ഷാജി തോമസ്

മലയാള നാടിന്റെ സാംസ്കാരിക പൈതൃകം വിളിച്ചോതുന്ന നിരവധി കലാ സാംസ്കാരിക പരിപാടികളോടെ ബ്രിട്ടനിലെ സ്കൻതോർപ്പ് മലയാളി അസോസിയേഷന്റെ നേതൃത്വത്തിൽ മലയാളം മിഷൻ യുകെ ചാപ്റ്ററിന്റെ ഭാഗമായി പ്രവർത്തിക്കുന്ന മലയാളം പള്ളിക്കൂടത്തിന്റെ ആഭിമുഖ്യത്തിൽ നടത്തിയ കേരളപ്പിറവി ആഘോഷം ഏവർക്കും മാതൃകാപരവും വർണ്ണാഭവുമായി.

സ്കാൻതോർപ്പിലെ സ്കോട്ടർ വില്ലേജ് ഹാളിലായിരുന്നു ആഘോഷ പരിപാടികൾ സംഘടിപ്പിച്ചത്. കുട്ടികൾ ചേർന്നാലപിച്ച ഈശ്വര പ്രാർത്ഥനഗാനത്തിന് ശേഷം എസ് എം എ പ്രസിഡന്റ് സെബാസ്റ്റ്യൻ ദേവസ്യയുടെ അധ്യക്ഷതയിൽ ചേർന്ന സാംസ്കാരിക സമ്മേളനത്തോടെയാണ് ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചത് . മുഖ്യാതിഥിയായി പങ്കെടുത്ത മലയാളം മിഷൻ യുകെ ചാപ്റ്റർ പ്രസിഡന്റും ലോകകേരളസഭ അംഗവുമായ സി എ ജോസഫ് കേരളപ്പിറവി ആഘോഷപരിപാടികളുടെ ഔപചാരികമായ ഉദ്ഘാടനം നിർവഹിച്ചു. പ്രശസ്ത കവിയും മലയാളം മിഷൻ ഡയറക്ടറുമായ മുരുകൻ കാട്ടാക്കട വീഡിയോയിലൂടെ നൽകിയ ആശംസ കേരളപ്പിറവി ആഘോഷങ്ങൾക്ക് മാറ്റു പകർന്നു. ആശംസയോടൊപ്പം അദ്ദേഹം ആലപിച്ച കവിത ശ്രോതാക്കൾക്ക് നവ്യാനുഭവമാണ് നൽകിയത്. പ്രധാന അധ്യാപിക അമ്പിളി സെബാസ്റ്റ്യൻ മാത്യുസ്‌ സ്വാഗതവും എസ് എം എ സെക്രട്ടറി ഷിബു ഈപ്പൻ നന്ദിയും പറഞ്ഞു.

മലയാളഭാഷയുടെ പിതാവായി അറിയപ്പെടുന്ന തുഞ്ചത്ത് എഴുത്തച്ഛന്റെ ‘അദ്ധ്യാത്മരാമായണം കിളിപ്പാട്ടും’ ചങ്ങമ്പുഴയുടെ ‘കാവ്യനർത്തകി’യും ചെറുശ്ശേരിയുടെ ‘കൃഷ്ണഗാഥ’യും ഇടശ്ശേരിയുടെ ‘പൂതപ്പാട്ടും’ വൈക്കം മുഹമ്മദ് ബഷീറിന്റെ ‘പാത്തുമ്മയുടെ ആടും’ മലയാള സിനിമയുടെ പിതാവ് എന്നറിയപ്പെടുന്ന ജെ സി ഡാനിയൽ നിർമ്മിച്ച് സംവിധാനം ചെയ്ത മലയാളത്തിലെ ആദ്യ നിശബ്ദ ചലച്ചിത്രമായ വിഗതകുമാരൻ എന്ന സിനിമയിലെ കഥാപാത്രങ്ങളും തകഴിയുടെ ചെമ്മീനിലെ പരീക്കുട്ടിയെയും കറുത്തമ്മയെയുമെല്ലാം എസ് എം എ മലയാളം പള്ളിക്കൂടത്തിലെ കുട്ടികളും മുതിർന്നവരും ചേർന്ന് മികവാർന്ന രംഗസജ്ജീകരണങ്ങളോടെ വേദിയിൽ അവതരിപ്പിച്ചപ്പോൾ അത്യാപൂർവമായ ദൃശ്യാനുഭവമായിരുന്നു കാണികൾക്ക് സമ്മാനിച്ചത്.

ലക്ഷണമൊത്ത ആദ്യ മലയാള നോവൽ എന്ന് വിശേഷിപ്പിക്കപ്പെട്ടിട്ടുള്ള ഒ ചന്തുമേനോന്റെ ‘ഇന്ദുലേഖ’യുടെ നാടകാവിഷ്കരണം ആരെയും അതിശയിപ്പിക്കുന്നതായിരുന്നു. അഭിനേതാക്കളെല്ലാവരും കാണികളുടെ മുക്തകണ്ഠമായ പ്രശംസ ഏറ്റുവാങ്ങി.

