പഞ്ചാബിൽ ജലന്ധർ രൂപതയിലെ സഹോദയ സൊ സൈറ്റിയുടെ കോടികൾ തട്ടിയെടുത്ത സംഭവത്തിൽ ഒളിവിൽപോയ പഞ്ചാബ് പോലീസിലെ രണ്ട് അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർമാർ പിടിയിൽ. കൊച്ചിയിലെ ഒരു ഹോട്ടലിൽ വ്യാജരേഖ സമർപ്പിച്ച് ഒളിവിൽ കഴിയവേ കൊച്ചി സിറ്റി പോലീസിന്റെ പിടിയിലാകുകയായിരുന്നു. പട്യാല സ്വദേശികളായ ജോഗീന്ദർ സിംഗ്, രാജ്പ്രീത് സിംഗ് എന്നിവരാണു പിടിയിലായത്. വ്യാജ രേഖകളും വ്യാജ വിലാസവും നൽകി രണ്ടു പേർ കൊച്ചിയിലെ ഒരു ഹോട്ടലിൽ താമസിക്കുന്നതായി ലഭിച്ച രഹസ്യവിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇരുവരും കുടുങ്ങിയത്. ചോദ്യംചെയ്യലിൽ ഇരുവരും പഞ്ചാബിൽ സസ്പെൻഷനിലായി ഒളിവിൽപ്പോയ ഉദ്യോഗസ്ഥരാണെന്നു തിരിച്ചറിയുകയായിരുന്നു. ഇവരെ അറസ്റ്റ് ചെയ്ത വിവരം പഞ്ചാബ് പോലീസിനെ അറിയിച്ചെന്നു സിറ്റി പോലീസ് കമ്മീഷണർ എസ്. സുരേന്ദ്രൻ അറിയിച്ചു.
കൊച്ചിയിൽ തങ്ങുന്നതിന് ഇവർക്ക് സഹായം ലഭിച്ചിരുന്നോ എന്നതടക്കമുള്ള കാര്യങ്ങളും പ്രതികളുടെ ഫോണ് കോളുകളും പരിശോധിച്ചു വരികയാണ്. കഴിഞ്ഞ മാർച്ച് 29നു ജലന്ധർ രൂപത വൈദികൻ ഫാ. ആന്റണി മാടശേരി സഹോദയ സൊ സൈറ്റിയുടെ അക്കൗണ്ടിൽ അടയ്ക്കുന്നതിനായി ബാങ്ക് ഉദ്യോഗസ്ഥർക്കൊപ്പം പണം എണ്ണി തിട്ടപ്പെടുത്തുന്നതിനിടെയാണു പോലീസെത്തി പണം പിടിച്ചെടുത്തത്. പോലീസ് പിടിച്ചെടുത്ത 16.65 കോടി രൂപയിൽ 6.66 കോടി രൂപ കാണാതായെന്നായിരുന്നു പരാതി. വിവിധ സ്കൂളുകൾക്കുള്ള സഹോദയ ബുക്ക് സൊസൈറ്റിയുടെ അക്കൗണ്ടിൽ അടയ്ക്കുന്നതിനുള്ളതായിരുന്നു തുക.
കണക്കിൽപ്പെടാത്ത 9.66 കോടി രൂപയുമായി ഫാ. ആന്റണിയെയും മറ്റ് അഞ്ചു പേരെയും പിടികൂടിയെന്നായിരുന്നു ആദ്യം പോലീസ് പറഞ്ഞത്. എന്നാൽ തന്റെ വസതിയിൽനിന്നു പോലീസ് 16.65 കോടി രൂപ എടുത്തുകൊണ്ടുപോയെന്നു ഫാ. ആന്റണി വ്യക്തമാക്കി. ഇതേക്കുറിച്ച് അന്വേഷണം നടത്താൻ പഞ്ചാബ് ഡിജിപി പ്രത്യേക സംഘത്തെ രൂപീകരിച്ചിരുന്നു. അതേത്തുടർന്നാണ് എഎസ്ഐമാർ സസ്പെൻഡ് ചെയ്യപ്പെട്ടത്. പോലീസ് റെയ്ഡിൽ പണം പിടിച്ചെടുത്തത് ഫാ. ആന്റണിയുടെ താമസസ്ഥലത്തുനിന്നാണെന്നും പോലീസ് എത്തുന്പോൾ ആറു കോടിയോളം രൂപ എണ്ണിത്തിട്ടപ്പെടുത്തിയിരുന്നുവെന്നും സൗത്ത് ഇന്ത്യൻ ബാങ്ക് ബ്രാഞ്ച് മാനേജരും വ്യക്തമാക്കിയിരുന്നു. പിടിച്ചെടുത്ത തുകമുഴുവൻ രേഖപ്പെടുത്താതെ മുങ്ങിയ പോലീസുകാരാണ് ഇപ്പോൾ പിടിയിലായിട്ടുള്ളത്. ഇരുവരുടെയും പക്കൽ പണമുണ്ടോ എന്നതു സംബന്ധിച്ചും അന്വേഷണം നടക്കുന്നുണ്ട്.
Leave a Reply