കോട്ടയം പുതുപ്പള്ളിയില്‍ ഉറക്കത്തില്‍ വെട്ടേറ്റു മരിച്ച മാത്യു എബ്രഹാം എന്ന സിജി(49)യുടെ ജീവിതം ആരുടെയും കരളലിയിക്കുന്നത്. സന്നദ്ധ സേവന പ്രവര്‍ത്തനങ്ങളില്‍ ചെറുപ്പം മുതല്‍ സജീവമായിരുന്നു സിജി. അങ്ങനെ സന്നദ്ധ സേവനത്തിനിടയില്‍ അനാഥാലയത്തില്‍ കണ്ടെത്തിയ റോസന്നയെയാണ് സിജി ജീവിത സഖിയാക്കിയത്.

എന്നാല്‍, അവളെ താലി ചാര്‍ത്തിയ നിമിഷം മുതല്‍ സങ്കടങ്ങളും പ്രശ്‌നങ്ങളുമായിരുന്നു സിജിയെ വിടാതെ പിന്തുടര്‍ന്നിരുന്നത്. ഒടുവില്‍ കരുണയോടെ ആരുടെ കരം പിടിച്ചോ അവൾ തന്നെ അവന്‍റെ ജീവനും കവര്‍ന്നെടുത്തു.

ഇന്നലെ അര്‍ധരാത്രിക്കു ശേഷമാണ് പുതുപ്പള്ളി പയ്യപ്പാടി പെരുങ്കാവ് പടനിലം സിജി കൊല്ലപ്പെട്ടത്. ഉറങ്ങിക്കിടക്കവേ അമ്മ അച്ഛന്‍റെ തലയ്ക്കു വെട്ടുന്നതു കണ്ടതായി ആറു വയസുകാരനായ മകന്‍ പോലീസിനു മൊഴി നല്‍കിയിട്ടുണ്ട്.

കൊലപാതകത്തിനു ശേഷം പുലര്‍ച്ചെ അഞ്ചു വരെ വീട്ടില്‍ തങ്ങിയ റോസന്ന പിന്നീട് മകനെയുമായി വീടു വിട്ടു പോവുകയായിരുന്നു. വൈകുന്നേരത്തോടെ മണര്‍കാട് പള്ളിയുടെ ഗ്രൗണ്ടില്‍നിന്നുമാണ് റോസന്നയെയും മകനെയും പോലീസ് കസ്റ്റഡിയില്‍ എടുത്തത്.

മാനസിക പ്രശ്‌നങ്ങള്‍ക്കു ചികിത്സയിലായിരുന്നു റോസന്ന. ഇവരെ അടുത്ത ദിവസം തിരുവനന്തപുരം മാനസികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സയ്ക്കു കൊണ്ടുപോകാനിരിക്കെയാണ് കൊലപാതകം അരങ്ങേറിയത്.

ഒന്‍പതു വര്‍ഷം മുമ്പായിരുന്നു സിജി റോസന്നയെ ജീവിത സഖിയാക്കിയത്. എട്ടാം വയസില്‍ തമിഴ്‌നാട്ടിലെ ഉള്‍ഗ്രാമത്തില്‍നിന്നു കോട്ടയത്ത് എത്തിയ റോസന്ന ആര്‍പ്പൂക്കര സാന്ത്വനം അനാഥാലയത്തിലായിരുന്നു കഴിഞ്ഞിരുന്നത്.

28ാം വയസുവരെ പല വീടുകളിലും ജോലി ചെയ്തിരുന്നു. 32-ാം വയസിലാണ് സിജിയുമായുള്ള വിവാഹം നടന്നത്. സാമൂഹ്യപ്രവര്‍ത്തനങ്ങള്‍ സജീവമായിരുന്ന സിജി സാന്ത്വനം ഡയറക്ടര്‍ ആനി ബാബുവിനെ കണ്ടു റോസന്നയെ വിവാഹം കഴിക്കാനുള്ള സമ്മതം അറിയിക്കുകയായിരുന്നു. അടുത്ത ബന്ധുക്കളും ഏതാനും സുഹൃത്തുക്കളും മാത്രമാണ് ഈ വിവാഹത്തില്‍ പങ്കെടുത്തിരുന്നതും.

വിവാഹ ശേഷം പയ്യപ്പാടിയിലെ വീട്ടില്‍ താമസം തുടങ്ങി. എന്നാല്‍, അതോടെ പ്രശ്‌നങ്ങളും ആരംഭിക്കുകയായിരുന്നു. റോസന്ന മാനസികമായ ചില അസ്വസ്ഥതതകള്‍ പ്രകടിപ്പിച്ചിരുന്നു. അതോടൊപ്പം രൂക്ഷമായ സംശയരോഗവും ഇവരെ അലട്ടിയിരുന്നു.

