മലയാളം യുകെ ന്യൂസ് ടീം.
സ്വകാര്യ ആശുപത്രിയിലെ നഴ്സിന് ലഭിക്കുന്നത് കേരള സർക്കാർ നല്കുന്നതിൻറെ ആറിലൊന്നു ശമ്പളം മാത്രം. കോട്ടയം എസ്.എച്ച് ഹോസ്പിറ്റലിൽ 6500 രൂപയാണ് തുടക്കക്കാർക്ക് ലഭിക്കുന്ന ശമ്പളം. പാലായിലെ കാർമ്മൽ ഹോസ്‌പിറ്റൽ, മരിയൻ മെഡിക്കൽ സെൻറർ, ഭരണങ്ങാനം മേരിഗിരി, കോട്ടയം കാരിത്താസ്, ഭാരത്, മാതാ എന്നിവിടങ്ങളിലും സ്ഥിതി വ്യത്യസ്തമല്ല. ഇടുക്കി കട്ടപ്പന സെൻറ് ജോൺസിലും ഇതേ ശമ്പളം തന്നെ. തൊടുപുഴയിലും നെടുങ്കണ്ടത്തുമുള്ള ഹോസ്പിറ്റലുകളും നല്കുന്നത് തുച്ഛമായ ശമ്പളം മാത്രം. അതായത് ഒരു ദിവസം ജോലി ചെയ്താൽ 250 രൂപ പോലും നഴ്സിന് ലഭിക്കുന്നില്ല. സർക്കാർ സർവീസിൽ ജോലി ചെയ്യുന്ന നഴ്സിന് 27,000 രൂപ അടിസ്ഥാന ശമ്പളം ഉണ്ട്. അലവൻസുകൾ ഉൾപ്പെടെ 33,000 രൂപയോളം ലഭിക്കും ഇവർക്ക്. അതേ അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത ഉള്ള നഴ്സുമാർക്കാണ് അടിമകളെപ്പോലെ പണിയെടുത്തിട്ടും തുച്ഛമായ ശമ്പളം സ്വകാര്യ മേഖലയിൽ ലഭിക്കുന്നത്. കരുണയുടെ മാലാഖാമാർക്ക് സ്വകാര്യ ആശുപത്രി മാനേജ്മെന്റുകൾ നല്കുന്ന ശമ്പളം സാക്ഷരകേരളത്തിനു നാണക്കേട് വിളിച്ചുവരുത്തുന്നു. യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ നേതൃത്വം നല്കുന്ന കേരളത്തിലെ സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന നഴ്സുമാരുടെ ശമ്പള വർദ്ധന ആവശ്യപ്പെട്ടുള്ള സമരം അനുദിനം ശക്തി പ്രാപിക്കുകയാണ്.
കോട്ടയം, ഇടുക്കി ജില്ലകളിൽ നഴ്സുമാരുടെ അസോസിയേഷൻറെ പ്രവർത്തനം ആരംഭ ദിശയിലാണ്. ഇവിടുത്തെ ഹോസ്പിറ്റലുകളിൽ നഴ്സുമാർ യൂണിയൻ ആരംഭിക്കാതിരിക്കാൻ മാനേജ്മെൻറുകൾ മുൻകരുതലുകൾ എടുത്തിട്ടുണ്ട്. മെയിൽ നഴ്സുമാരെ ജോലിക്ക് എടുക്കാതിരിക്കുക എന്നതാണ് പ്രധാന തന്ത്രം. ജോലി സ്ഥലത്തെ മാനസിക പീഡനം വഴിയും ഈ നീക്കങ്ങൾ മുളയിലെ നുള്ളുന്നതാണ് മാനേജ്മെൻറ് ശൈലി. തുടങ്ങിക്കഴിഞ്ഞാലോ പിന്നെ പ്രതികാര നടപടികളായി. നഴ്സുമാരെ സ്ഥലം മാറ്റിയും തമ്മിലടിപ്പിച്ചും യൂണിയനുകളെ ഇല്ലാതാക്കാനുള്ള ആസൂത്രിത ശ്രമങ്ങളും മാനേജ്മെന്റിൻറെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നതായി റിപ്പോർട്ടുകൾ പുറത്തു വന്നിട്ടുണ്ട്. യുണെറ്റഡ് നഴ്സസ് അസോസിയേഷൻ യൂണിറ്റുകൾ ആരംഭിച്ച മിക്ക ഹോസ്പിറ്റലുകളിലും UNA യുടെ ഭാരവാഹികൾക്ക് നേരെ പ്രതികാര നടപടികൾ ഉണ്ടായി. മാനേജ്മെന്റുകളുടെ വെല്ലുവിളിയെ അതിജീവിച്ച് സ്വകാര്യ മേഖലയിലെ നഴ്സുമാരെ ഒരു കുടക്കീഴിൽ അണിനിരത്താൽ യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ പ്രതിജ്ഞാബദ്ധമാണെന്ന് UNA യുടെ കോട്ടയം ജില്ലാ പ്രസിഡന്റ് സെബിൻ സി. മാത്യുവും ഇടുക്കി ജില്ലാ പ്രസിഡന്റ് ശ്രീകുമാർ എം. ഡിയും മലയാളം യുകെ ന്യൂസിനോട് പറഞ്ഞു.