സാമൂഹ്യ പ്രസക്തമായ വിഷയങ്ങളെ ആക്ഷേപഹാസ്യത്തിലൂടെ അവതരിപ്പിച്ച ഓട്ടൻതുള്ളലും ഇമ്പമാർന്ന നാടൻപാട്ടും കുട്ടികൾ ചേർന്നവതരിപ്പിച്ച ‘കിട്ടാത്ത മുന്തിരി പുളിക്കും’ എന്ന് കഥയുമെല്ലാം ഏറെ കരഘോഷങ്ങളോടെയാണ് കാണികൾ ഏറ്റുവാങ്ങിയത്. കേരളത്തിന്റെ സാംസ്കാരിക തനിമയുടെ പ്രതീകങ്ങളായ കലാരൂപങ്ങളുടെയും നിശ്ചലദൃശ്യങ്ങളുടെയും അകമ്പടിയോടെ കുട്ടികളും മുതിർന്നവരും അണിനിരന്ന് ഉത്സവപ്രതീതി ഉണർത്തി നടത്തിയ സാംസ്കാരിക ഘോഷയാത്രയും അവിസ്മരണീയമായിരുന്നു.

മലയാളം സ്കൂളിന്റെ പ്രധാന അധ്യാപികയും എസ് എം എ വൈസ് പ്രസിഡന്റും യുക്മ യോർക്ക്ഷെയർ ആൻഡ് ഹംബർ റീജിയണൽ സെക്രട്ടറിയുമായ അമ്പിളി സെബാസ്റ്റ്യനെ ചടങ്ങിൽ ആദരിച്ചു.
മലയാളം പള്ളിക്കൂടത്തിന്റെ നേതൃത്വത്തിൽ പ്രസിദ്ധീകരിക്കുന്ന കയ്യെഴുത്തുമാസികയായ ‘നുറുങ്ങു മുത്തുകളുടെ’ പ്രകാശനവും മലയാള പുസ്തകങ്ങളുടെ ലൈബ്രറി ഉദ്ഘാടനവും ചടങ്ങുകളോടനുബന്ധിച്ചു നടന്നു. യുക്മ കലാമേളയിൽ സമ്മാനാർഹരായ പ്രതിഭകൾക്കുള്ള എസ് എം എയുടെ പ്രത്യേകമായ സമ്മാനങ്ങളും നൽകി. മലയാളം പള്ളിക്കൂടത്തിലെ ഇക്കഴിഞ്ഞ അധ്യയനവർഷത്തിലെ മികച്ച സ്റ്റുഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ട റോഷ്ന ജോണിനും ഭാഷാപഠനത്തിന് അതീവ താൽപര്യം പ്രകടിപ്പിച്ച കുട്ടിക്കുള്ള പ്രോത്സാഹന സമ്മാനം ജാക്സ് സിബിക്കും നൽകി. കുട്ടികളെ മലയാളം പഠിപ്പിക്കുവാൻ കൂടുതൽ പ്രചോദനം നൽകുന്ന രക്ഷിതാക്കൾക്കുള്ള സമ്മാനത്തിന് മിസ്റ്റർ ആൻഡ് മിസ്സസ് ജോൺ തോമസും അർഹരായി.

പ്രധാനാദ്ധ്യാപിക അമ്പിളി സെബാസ്റ്റ്യൻ ചൊല്ലിക്കൊടുത്ത മലയാളം മിഷൻ പ്രസിദ്ധീകരിച്ച ഭാഷാപ്രതിജ്ഞയും ചടങ്ങിൽ പങ്കെടുത്ത എല്ലാവരും ഏറ്റുചൊല്ലി ഭാഷാ പ്രതിജ്ഞയുമെടുത്തു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

മലയാളത്തനിമ നിറഞ്ഞ പരിപാടികൾ കൊണ്ട് സമ്പന്നമായ കേരളപ്പിറവി ആഘോഷം പ്രൗഡോജ്വലമായി സംഘടിപ്പിക്കുന്നതിനായി മലയാളം പള്ളിക്കൂടത്തിന്റെ രക്ഷാധികാരികളായ ഡോ ജോർജ്ജ് തോമസ്, ജിമ്മിച്ചൻ ജോർജ്ജ്, പ്രധാനാധ്യാപിക അമ്പിളി സെബാസ്റ്റ്യൻ,എസ് എം എ സെക്രട്ടറി ഷിബു ഈപ്പൻ, നിർവ്വാഹക സമിതി അംഗം ജോൺ തോമസ്, ബിജു ചാക്കോ, ഷാജി തോമസ് തുടങ്ങി നിരവധി ആളുകൾ നേതൃത്വം നൽകി.