ന്യൂസ് ഡെസ്ക് മലയാളം യുകെ
കൊച്ചി : യുകെയിലേയ്ക്ക് വ്യാജ വിസയില്‍ വിദ്യാര്‍ത്ഥികളെ കടത്തുന്ന മാഫിയ കേരളത്തിൽ പിടിമുറുക്കുന്നതായി റിപ്പോർട്ട്. കേരളത്തിലും അന്യ സംസ്ഥാനങ്ങളിലും മാത്രമല്ല യുകെയില്‍ വരെ പിടിമുറുക്കിയിരിക്കുകയാണ് അവർ. കഴിഞ്ഞ ദിവസം വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റുകളുമായി മൂന്നു യുവാക്കള്‍ കൊച്ചിയിൽ പിടിയിലായതോടെയാണ് കേരള പോലീസ് അന്വേഷണം ഊർജിതമാക്കിയത്. യുകെ ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളിലേക്ക് നടക്കുന്ന വിദ്യാർത്ഥിക്കടത്ത് വർദ്ധിച്ചുവരികയാണെന്ന് അന്വേഷണത്തിൽ നിന്നും വ്യക്തമായി. എറണാകുളത്തേയും കോട്ടയത്തെയും റിക്രൂട്ട് എജന്‍സികള്‍, ട്രാവല്‍ ഏജന്റുമാര്‍, ഐഇഎല്‍ടിഎസ് പഠന കേന്ദ്രങ്ങള്‍, ഇമ്മിഗ്രേഷന്‍ ഏജന്‍സികള്‍ തുടങ്ങി ഒട്ടേറെ പേരാണ് പോലീസിന്റെ സംശയനിഴലിൽ ഉള്ളത്.
ഇത്തരം കുറ്റകൃത്യങ്ങൾ ഏറി വരുന്നത് ബ്രിട്ടീഷ് സർക്കാർ നൽകി വരുന്ന സ്റ്റുഡന്റ് വിസ ആനുകൂല്യത്തെയാണ് യഥാർത്ഥത്തിൽ ബാധിക്കുന്നത്. എയര്‍പോര്‍ട്ട് എമിഗ്രേഷന്‍ വിഭാഗത്തിന്റെ ചോദ്യം ചെയ്യലിലാണ് യുവാക്കൾ കുടുങ്ങിയത്. അറസ്റ്റിലാ യ വിദ്യാര്‍ത്ഥികളില്‍ നിന്നുമാണ് ഇടനിലക്കാരനെ പറ്റിയുള്ള വിവരങ്ങൾ പോലീസ് അറിയുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പാലക്കാട് തൃത്താല കല്ലുങ്കല്‍ നഫ് സല്‍ എന്ന ഇടനിലക്കാരന്‍ അറസ്റ്റിലായി. ലണ്ടനില്‍ മുമ്പ് ഹോട്ടല്‍ ജീവനക്കാരനായിരുന്ന നഫ് സല്‍ യുകെയില്‍ വച്ചു പരിചയപ്പെട്ട ഹൈദരാബാദ് സ്വദേശി വഴിയാണ് സര്‍ട്ടിഫിക്കറ്റുകള്‍ നൽകിയിരുന്നത്.
മഹാരാഷ്ട്രയില്‍ നിന്നുമാണ് വ്യാജ പ്ലസ് ടു സര്‍ട്ടിഫിക്കറ്റുകള്‍ എത്തിക്കുന്നത്. 90000 രൂപയാണ് സർട്ടിഫിക്കറ്റ് വിലയായി വാങ്ങുന്നത്. ആദ്യം അറസ്റ്റിലായ മൂന്നു പേരെ കൂടാതെ മറ്റു നാലു വിദ്യാര്‍ഥികള്‍ കൂടി അറസ്റ്റിലായെന്നാണ് പോലീസ് നല്‍കുന്ന സൂചന. എറണാകുളം റൂറല്‍ എസ് പി കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപീകരിച്ചാണ് കേസ് അന്വേഷണം നടത്തുന്നത്. വ്യാജ സര്‍ട്ടിഫിക്കറ്റ് റാക്കറ്റിനുള്ളിൽ വൻ സംഘമാണുള്ളതെന്ന് പോലീസ് വ്യക്തമാക്കി. കേരളത്തിനൊപ്പം യുകെയിലും സംഘം പിടിമുറുക്കുന്നതായി പോലീസ് സംശയിക്കുന്നു.
Leave a Reply