രണ്ടു വർഷം വരെ പരിചയമുളള നഴ്സ് പുതിയ ജോലിക്ക് ചേരുമ്പോഴും ട്രെയിനികളായിട്ടാണ് ഇവരെ പരിഗണിക്കുക. ഒരു വർഷത്തെ ട്രെയിനിംഗ് പീരിയഡ് കഴിഞ്ഞാൽ 8700 രൂപയോളം ലഭിക്കും. വർഷം തോറുമുള്ള ശമ്പള വർദ്ധന ലഭിക്കുന്നവർ ചുരുക്കം. കൂട്ടിയാൽ തന്നെ മാസം 100 രൂപ കിട്ടിയാലായി. അസുഖം വന്ന് ജോലിക്കു വരാതിരുന്നാൽ ആ ദിവസങ്ങളിൽ ശമ്പളമേയില്ല. ഒരു വർഷം ലഭിക്കുന്നത് 12 കാഷ്യൽ ലീവാണ്. അത് ഒന്നിച്ച് എടുക്കാമെന്നത് വ്യാമോഹം മാത്രം. ഓരോ മാസവും ഓരോ ലീവ് എടുക്കാനേ പാടുള്ളൂ എന്നത് പല സ്വകാര്യ ആശുപത്രികളിലും അലിഖിത നിയമമാണ്. കേരളത്തിലെ മറ്റു ജില്ലകളിലെ സ്ഥിതിയും വ്യത്യസ്തമല്ല.
മറ്റേണിറ്റി ലീവ് ഗവൺമെൻറ് നഴ്സിന് ആറുമാസമുള്ളപ്പോൾ സ്വകാര്യ മേഖലയിൽ 60 ദിവസം മാത്രം. പലർക്കും 45 ദിവസത്തിനുള്ളിൽ ജോലിക്കു കയറേണ്ടി വരുന്നു. നൈറ്റ് ഡ്യൂട്ടി ചെയ്യുന്നവർക്കും ഷിഫ്റ്റിൽ ജോലി ചെയ്യുന്നവർക്കും അലവൻസുകൾ ഒന്നും തന്നെയില്ല. മിക്കവാറും ഹോസ്പിറ്റലുകൾക്ക് നഴ്സിംഗ് സ്കൂളുമുണ്ട്. ഇവിടെയും സ്റ്റുഡൻറ് നഴ്സുമാർക്ക് ദുരിതം സമ്മാനിക്കുന്ന മാനേജ്മെൻറുകൾ നിരവധിയാണ്. അസുഖം വന്ന സ്റ്റുഡൻറ് നഴ്സിനെ ഹോസ്റ്റലിൽ നിന്ന് പുറത്താക്കി ഹോസ്പിറ്റലിൻറെ വരാന്തയിലെ ബെഡിൽ രക്ഷാകർത്താവ് എത്തി ചികിത്സാ ച്ചിലവ് അടയ്ക്കുന്നതു വരെ തിരിഞ്ഞു നോക്കാത്ത സംഭവവും കോട്ടയത്തെ ഒരു സ്വകാര്യ ആശുപത്രിയിൽ ഉണ്ടായി.