ഇക്കാര്യം സിജി ബന്ധുക്കളോടും പറഞ്ഞിരുന്നു. സിജിയുടെ ബന്ധുക്കളായ സ്ത്രീകളോ അയല്‍ക്കാരോ വീടുകളിലേക്ക് എത്തുന്നതു റോസന്നയ്ക്ക് ഇഷ്ടമായിരുന്നില്ല. ഇതിനെച്ചൊല്ലി ഇരുവരും പലപ്പോഴും കലഹിച്ചിരുന്നു. ഇടയ്ക്കു പ്രശ്‌നങ്ങള്‍ രൂക്ഷമായപ്പോള്‍ പിങ്ക പോലീസ് എത്തിയതാണ് പ്രശ്‌നം പരിഹരിച്ചിരുന്നത്.

ഇടക്കാലത്ത് മാനസിക അസ്വസ്ഥതകള്‍ കൂടിയതോടെ റോസന്നയെ കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരുന്നെങ്കിലും കോവിഡ് ബാധിച്ചതോടെ അവിടെനിന്നു മടങ്ങുകയായിരുന്നു. അടുത്ത ദിവസം തിരുവനന്തപുരത്തു ചികിത്സയ്ക്കു കൊണ്ടുപോകാന്‍ തയാറെടുക്കുന്നതിനിടയിലാണ് അവള്‍ ഭര്‍ത്താവിന്‍റെ ജീവിതം തന്നെ കവര്‍ന്നെടുത്തത്.

നാട്ടിലെ ഏവര്‍ക്കും പ്രിയങ്കരനായിരുന്ന യുവാവ് നേരിട്ട ദുരന്തത്തില്‍ നടുങ്ങി നില്‍ക്കുകയാണ് ബന്ധുക്കളും പ്രിയപ്പെട്ടവരും. സിജി കഴിഞ്ഞ ദിവസം ജേഷ്ഠ സഹോദരി കൊച്ചുമോളെ വിളിച്ചു വീട്ടിലുണ്ടാക്കിയ ബിരിയാണിയുടെ പങ്ക് കൊടുത്തയച്ചിരുന്നു. പിറ്റേന്നു ചോരയില്‍ കുളിച്ച അനുജന്‍റെ ശരീരം കാണേണ്ട ദൗര്‍ഭാഗ്യവും ഇവര്‍ക്കുണ്ടായി.

രാവിലെ എട്ടരയായിട്ടും സിജിയെയും ഭാര്യയെയും മകനെയും വീടിനു പുറത്തേക്കു കാണാതിരുന്നതോടെയാണ് കൊച്ചുമോള്‍ തിരക്കി ചെന്നത്. വീടിന്‍റെ വാതില്‍ തുറന്നു കിടക്കുന്നതു കണ്ടതോടെ അകത്തേക്കു കയറിച്ചെന്നു ലൈറ്റ് ഓണ്‍ ചെയ്തു.

ഞെട്ടിക്കുന്ന കാഴ്ചയായിരുന്നു മുന്നില്‍, വെട്ടേറ്റ് രക്തത്തില്‍ കുളിച്ചുകിടക്കുന്ന സിജി. നിലവിളിച്ചുകൊണ്ടു ശരീരത്തില്‍ തൊട്ടുവിളിച്ചപ്പോള്‍ തണുത്തു മരവിച്ച അവസ്ഥയിലായിരുന്നു. കൊച്ചുമോളുടെ നിലവിളി കേട്ടാണ് നാട്ടുകാര്‍ ഓടിയെത്തിയത്.

മാനസിക അസ്വസ്ഥത കൂടുന്പോൾ വീടുവിട്ടുപോകുന്ന പതിവ് റോസന്നയ്ക്ക് ഉണ്ടായിരുന്നു. ഇന്നലെ പുലർച്ചെ 5.30ന് മകനെയും കൂട്ടി യുവതി വീടിനു പുറത്തേക്കു പോകുന്നതു ചിലർ കണ്ടിരുന്നു. ഇവരെ കാണാതായതോടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ കോട്ടയം റെയിൽവേ സ്റ്റേഷനിലാണ് അവസാനമായി സിഗ്നൽ കാണിച്ചിരുന്നത്.

ഇവർ തമിഴ്നാട്ടിലേക്കു കടന്നിട്ടുണ്ടാകുമോയെന്ന സംശയം പോലീസിന് ഉണ്ടായിരുന്നു. എന്നാൽ, വൈകുന്നേരത്തോടെ മണർകാട് പള്ളി ഗ്രൗണ്ടിൽ സംശയാസ്പദമായ രീതിയിൽ അമ്മയെയും മകനെയും കണ്ടതോടെ പള്ളി അധികാരികൾ പോലീസിനെ അറിയിക്കുകയായിരുന്നു.

പോലീസ് എത്തിയപ്പോൾ ഇവർ ജീപ്പിൽ കയറാൻ തയാറായില്ല. തുടർന്ന് ആംബുലൻസ് വരുത്തിയാണ് ഇവരെ കൊണ്ടുപോയത്. പോലീസിന്‍റെ ചോദ്യങ്ങളോടു പ്രതികരിക്കാനും ഇവർ തയാറായിട്ടില്ല.