അശ്ലീലതയുടെ അതിപ്രസരത്തിന് കടിഞ്ഞാൻ. ചൈൽഡ് പോൺ കൈമാറ്റത്തിന്റെ പേരിൽ നിരീക്ഷണത്തിലായിരുന്ന ടെലിഗ്രാം ഗ്രൂപ്പുകളിൽ ശുദ്ധീകരണം. കുട്ടികളുടെ നഗ്നദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങൾ പ്രചരിപ്പിച്ചതിനെത്തുടർന്നു പന്ത്രണ്ട് പേർ പൊലീസ് പിടിയിലായിരുന്നു. ഇതേത്തുടർന്നാണ് മലയാളികൾ നിയന്ത്രിച്ചിരുന്ന അശ്ലീല ഗ്രൂപ്പുകളിൽ ശുദ്ധീകരണം നടത്തിയത്. രണ്ടു ലക്ഷത്തോളം അംഗങ്ങളുള്ള നീലക്കുറിഞ്ഞി പോലുള്ള ഗ്രൂപ്പുകൾ പേരു മാറ്റി, ലൈംഗിക ദൃശ്യങ്ങളെല്ലാം നീക്കം ചെയ്തു. അഡ്മിൻമാർ തങ്ങളുടെ തടിരക്ഷിക്കാനുള്ള ശ്രമം തുടങ്ങി കഴിഞ്ഞു.
മലയാളികൾ അഡ്മിൻമാരായ പ്രമുഖ വാട്സാപ്, ടെലിഗ്രാം പോൺ ഗ്രൂപ്പുകളെല്ലാം പ്രവർത്തനം അവസാനിപ്പിച്ചു തുടങ്ങിയെന്നാണു റിപ്പോർട്ടുകൾ. സൈബർ ഡോം പോലെയുള്ള ഏജൻസികളുടെ ശക്തമായ നിരീക്ഷണത്തിൽനിന്നു രക്ഷപ്പെടാനായി തത്കാലം പേരുമാറ്റിയ ഗ്രൂപ്പുകളുമുണ്ട്. എന്നാൽ ഇതേ ഗ്രൂപ്പുകളിൽ ഇതൊന്നുമറിയാതെ അശ്ലീല ദൃശ്യങ്ങൾ പോസ്റ്റു ചെയ്യുന്നവരുമുണ്ട്. തേടിയെത്തുന്ന ദൃശ്യങ്ങൾ കാണാതെ വാലും തുമ്പുമില്ലാത്ത ചർച്ചകൾ കണ്ടു അന്തംവിട്ടു ഗ്രൂപ്പ് ഉപേക്ഷിച്ചവരും നിരവധി. രണ്ടു ലക്ഷം പേർ തിക്കിതിരക്കിയിരുന്ന ടെലഗ്രാം ഗ്രൂപ്പിൽ ഇപ്പോൾ അംഗങ്ങൾ അരലക്ഷത്തോളം കുറഞ്ഞുവെന്നാണ് റിപ്പോർട്ടുകൾ.
പ്രാദേശികമായി ലഭിക്കുന്ന എല്ലാ പോൺ വിഡിയോകളും ചിത്രങ്ങളും പോസ്റ്റ് ചെയ്തിരുന്ന ഗ്രൂപ്പുകളായിരുന്നു നീലക്കുറിഞ്ഞിയും അലമ്പന്‍സും അധോലോകവും പോലുള്ളവ. ചൈൽഡ് പോൺ വിഡിയോകൾ പ്രചരിപ്പിക്കരുതെന്നു ഈ ഗ്രൂപ്പ് അഡ്മിൻമാർ തന്നെ നിയമങ്ങളിൽ എഴുതിയിട്ടുണ്ടെങ്കിലും ഗ്രൂപ്പിലുള്ളവർക്ക് എന്തും പോസ്റ്റ് ചെയ്യാമെന്നതും അത് കണ്ടെത്തി നീക്കം ചെയ്യുന്നതിനു മുൻപ് തന്നെ പ്രചരിക്കുമെന്നതും ഇത്തരം ഗ്രൂപ്പുകളിലൂടെ ചൈൽഡ് പോൺ പ്രചരിക്കാനിടയാക്കിയിരുന്നു.
കൂടാതെ ചൈൽഡ് പോൺ പ്രചരിക്കുന്നവരുടെ രഹസ്യഗ്രൂപ്പുകളിലേക്കും ആളെക്കൂട്ടുന്നതും ഇത്തരം ഓപ്പൺ ഗ്രൂപ്പുകളിലൂടെയായിരുന്നു. കോഡ് വാക്കുകളുപയോഗിച്ചാണ് പലരും ഗ്രൂപ്പുകളിലേക്കു ആളെ ക്ഷണിച്ചിരുന്നത്. രണ്ടു വർഷം മുൻപാണ് പൂമ്പാറ്റ എന്ന പേരിലുള്ള ടെലിഗ്രാം ഗ്രൂപ്പിനു പിന്നിലുള്ളവരെ കേരളാ പൊലീസ് പിടികൂടിയത്. വീണ്ടും ഇതേപോലുള്ള ഗ്രൂപ്പുകളിലൂടെ സാമൂഹ വിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്നുവെന്ന സൂചനയെത്തുടർന്നാണ് ഓപ്പറേഷൻ പി ഹണ്ട് എന്ന പേരിൽ പരിശോധനയും തുടർന്ന് അറസ്റ്റുമുണ്ടായത്. അശ്ലീല വെബ്സൈറ്റുകളിൽ മാത്രം ഒതുങ്ങിനിന്നിരുന്ന പോൺ വിഡിയോകൾ ഇപ്പോൾ കൂടുതലായി പ്രചരിക്കുന്നത് വാട്സാപ്, ടെലിഗ്രാം ഗ്രൂപ്പുകളിലാണ്.
Leave a Reply