നഴ്സുമാരുടെ ശമ്പള വർദ്ധന പാവപ്പെട്ട രോഗികളുടെ ചികിത്സാഭാരം കൂട്ടുമെന്ന മുട്ടുന്യായമാണ് മാനേജ്മെൻറുകൾ പലതും മുന്നോട്ടു വയ്ക്കുന്നത്.സ്വകാര്യ മേഖലയിലുള്ള മിക്ക ആശുപത്രികൾക്കും വിദേശധന സഹായം ലഭിക്കുന്നുണ്ട്. ബഹുനിലക്കെട്ടിടങ്ങൾ പടുത്തുയർത്തി ബിസിനസ് ദിനംപ്രതി മെച്ചപ്പെടുത്തുന്നതിൽ ശ്രദ്ധാലുക്കളായ മാനേജ്മെൻറുകൾ നഴ്സുമാർക്ക് അർഹമായ ശമ്പളം നല്കണമെന്ന പൊതുജന വികാരം ഉയർന്നു കഴിഞ്ഞു. നഴ്സുമാർക്ക് ഒപ്പം അവരുടെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും പൊതുജനങ്ങളും സമര രംഗത്തേയ്ക്ക് എത്തിക്കഴിഞ്ഞു. UNA സംസ്ഥാന പ്രസിഡന്റ് ജാസ്മിൻ ഷായുടെ നേതൃത്വത്തിൽ പൊതു ജന പിന്തുണയോടെ സമരം ശക്തമായി മുന്നോട്ട് പോവുകയാണ്. സുപ്രീം കോടതി വിധി മാനിച്ചുകൊണ്ട് നഴ്സുമാരുടെ അടിസ്ഥാന ശമ്പളം ഏകീകരിക്കണമെന്നാണ് UNA ആവശ്യപ്പെടുന്നത്.
ഒരു കുടുംബത്തിന്റെ അടിസ്ഥാന ചിലവുകൾക്ക് ഉള്ള വരുമാനം നഴ്സിംഗ് ജോലിയിൽ നിന്ന് ലഭിക്കില്ലാ എന്ന ദയനീയ അവസ്ഥയാണ് ഇന്നു നിലവിലുള്ളത്. കഷ്ടപ്പെട്ട് സ്വരുക്കൂട്ടിയ പണം നല്കി അന്യ സംസ്ഥാനങ്ങളിൽ അഡ്മിഷൻ വാങ്ങി മക്കളെ പ്രതീക്ഷയോടെ പഠിക്കാൻ വിട്ട മാതാപിതാക്കൾ ഇന്ന് അങ്കലാപ്പിലാണ്. കേരളത്തിൽ സാമാന്യ ശമ്പളം പോലും ലഭിക്കാത്ത സാഹചര്യത്തിലാണ് നഴ്സുമാർ ജീവൻ പണയം വച്ചും പല വിദേശ രാജ്യങ്ങളിലെ സുരക്ഷിതമല്ലാത്ത സ്ഥലങ്ങളിൽ ജോലി തേടി പ്പോകുന്നത്. നഴ്സിംഗ് പഠനത്തിനായി വിദ്യാദ്യാസ ലോൺ എടുത്തിട്ട് തിരിച്ചടയ്ക്കാനാവാതെ ബുദ്ധിമുട്ടുന്നവർ നിരവധിയാണ്. തൃപ്തികരമായ ശമ്പളം ലഭിക്കാത്തതിനാൽ പലരും നഴ്സിംഗ് മേഖല ഉപേക്ഷിച്ചു പോകുകയാണ്.
Related news… കരുണയുടെ മാലാഖാമാരുടെ സമരം ലോക ശ്രദ്ധ നേടുന്നു.. കേരളത്തിലെ നഴ്സുമാരെ പിഴിയുന്ന മാനേജ്മെൻറുകൾക്ക് മുന്നറിയിപ്പുമായി ജനകീയ കൂട്ടായ്മകൾ.. സമരത്തെ തകർക്കാൻ സംഘടിത ശ്രമം തുടരുന്നു.. കൂടുതൽ കരുത്തോടെ യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ മുന്നോട്ട്..
Read more.. നഴ്സുമാര്‍ക്ക് പിന്തുണയുമായി വന്ന ഫുജൈറയിലുള്ള ജോയി അച്ചന്റെ ഫേസ്ബുക്ക് പോസ്റ്റിന് ജനപിന്തുണയേറുന്നു
Leave a Reply