്‍ക്ക് ലഭിച്ചത്.
അഭിജിത്തിന്റെ മൃതദേഹത്തിലുള്ള ബാഗില്‍നിന്നു ലഭിച്ച തിരിച്ചറിയല്‍ കാര്‍ഡുകളില്‍ നിന്നാണ് മൃതദേഹം തിരിച്ചറിയുന്നത്. ഇതോടൊപ്പം ഫോണും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. അന്വേഷണത്തില്‍ സഹായിക്കുന്ന നിര്‍ണായക വിവരങ്ങള്‍ പൊലീസിന് ഫോണില്‍ നിന്നു ലഭിക്കുമെന്നാണു കരുതുന്നത്. എന്നാല്‍ കേസില്‍ പരപ്പന അഗ്രഹാര പൊലീസ് സ്റ്റേഷനില്‍ നല്‍കിയ മിസ്സിങ് കേസില്‍ പോലും കൃത്യമായ അന്വേഷണം നടത്താന്‍ പൊലീസ് തയാറായിരുന്നില്ല. കൃത്യമായ ക്രൈം നമ്പറോ സെക്ഷനോ ഒന്നും രേഖപ്പെടുത്താതെയാണ് എഫ്‌ഐആര്‍ പോലും നല്‍കിയത്. അപ്പോഴും കേരള പൊലീസ് കൃത്യമായി ഇടപെട്ടിരുന്നു. സൈബര്‍ സെല്ലും സഹായിച്ചു.
മിസ്സിംഗ് പരാതി നല്‍കി ദിവസങ്ങളായിട്ടും നടപടിയില്ലാതെ വന്നതോടെ നവംബര്‍ 18-ന് കര്‍ണാടക ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പസും ഫയല്‍ ചെയ്തു. തുടര്‍ന്ന് പൊലീസിനും അഭിജിത്തിന്റെ വീട്ടുകാര്‍ക്കും കോടതി നോട്ടിസയച്ചു. പൊലീസ് നല്‍കിയ റിപ്പോര്‍ട്ട് പ്രകാരം അഭിജിത്തും ശ്രീലക്ഷ്മിയും ഒരുമിച്ചായിരുന്നു താമസിച്ചിരുന്നത്. അതിനാല്‍ത്തന്നെ കേസില്‍ അഭിജിത്തിന്റെ വീട്ടുകാര്‍ക്കു നേരെ നടപടിയെടുക്കാനും ശ്രമമുണ്ടായി. മകനെ ഒളിപ്പിച്ചു വച്ചിരിക്കുകയായിരുന്നു എന്നായിരുന്നു പൊലീസിന്റെ ആരോപണം.
മൃതദേഹം ലഭിച്ചതിനു ശേഷം പരാതിയൊന്നുമില്ലെന്ന് അഭിജിത്തിന്റെ പിതാവിനെക്കൊണ്ട് പൊലീസ് രേഖാമൂലം എഴുതിവാങ്ങിക്കുകയും ചെയ്തു. ഇരുവരുടേതും സ്വാഭാവിക മരണമാണെന്നാണ് അഭിജിത്തിന്റെ വീട്ടുകാരോടും പൊലീസ് പറഞ്ഞത്, അതും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിക്കും മുന്‍പ്! ശ്രീലക്ഷ്മിയുടെ മൃതദേഹം തല മാത്രമായി കയറില്‍ കുരുങ്ങിക്കിടക്കുകയായിരുന്നു. ശേഷിച്ച ഭാഗമെല്ലാം ജീര്‍ണിച്ച അവസ്ഥയിലും. അഭിജിത്തിന്റെ മൃതദേഹത്തില്‍നിന്നു തല വിട്ടുമാറിക്കിടക്കുന്ന അവസ്ഥയിലായിരുന്നെന്നും പൊലീസ് പറയുന്നു. പഴക്കമേറി ജീര്‍ണിച്ചതിനാല്‍ സംഭവസ്ഥലത്തു വച്ചു തന്നെ പോസ്റ്റ്‌മോര്‍ട്ടവും നടത്തി. കേസുമായി ബന്ധപ്പെട്ട് ഒട്ടേറെ സംശയങ്ങളുണ്ട്. അതില്‍ പ്രധാനപ്പെട്ടത് അഭിജിത്തിന്റെ ഫോണില്‍ നിന്നു വന്ന സന്ദേശവുമായി ബന്ധപ്പെട്ടതാണ്. പേയിങ് ഗെസ്റ്റായി താമസിച്ചയിടത്തുനിന്നു പുതിയ സ്ഥലത്തേക്കു മാറിയതുമായി ബന്ധപ്പെട്ടും സംശയങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. താമസം മാറിയതിനു പിന്നാലെയാണു ശ്രീലക്ഷ്മിയെ കാണാതാകുന്നത്.
ഒക്ടോബര്‍ 11-ന് രാത്രി 7.45-ന് മൂന്നു കുപ്പി ബീയര്‍ വൈന്‍ ഷോപ്പില്‍നിന്ന് അഭിജിത് വാങ്ങുന്ന സിസിടിവി ദൃശ്യം ലഭിച്ചിരുന്നു. ചിരിച്ചു കൊണ്ടാണ് അഭിജിത് ബീയര്‍ വാങ്ങി പുറത്തിറങ്ങിയത്. റോഡരികില്‍ ശ്രീലക്ഷ്മി നില്‍ക്കുന്നുണ്ടായിരുന്നു. ആത്മഹത്യ ചെയ്യാന്‍ പോകുന്നവര്‍ അങ്ങനെ ചിരിച്ചു കൊണ്ടുപോകില്ലല്ലോ. അമ്മയുടെ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട് അവര്‍ നാട്ടിലേക്കു പോകാന്‍ ഒരുങ്ങിയിറങ്ങിയതാണ്. റെയില്‍വേ സ്റ്റേഷനില്‍നിന്ന് ഏകദേശം രണ്ടര കിലോമീറ്റര്‍ മാറിയുള്ള വൈന്‍ ഷോപ്പില്‍ നിന്നാണ് ദൃശ്യം ലഭിച്ചത്.
പിന്നെ അന്നു രാത്രി ബീയറുമായി അവരെവിടെ പോയി? 11-നു രാത്രി എവിടെ തങ്ങി? സുഹൃത്തുക്കള്‍ ഒപ്പമുണ്ടായിരുന്നോ? 12-ന് അഭിജിത്തുമായി ഫോണില്‍ സംസാരിച്ച സുഹൃത്തുക്കള്‍ എന്തുകൊണ്ട് അന്വേഷണം നിര്‍ത്തി തിരികെ പോയി? ഇതിന്റെയെല്ലാം ഉത്തരം കിട്ടേണ്ടതുണ്ട്.
ഇരുവരും ആത്മഹത്യ ചെയ്ത സ്ഥലത്തിന് 50 മീറ്റര്‍ അടുത്ത് ഒരു റെയില്‍വേ ക്രോസുണ്ട്. ഏകദേശം 300 മീറ്റര്‍ മാറി വീടുകളും. വെളിമ്പ്രദേശമായതിനാല്‍ രാവിലെ വിസര്‍ജനത്തിനും മറ്റുമായി പലരും ഇവിടേക്ക് വരാറുണ്ട്. മൃതദേഹം കണ്ടെത്തിയതിനു സമീപത്തു തന്നെ പലരും ദിവസങ്ങള്‍ക്കു മുന്‍പ് എത്തിയിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. ആരുംതന്നെ മൃതദേഹം ഇവിടെ കിടന്ന വിവരം അറിഞ്ഞില്ലെന്നു പറയുന്നത് അദ്ഭുതമാണ്.
‘നവംബര്‍ 23-ന് ശ്രീലക്ഷ്മി ഫോണ്‍ വിളിച്ചെന്നാണ് പൊലീസ് പറയുന്നത്. അങ്ങനെ വിളിച്ചിരുന്നെങ്കില്‍ 24-ന് കുട്ടിയെ ഞങ്ങള്‍ സുരക്ഷിതമായി തിരികെ വീട്ടിലെത്തിക്കുമായിരുന്നു. എന്തുവിശ്വസിച്ചാണ് പെണ്‍കുട്ടികളെ കേരളത്തില്‍നിന്നു മറുനാട്ടിലേക്ക് ജോലിക്ക് അയയ്ക്കുക? ഈ അവസ്ഥ ഇനി ആര്‍ക്കും വരാതിരിക്കാന്‍ പരാതിയുമായി മുന്നോട്ടു പോകാന്‍ തന്നെയാണ് തീരുമാനം. ഉന്നയിച്ച ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരം കിട്ടും വരെ ഉന്നത അന്വേഷണത്തിനു സമ്മര്‍ദം ചെലുത്തും. ശ്രീലക്ഷ്മിയുടെ വിവാഹത്തിനായി മാറ്റിവച്ച പണം അന്വേഷണത്തിനു മാറ്റി വച്ചിട്ടാണെങ്കിലും കേസില്‍ ഒരുത്തരം കിട്ടിയേ മതിയാകൂ എന്നാണ് കുടുംബം പറയുന്നത്’- ശ്രീലക്ഷ്മിയുടെ പിതൃസഹോദരന്‍ പറഞ്ഞു നിര്‍ത്തി.
മൃതദേഹങ്ങള്‍ ലഭിച്ചത് ഹെബ്ബഗോഡി പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ആനേക്കലില്‍ നിന്നാണ്. ശ്രീലക്ഷ്മിയുടെ മൃതദേഹം നാട്ടിലെത്തിച്ചു സംസ്‌കരിച്ചു. അഭിജിത്തിന്റെ മരണാനന്തര ചടങ്ങുകള്‍ ബെംഗളൂരുവില്‍ തന്നെയാണു നിര്‍വഹിച്ചത്. മൃതദേഹത്തില്‍ ബാഹ്യമായ മുറിവുകളൊന്നുമില്ലെന്നാണ് പൊലീസിന്റെ പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നത്. അതിനാല്‍ത്തന്നെ ആത്മഹത്യയാണെന്ന നിഗമനത്തിലാണ് പൊലീസ്. അസ്വാഭാവിക മരണത്തിനാണ് കേസെടുത്തിരിക്കുന്നത്.
മരണത്തില്‍ സംശയമൊന്നുമില്ലെന്നും ആത്മഹത്യ തന്നെയാണെന്നാണു വിശ്വസിക്കുന്നതെന്നും അഭിജിത്തിന്റെ പിതാവ് മോഹന്‍ദാസിനെ ഉദ്ധരിച്ച് ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. മൃതദേഹം കണ്ടെത്തിയ സ്ഥലത്തു പോയിരുന്നു. ഫൊറന്‍സിക് ഉദ്യോഗസ്ഥരോടും സംസാരിച്ചു. അതില്‍ നിന്നു തന്നെ ആത്മഹത്യയാണെന്നു വ്യക്തമായിരുന്നെന്നും അദ്ദേഹം പറയുന്നു. ഇരുവരും വിവാഹത്തെപ്പറ്റി ഇതുവരെ വീട്ടില്‍ പറഞ്ഞിരുന്നില്ല. അഭിജിത് പെട്ടെന്ന് ദേഷ്യം വരുന്നയാളാണെന്ന് ഒരിക്കല്‍ ശ്രീലക്ഷ്മി വിളിച്ചു പറഞ്ഞിരുന്നു. അഭിജിത്തിന്റെ ഫോണില്‍ നിന്നായിരുന്നു അത്. ഒക്ടോബര്‍ 11 വൈകിട്ടത്തെ ആ ഫോണ്‍വിളിക്കു ശേഷമാണ് ഇരുവരെയും കാണാതാകുന്നത്- മോഹന്‍ദാസ് ദേശീയമാധ്യമത്തോടു പറഞ്ഞു. എന്നാല്‍ അഭിജിത്തിന്റെ ബന്ധുക്കള്‍ കേസന്വേഷണത്തില്‍ മുഴുവന്‍ പിന്തുണയും ഉറപ്പു നല്‍കിയിട്ടുണ്ടെന്നു സേതുമോന്‍ പറയുന്നു. ബെംഗളൂരുവിലെത്തി കേസ് നടത്താന്‍ ബുദ്ധിമുട്ടുള്ളതു കൊണ്ടാണ് അവര്‍ കേസില്‍നിന്നു പിന്മാറിയതെന്നും ശ്രീലക്ഷ്മിയുടെ പിതൃസഹോദരന്‍ സേതു പറഞ്ഞു.
പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതിനു ശേഷം വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു. മരണം സംഭവിച്ച സമയവും മരണകാരണവും വ്യക്തമായതിനു ശേഷം മാത്രമേ കൂടുതല്‍ അന്വേഷണമുണ്ടാവുകയുള്ളൂ. കേസന്വേഷണത്തിന്റെ ഭാഗമായി കേരളത്തിലേക്കു പോകാനിരിക്കുകയാണ് പൊലീസ് സംഘമെന്നും സൂചനയുണ്ട്. ഇതുവരെ ബന്ധുക്കളെയാരെയും ചോദ്യം ചെയ്തിട്ടില്ലെന്നും പൊലീസ് അറിയിച്ചു.
Leave a Reply